വനം വകുപ്പിനു കീഴിലുള്ള താജ്പൂര്‍ ബീച്ചിനോട് ചേര്‍ന്നുള്ള ഭൂമിയില്‍ നിയപരമല്ലാതെ സ്ഥാപിച്ചിരുന്ന കടകള്‍ ഒഴിപ്പിക്കാനെത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍
പശ്ചിമ ബംഗാള്‍ മന്ത്രി അഖില്‍ ഗിരി
അനധികൃതമായ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥയെയും സംഘത്തെയും പശ്ചിമ ബംഗാള്‍ മന്ത്രി അഖില്‍ ഗിരി ഭീഷണിപ്പെടുത്തി. മന്ത്രി വനം വകുപ്പ് ഉദ്യോഗസ്ഥരോട് ആക്രോശിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വനം വകുപ്പിനു കീഴിലുള്ള താജ്പൂര്‍ ബീച്ചിനോട് ചേര്‍ന്നുള്ള ഭൂമിയില്‍ നിയപരമല്ലാതെ സ്ഥാപിച്ചിരുന്ന കടകള്‍ ഒഴിപ്പിക്കാനെത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍. ഇതറിഞ്ഞ്, പ്രദേശത്തെ വ്യാപാരികളുമായി എത്തിയ ഗിരി വനം വകുപ്പ് ഉദ്യോഗസ്ഥയോട് തട്ടിക്കയറുകയായിരുന്നു.
ALSO READ: പശ്ചിമ ബംഗാളിൽ ആൾക്കൂട്ടത്തിനു മുന്നിൽ സ്ത്രീയ്ക്ക് മർദ്ദനം; നീതി എവിടെയെന്ന് മമതയോട് പ്രതിപക്ഷം
"വനഭൂമിയില്‍ നിരവധി കണ്‍സ്ട്രക്ഷനുകള്‍ നടക്കുന്നുണ്ട്. അതിനെതിരെ ഒന്നും ചെയ്യാന്‍ വനം വകുപ്പിന് സാധിക്കില്ല. വകുപ്പ് പാവങ്ങളെ ഉപദ്രവിക്കുകയാണ്", മേഖലയിലെ എംഎല്‍എ കൂടിയായ ഗിരി പിടിഐയോട് പറഞ്ഞു.
എക്‌സില്‍ വീഡിയോ പങ്കുവെച്ച ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസിനോട് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. പാര്‍ട്ടി ഇത്തരം പെരുമാറ്റങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്നും ബിജെപി എക്‌സില്‍ കുറിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥയോട് മന്ത്രി കയര്‍ക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകളില്‍ ടെലിക്കാസ്റ്റ് ചെയ്തിരുന്നു. വീഡിയോയില്‍ അഖില്‍ ഗിരിക്കൊപ്പം പ്രദേശവാസികളും അണിനിരക്കുന്നത് കാണാം. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെയും ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നിട്ടുള്ളതായി തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുണാല്‍ ഘോഷ് പറഞ്ഞു.