
കളിപ്പാട്ടത്തിനായി വഴക്കിട്ട മകളെ പിതാവ് കൊലപ്പെടുത്തി. മറ്റൊരു മകളെ ഇയാൾ അതിക്രൂരമായി മർദിക്കുകയും ചെയ്തു. ഛത്തീസ്ഗഡിലാണ് സംഭവം. സൽമാൻ അലി (35) യാണ് സ്വന്തം മകളെ മർദിച്ചു കൊന്നത്. സൽമാൻ അലിയുടെ ഇളയ മകളായ അലീഷ പർവീൺ(8) ആണ് കൊല്ലപ്പെട്ടത്. മൂത്ത മകൾ അലീന പർവീൺ (9) പരിക്കേറ്റ് ചികിത്സയിലാണ്.
കളിച്ചുകൊണ്ടിരിക്കെ കുട്ടികൾ കളിപ്പാട്ടത്തിനായി വഴക്കിട്ടതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. ഇയാള്‍ കുട്ടികളെ അടിക്കുകയും, തൊഴിക്കുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാർ പറയുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടികൂടിയപ്പോൾ കണ്ടത് ഇയാൾ ബെൽറ്റ് ഉപയോഗിച്ച് തല്ലുന്നതായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇളയകുട്ടി മരണപ്പെടുകയായിരുന്നു. മൂത്ത കുട്ടി ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല.
നാട്ടുകാരും ആശുപത്രി അധികൃതരും ചേർന്നാണ് വിവരം പോലീസിനെ അറിയിച്ചത്. ഉടൻ തന്നെ പോലീസ് ആശുപത്രിയിൽ എത്തി അലീഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. തുടർന്ന്, സൽമാനെ കസ്റ്റഡിയിൽ എടുത്ത് അന്വേഷണം ആരംഭിച്ചു.
ആക്രമണ സ്വഭാവം കാരണം സൽമാൻ്റെ ഭാര്യ വേർപിരിഞ്ഞ് താമസിക്കുകയാണ്. എന്നാൽ, രണ്ട് കുട്ടികളും സൽമാനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.