
കാഫിർ സ്ക്രീൻ ഷോട്ട് നിർമ്മിച്ചത് ആർ.എസ്. റിബേഷാണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ നൽകുമെന്ന് ഡിവൈഎഫ്ഐ. മാധ്യമങ്ങളും, യുഡിഎഫും ഡിവൈഎഫ്ഐക്കെതിരെ വ്യാപകമായി കള്ള പ്രചരണങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനമെന്ന് വടകര ബ്ലോക്ക് പ്രസിഡൻ്റ് എൻ.കെ. വികേഷ് പറഞ്ഞു. മീഡിയ വൺ ചാനലിലെ മാധ്യമ പ്രവർത്തകനെതിരെയും, ലീഗ് നേതാവ് പാറക്കൽ അബ്ദുള്ളക്കെതിരെയും നിയമ നടപടി തുടരുമെന്നും വികേഷ് കൂട്ടിച്ചേർത്തു. സ്ക്രീൻ ഷോട്ട് നിർമിച്ചു എന്ന് ആരോപിക്കപ്പെടുന്ന റിബേഷ് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡൻ്റാണ്.
ഡിവൈഎഫ്ഐക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. സ്ക്രീൻഷോട്ടിനു പിന്നിലുള്ള വ്യക്തിയെ കണ്ടെത്തുന്നവർക്ക് യൂത്ത് കോൺഗ്രസ് ഇനാം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫ് പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് മറുപടി നൽകിയത്.
കാഫിർ വർഗീയത ആളിക്കത്തിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു. എം.വി. ഗോവിന്ദൻ വീണിടത്ത് ഉരുളുന്നുവെന്നും കെ.കെ. ലതികയെ ന്യായീകരിക്കുകയാണ് സിപിഎം സെക്രട്ടറി ചെയ്തതെന്നും അദ്ദേഹം ജനങ്ങളോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കാഫിർ വിവാദം യുഡിഎഫിൻ്റെ തെറ്റായ സമീപനത്തിൻ്റെ ഫലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു. കേരള രാഷ്‌ട്രീയ ചരിത്രത്തിൽ കാണാത്ത പ്രവണതയാണ് ഇപ്പോൾ നടക്കുന്നത്. ഒറ്റപ്പെട്ട പ്രശ്നം പോലെയാണ് ഇതിനെ ചിലർ സമീപിക്കുന്നത്. എന്നാൽ, അത് ശരിയായ നിലപാട് അല്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.