ദോഹയിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകൾ ഗൗരവമേറിയതും ക്രിയാത്മകവും നല്ല അന്തരീക്ഷത്തിലുമായിരുന്നു എന്ന് ഈജിപ്ത്, ഖത്തർ, യുഎസ് എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു
വെടിനിർത്തല്‍ കരാറിനായുള്ള രണ്ടാംഘട്ട ചർച്ചകള്‍ പുരോഗമിക്കവെ ഗാസ മുനമ്പില്‍ ആക്രമണം തുടർന്ന് ഇസ്രയേല്‍. 10 മാസത്തിനിടെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 40,000ലധികം പലസ്തിനീകളാണെന്നാണ് റിപ്പോർട്ട്. അമേരിക്കയും ഖത്തറും മധ്യസ്ഥം വഹിക്കുന്ന ചർച്ചയില്‍ നിന്ന് ഹമാസ് വിട്ടുനില്‍ക്കുകയാണ്. അതേസമയം, ദോഹയിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകൾ ഗൗരവമേറിയതും ക്രിയാത്മകവും നല്ല അന്തരീക്ഷത്തിലുമായിരുന്നു എന്ന് ഈജിപ്ത്, ഖത്തർ, യുഎസ് എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ഹമാസ്-ഹിസ്ബുള്ള നേതാക്കളുടെ വധത്തെ തുടർന്ന് തടസപ്പെട്ട വെടിനിർത്തല്‍ ചർച്ചകള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തെ അട്ടിമറിക്കാനാണ് ഇസ്രയേല്‍ ആക്രമണം തുടരുന്നതെന്നാണ് ഹമാസിന്‍റെ ആരോപണം. അമേരിക്ക, ഖത്തർ, ഈജിപ്ത് രാജ്യതലവന്മാരുടെ നേതൃത്വത്തില്‍ ദോഹയില്‍ നടക്കുന്ന ചർച്ചകള്‍ ഇസ്രയേലിന് അനുകൂലമായ നിബന്ധനകള്‍ക്ക് രൂപം കൊടുക്കാനാണ് ശ്രമമെന്നും മുതിർന്ന ഹമാസ് നേതാവ് സമി അബു സുഹ്‌റി ആരോപിച്ചു. ഇതേ തുടർന്ന് വ്യാഴാഴ്ച നടന്ന ആദ്യ ഘട്ട ചർച്ചയില്‍ നിന്ന് ഹമാസ് വിഭാഗം നേതാക്കള്‍ വിട്ടുനിന്നിരുന്നു.
ഇസ്രയേലിൽ ചാര സംഘടന മൊസാദിന്റെ തലവൻ ഡേവിഡ് ബെർണിയ, ആഭ്യന്തര സുരക്ഷാ സേനാ തലവൻ റോണൻ ബാർ, ഉന്നത സൈനിക ഉദ്യോഗസ്ഥൻ നിറ്റ്‌സാൻ അലോണ്‍ എന്നിവരാണ് ഇസ്രായേലിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുന്നത്. ഗാസയില്‍ അടിയന്തര വെടിനിർത്തല്‍ , ഹമാസ് തടവിലുള്ള ഇസ്രയേലി ബന്ദികളുടെ മോചനം എന്നിവയാണ് മുഖ്യ അജണ്ടകള്‍. ഇറാനില്‍ നിന്ന് ഏത് നിമിഷവും ഇസ്രയേലിനെ ആക്രമിക്കാമെന്നിരിക്കെ യുദ്ധവ്യാപനം തടയുക കൂടി വെടിനിർത്തല്‍ ചർച്ചയുടെ ലക്ഷ്യമാണ്.
അതിനിടെ വ്യാഴാഴ്ച ഗാസ മുനമ്പിലെ ജബാലിയയിലെ വീടിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു. 10 മാസത്തിലേറെ നീണ്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 40,000 കവിഞ്ഞതായി ഗാസ അറിയിച്ചു. സമാധാന ശ്രമങ്ങള്‍ക്കിടെ തെക്കൻ നഗരങ്ങളായ റഫയിലും ഖാൻ യൂനിസിലും ഇസ്രായേൽ സൈന്യം ആക്രമണം കടുപ്പിച്ചത് നിലവിലെ ചർച്ചകളെ പ്രതിരോധത്തിലാക്കി.
ടെഹ്‌റാൻ ഇസ്രായേലിനെ ആക്രമിക്കുകയാണെങ്കിൽ ഇറാനെ ആക്രമിക്കുന്നതിന് സഖ്യകക്ഷികളിൽ നിന്ന് തൻ്റെ രാജ്യം പിന്തുണ പ്രതീക്ഷിക്കുന്നു എന്ന ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പ്രസ്താവന അനുചിതമാണെന്ന് ഫ്രാൻസിൻ്റെ ഉന്നത നയതന്ത്രജ്ഞൻ വിശേഷിപ്പിക്കുന്നു.
READ MORE: ഗാസയിലെ കൂടുതൽ മനുഷ്യവാസ കേന്ദ്രങ്ങളിൽ നിന്ന് ഒഴിയാൻ മുന്നറിയിപ്പുമായി ഇസ്രയേൽ സൈന്യം