
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസ പാക്കേജിന്റെ ഭാഗമായി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അന്തിമഘട്ടത്തിൽ. നഷ്ടപരിഹാരത്തിനായി വിവിധ മേഖലകളായി തിരിച്ചാകും റിപ്പോർട്ട് സമർപ്പിക്കുക. പുനരധിവാസത്തിനായുള്ള ടൗൺഷിപ്പിനായുള്ള പ്രദേശവും വിദഗ്ധസമിതി തീരുമാനിക്കും.
വിവിധ വിഭാഗത്തിലുള്ളവരുമായി ചർച്ച ചെയ്താണ് വിദഗ്ധ സമിതി സമഗ്ര റിപ്പോർട്ട് തയ്യാറാക്കുന്നത്. ദുരന്തത്തിന്റെ വ്യാപ്തി, പുനരധിവാസം തുടങ്ങി വിവിധ മേഖലകളായി തിരിച്ചാകും റിപ്പോർട്ട്. ദുരന്തനിവാരണ നിയമപ്രകാരമാണ് ആളുകൾക്ക് നഷ്ടപരിഹാരം നൽകുന്നത്. പുനരധിവാസത്തിന് ടൗൺഷിപ്പ് ഒരുക്കുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിവിധ പ്രദേശങ്ങൾ ഇതിനായി പരിഗണിക്കുന്നുണ്ട്. പരിസ്ഥിതി പഠനം നടത്തിയ ശേഷം വിദഗ്ധസമിതിയാകും ഇതിൽ ഏത് പ്രദേശം തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുക. ദുരിത ബാധിതർക്ക് ഉപജീവനം ഉറപ്പാക്കാനുള്ള നടപടികളും റിപ്പോർട്ടിന്റെ ഭാഗമായി ഉണ്ടാകുമെന്നാണ് വിവരം.
വയനാട്ടില്‍ ലോകോത്തര പുനരധിവാസം നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവന. ഇതിനായി കേന്ദ്രസഹായം പ്രതീക്ഷിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ ആൾ നാശം ഉണ്ടാകാതിരുന്നത് കൃത്യമായി മുന്നറിയിപ്പ് പാലിച്ചത് കൊണ്ടാണെന്നും പ്രകൃതി ദുരന്തങ്ങൾ നേരിടാൻ കാലാവസ്ഥ പ്രവചന സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ദുരന്തത്തില്‍ 231 പേർ മരണപെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 178 മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തിരിച്ചറിയപ്പെടാത്ത 53 മൃതദേഹം ജില്ലാ ഭരണകൂടം സംസ്‌കരിച്ചു. 212 ശരീരാവശിഷ്ടങ്ങളാണ് വിവിധ ഇടങ്ങളില്‍ നിന്നായി കണ്ടെടുത്തത്. ഇനിയും 128 പേരെ കണ്ടെത്താനുണ്ടെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ പട്ടികയില്‍ കാണാതായവരുടെ എണ്ണം 119 ആണ്.
ദുരന്തത്തിൽ മേപ്പാടിയിൽ ആകെ 1,200 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. മേഖലയിലെ 1555 വീടുകള്‍ നശിച്ചു. 626 ഹെക്ടര്‍ കൃഷി നശിച്ചു. 124 കിലോമീറ്റര്‍ വൈദ്യുതി കേബിളുകള്‍ തകര്‍ന്നുവെന്നുമാണ് സർക്കാരിൻ്റെ കണക്ക്.