എല്ലാ ഭിന്നതകളും മറന്ന് എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു
എ കെ ആന്റണി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി അറിയിച്ചു. കേരളത്തിൽ ഇതുവരെ ഉണ്ടാകാത്ത വിധമുള്ള ദുരന്തമാണ് വയനാട് ഉണ്ടായത്. രാഷ്ട്രീയം മറന്ന് ദുരന്തത്തിൽ അകപ്പെട്ട് പോയവരെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും, ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്നും അതിനു മടിക്കരുതെന്നും എ കെ ആന്റണി ആവശ്യപ്പെട്ടു.
ALSO READ: ഉറ്റവരില്ലാത്ത മണ്ണിലേക്ക് മടക്കയാത്രയില്ല! ദുരന്തത്തിന്റെ ഓർമയായി മുണ്ടക്കൈ ഗ്രാമം
എം പി ആയിരുന്ന സമയത്ത് കൂടുതൽ തുക നൽകിയിരുന്നുവെന്നും, എന്നാൽ നിലവിൽ അതിനുള്ള കഴിവില്ലെന്നും അദ്ദേഹം പറഞ്ഞു. ആരും ഒരു തർക്കവും കൂടാതെ കഴിയാവുന്ന തുകകൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നാണ് തന്റെ അഭ്യർഥന എന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഭിന്നതകളും മറന്ന് എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും എകെ ആന്റണി കൂട്ടിച്ചേർത്തു.
നേരത്തെ രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വിഡി സതീശനുമടക്കമുള്ള കോൺഗ്രസ് നേതാക്കളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണമെന്ന് അഭ്യർഥിച്ചിരുന്നു. എല്ലാ കോൺഗ്രസ് എംഎൽഎമാരും ഒരു മാസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്നും അറിയിച്ചിരുന്നു.
എന്നാൽ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ വേതനം നൽകിയ രമേശ് ചെന്നിത്തലയെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തിയിരുന്നു. രമേശ് ചെന്നിത്തല ഫണ്ട് നൽകിയത് ശരിയായില്ല എന്നായിരുന്നു സുധാകരന്‍റെ വിമർശനം. എന്നാൽ സുധാകരനെ തള്ളി വിഡി സതീശൻ തന്നെ രംഗത്തെത്തി. ദുരന്ത സമയത്ത് സർക്കാർ സംവിധാനങ്ങളെ സഹായിക്കുകയാണ് വേണ്ടതെന്ന് വിഡി സതീശൻ പറഞ്ഞു.