
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് താൽക്കാലിക പരാതി പരിഹാര സെൽ രൂപീകരിച്ചു. ധനവകുപ്പ് ജോയിന്റ് സെക്രട്ടറിയും ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയുമായ ശ്രീറാം വെങ്കിട്ടരാമനാണ് സെല്ലിന്റെ ചുമതല. നാല് അംഗങ്ങളാണ് പരാതി പരിഹാര സെല്ലിൽ ഉള്ളത്. ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാനാണ് താത്ക്കാലിക സമിതി രൂപീകരിച്ചത്. ഇതിനായി മൊബൈല്‍ നമ്പരും ഈ മെയില്‍ വിലാസവും പുറത്തിറക്കി. cmdrf.cell@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും +91-833009 1573 എന്ന മൊബൈല്‍ നമ്പരിലും പരാതികള്‍ അറിയിക്കാം.
അതേസമയം, കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ഇന്ന് ഒരാഴ്ച്ചയായി. ഇതുവരെ 366 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരുന്നൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ട്. കൂടുതൽ തെരച്ചിലിനായി 20 ഹോട്ട് സ്പോട്ടുകൾ സജ്ജീകരിച്ചിട്ടുണ്ട്.
തിരിച്ചറിയാത്ത മൃതദേഹങ്ങൾ സർവമത പ്രാർഥനയോടെ ഇന്ന് സംസ്‌കരിച്ചു. ദുരന്ത പശ്ചാത്തലത്തിൽ സർക്കാർ പ്രത്യേകം തയ്യാറാക്കിയ മാർഗ നിർദേശ പ്രകാരമായിരുന്നു സംസ്‌കാരം.