ഹിസ്ബുല്ലയുടെ ആയുധസംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ടെലിഗ്രാം ചാനലിലൂടെ ഇസ്രയേൽ സ്ഥിരീകരിച്ചു
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ തെക്കൻ ലെബനനിലേയ്ക്ക് വ്യോമാക്രമണം നടത്തി ഇസ്രയേൽ. ആക്രമണത്തിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളുമുൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ജനവാസമേഖല ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു. എന്നാൽ ഹിസ്ബുല്ലയുടെ ആയുധശാലയിലേക്കായിരുന്നു ആക്രമണം നടത്തിയതെന്ന വാദമാണ് ഇസ്രയേൽ ഉയർത്തുന്നത്. സംഭവത്തിൽ ഹിസ്ബുല്ല ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഇസ്രയേലി അതിർത്തിയിൽ നിന്നും ഏഴു കിലോമീറ്റർ അകലെയുള്ള നബാത്തിഹ് പ്രദേശത്തായിരുന്നു ആക്രമണം. ഹിസ്ബുല്ലയുടെ ആയുധസംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ടെലിഗ്രാം ചാനലിലൂടെ ഇസ്രയേൽ സ്ഥിരീകരിച്ചു. വ്യോമാക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കൊല്ലപ്പെട്ടവരിൽ സിറിയൻ പൗരനും കുടുംബവുമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആക്രമണത്തിൽ എത്ര പേർ മരണപ്പെട്ടെന്ന കൃത്യമായ സംഖ്യ പുറത്തുവന്നിട്ടില്ല. ഗാസയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് ഖത്തറിലെ സമാധാന ചർച്ചകൾ അവസാനിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ പ്രകോപനം.
അതേസമയം ഹമാസ്-ഹിസ്ബുള്ള നേതാക്കളുടെ വധത്തെ തുടർന്ന് തടസപ്പെട്ട വെടിനിർത്തല്‍ ചർച്ചകള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തെ അട്ടിമറിക്കാനാണ് ഇസ്രയേല്‍ ആക്രമണം തുടരുന്നതെന്നാണ് ഹമാസിന്‍റെ ആരോപണം. അമേരിക്കയും ഖത്തറും മധ്യസ്ഥം വഹിക്കുന്ന ചർച്ചയില്‍ നിന്ന് ഹമാസ് വിട്ടുനില്‍ക്കുകയാണ്. ദോഹയിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകൾ ഗൗരവമേറിയതും ക്രിയാത്മകവും നല്ല അന്തരീക്ഷത്തിലുമായിരുന്നു എന്ന് ഈജിപ്ത്, ഖത്തർ, യുഎസ് എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. അമേരിക്ക, ഖത്തർ, ഈജിപ്ത് രാജ്യതലവന്മാരുടെ നേതൃത്വത്തില്‍ ദോഹയില്‍ നടക്കുന്ന ചർച്ചകള്‍ ഇസ്രയേലിന് അനുകൂലമായ നിബന്ധനകള്‍ക്ക് രൂപം കൊടുക്കാനാണ് ശ്രമമെന്നും മുതിർന്ന ഹമാസ് നേതാവ് സമി അബു സുഹ്‌റി ആരോപിച്ചു. ഇതേ തുടർന്ന് വ്യാഴാഴ്ച നടന്ന ആദ്യഘട്ട ചർച്ചയില്‍ നിന്ന് ഹമാസ് വിഭാഗം നേതാക്കള്‍ വിട്ടുനിന്നിരുന്നു.
ALSO READ: ഇസ്രയേൽ ആക്രണമത്തിനിടെ ആശങ്കയായി പോളിയോ; ഗാസയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു
ഇസ്രയേൽ ചാര സംഘടന മൊസാദിന്റെ തലവൻ ഡേവിഡ് ബെർണിയ, ആഭ്യന്തര സുരക്ഷാ സേനാ തലവൻ റോണൻ ബാർ, ഉന്നത സൈനിക ഉദ്യോഗസ്ഥൻ നിറ്റ്‌സാൻ അലോണ്‍ എന്നിവരാണ് ഇസ്രായേലിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുന്നത്. ഗാസയില്‍ അടിയന്തര വെടിനിർത്തല്‍ , ഹമാസ് തടവിലുള്ള ഇസ്രയേലി ബന്ദികളുടെ മോചനം എന്നിവയാണ് മുഖ്യ അജണ്ടകള്‍. ഇറാനില്‍ നിന്ന് ഏത് നിമിഷവും ഇസ്രയേലിനെ ആക്രമിക്കാമെന്നിരിക്കെ യുദ്ധവ്യാപനം തടയുക എന്നതുകൂടി വെടിനിർത്തല്‍ ചർച്ചയുടെ ലക്ഷ്യമാണ്.