മൂന്ന് മണിക്കൂർ നീണ്ടുനിന്ന ചർച്ചയ്‌ക്കൊടുവിൽ കാർഷിക മേഖലയിലെ സഹകരണം ഉൾപ്പെടെ നാല് കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു
ഇന്ത്യ നിഷ്പക്ഷരല്ലെന്നും സമാധാനത്തിൻ്റെ പക്ഷത്തെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ യുക്രെയ്ൻ സന്ദർശന വേളയിലാണ് ഈ പരാമർശം. അതേസമയം, യുക്രെയ്ൻ സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കിയും രംഗത്തെത്തി. റഷ്യ–യുക്രെയ്ൻ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ യുദ്ധം അവസാനിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രശ്ന പരിഹാര സാധ്യതകൾ ഇരു രാജ്യങ്ങളും ചർച്ച ചെയ്തു. യുക്രെയ്ന് മെഡിക്കൽ ക്യൂബ് അടക്കമുള്ള സഹായവും ഇന്ത്യ കൈമാറി.
മൂന്ന് മണിക്കൂർ നീണ്ടുനിന്ന ചർച്ചയ്‌ക്കൊടുവിൽ കാർഷിക മേഖലയിലെ സഹകരണം ഉൾപ്പെടെ നാല് കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. യുക്രെയ്ൻ സംഘർഷ മേഖലകളിലെ പ്രാഥമിക ചികിത്സയ്ക്ക് വേണ്ട മെഡിക്കൽ ക്യൂബുകളും ഇന്ത്യ കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ചരിത്രപരമാണെന്നും, യുക്രെയ്ൻ സന്ദർശനത്തിൽ നന്ദിയുണ്ടെന്നും വൊളോഡിമിർ സെലൻസ്കി പ്രതികരിച്ചു.
റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ റഷ്യയില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയതില്‍ സെലന്‍സ്‌കി അടക്കമുള്ള പാശ്ചാത്യ നേതാക്കള്‍ കടുത്ത വിമര്‍ശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി യുക്രെയ്നിൽ എത്തിയത്.
READ MORE: മോദി യുക്രെയ്‌നിൽ: ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം 30 വർഷങ്ങൾക്ക് ശേഷം
പത്ത് മണിക്കൂർ നീണ്ട ട്രെയിൻ യാത്രയ്ക്ക് ശേഷം കീവിലെത്തിയ നരേന്ദ്ര മോദിക്ക് വിദ്യാർത്ഥികൾ അടങ്ങുന്ന ഇന്ത്യൻ സമൂഹം സ്വീകരണം നൽകി. സംഘർഷ മേഖലയിലെത്തി സെലൻസ്കിയെ ആലിംഗനം ചെയ്ത മോദി, ഇന്ത്യ യുക്രെയ്ന് എതിരല്ലെന്ന സന്ദേശവും നൽകി. സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ പിന്തുണയും അറിയിച്ചു. നയതന്ത്ര–സമാധാന ചർച്ചകളിലൂടെ മാത്രമേ സമാധാനം പുനഃസ്ഥാപിക്കാനാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമാധാന ശ്രമങ്ങളിൽ ഇന്ത്യയുടെ സഹകരണം തുടരണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടു.
കീവിലെ യുക്രൈന്‍ നാഷണല്‍ മ്യൂസിയം സന്ദര്‍ശിച്ച മോദി യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട യുക്രൈനിലെ കുഞ്ഞുങ്ങള്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു. കീവിലെ എ.വി. ഫൊമിന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 2020ല്‍ സ്ഥാപിച്ച മഹാത്മാ ഗാന്ധി പ്രതിമയിലും അദ്ദേഹം ആദരമര്‍പ്പിച്ചു. അതേസമയം, സെലൻസ്കിയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചതായി വിദേശ കാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു.