ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയുടെ കൊലപാതകത്തെ തുടര്‍ന്ന് ഇറാന്‍ ഇസ്രയേലിനെ ആക്രമിക്കുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കവെയാണ് ആക്രമണം.
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയില്‍ ഗാസയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയുടെ കൊലപാതകത്തെ തുടര്‍ന്ന് ഇറാന്‍ ഇസ്രയേലിനെ ആക്രമിക്കുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കവെയാണ് ആക്രമണം.
രണ്ടു ദിവസത്തിനിടയില്‍ ഗാസയില്‍ 56 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സുരക്ഷാ സേനയുടെ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, ഗാസയിലെ സിറ്റി സ്‌കൂളില്‍ നടന്ന ആക്രമണം 'ഒറ്റപ്പെട്ട സംഭവമല്ല' എന്ന് ഐക്യ രാഷ്ട്രസഭ അഭിപ്രായപ്പെട്ടു. അഭയാര്‍ഥി ക്യാംപായ സ്‌കൂളിലുണ്ടായ ആക്രമണത്തില്‍ 100 ഓളം പേരാണ് കൊല്ലപ്പെട്ടത്.
ALSO READ: ടെൽ അവീവിലേക്ക് എം 90 റോക്കറ്റുകൾ ഉപയോഗിച്ച് ആക്രമണം ലക്ഷ്യമിട്ട് അൽ-ഖസ്സാം ബ്രിഗേഡ്‌സ്
ജൂലൈ 31ന് നടന്ന ഹമാസ് രാഷ്ട്രീയ വിഭാഗം നേതാവിന്‍റെ കൊലപാതകത്തിനു പിന്നില്‍ ഇസ്രയേല്‍ ചാര സംഘടനയായ മൊസാദാണ് എന്നാണ് ഇറാന്‍റെ ആരോപണം. എന്നാല്‍ ഇസ്രയേലിന്‍റെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനാണ് ഹനിയ തെഹ്റാനില്‍ എത്തിയത്.
കൊലപാതകത്തില്‍ പ്രതികരിക്കുമെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തില്‍ ഒരു പ്രസ്താവന ഇറാന്‍റെ ഭാഗത്ത് നിന്നും വന്നയുടന്‍ തന്നെ യുഎസ് ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പ് കിട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയുടെ സീനിയര്‍ കമാന്‍ഡറെ ഇസ്രയേല്‍ കൊലപ്പെടുത്തി.
കഴിഞ്ഞ 10 മാസമായി ഗാസയില്‍ തുടരുന്ന യുദ്ധം ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുകയാണ്. യുദ്ധം 40,000 പേരെ ബാധിച്ചതായാണ് ഹമാസിന്‍റെ ആരോഗ്യ വിഭാഗം നല്‍കുന്ന കണക്കുകള്‍.