പാര്‍ട്ടിയുടെ 20 ലക്ഷം രൂപ വകമാറ്റിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പുത്തലത്ത് ദിനേശന്റെ കീഴിലുള്ള അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍.
ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി തരംതാഴ്ത്തലിന് പിന്നാലെ പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ പി.കെ. ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞേക്കും. എം.വി ഗോവിന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശശിയെ സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനിച്ചതായാണ് സൂചന. പാർട്ടി നടപടിക്കു മുമ്പ് സ്വയം സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
കഴിഞ്ഞ ദിവസമാണ് സാമ്പത്തിക ക്രമക്കേട്, സ്വജനപക്ഷപാതം എന്നിവയുടെ പേരില്‍ പികെ ശശിയെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും പാര്‍ട്ടി മാറ്റിയത്. ഇതോടെ ശശിക്ക് ഭൂരിപക്ഷമുള്ള മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി പിരിച്ചുവിടാനും തീരുമാനമായി. പി.കെ. ശശിക്ക് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം മാത്രമാകും.
പി.കെ. ശശി പാര്‍ട്ടിയുടെ 20 ലക്ഷം രൂപ വകമാറ്റിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പുത്തലത്ത് ദിനേശന്റെ കീഴിലുള്ള അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍. ശശിയെ കൂടാതെ, മുതിര്‍ന്ന നേതാവ് വി.കെ. ചന്ദ്രനെയും സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗം ചാമുണ്ണിയെ ഏരിയ കമ്മിറ്റിയിലേക്കും തരംതാഴ്ത്തി.
മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണത്തില്‍ തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണത്തിനായി പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചിരുന്നു.
ഓഫീസ് നിര്‍മാണത്തിനു പുറമേ പി.കെ. ശശി അധ്യക്ഷനായ യൂണിവേഴ്സല്‍ കോളജ് നിയമനത്തിലും അട്ടിമറി നടന്നതായി സമിതി കണ്ടെത്തി. തുടര്‍ന്നാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. എന്നാല്‍ ശശി നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്.