fbwpx
ഖലിസ്ഥാനികള്‍ ഇന്ത്യൻ വിദ്യാർഥികളെ എങ്ങനെ സ്വാധീനിക്കുന്നു; വിശദീകരിച്ച് തിരിച്ചുവിളിക്കപ്പെട്ട ഇന്ത്യന്‍ ഹൈക്കമ്മീഷണർ
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Oct, 2024 07:01 AM

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആവർത്തിച്ചുള്ള ആരോപണങ്ങള്‍ കാരണം ഇന്ത്യ-കാനഡ നയതന്ത്ര തർക്കം തുടരുന്ന സാഹചര്യത്തിലാണ് സഞ്ജയ് കുമാറിന്‍റെ പരാമർശം

NATIONAL


കാനഡയിലെ ഇന്ത്യന്‍ വിദ്യാർഥികള്‍ അവരുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന മുന്നറിയിപ്പുമായി തിരിച്ചു വിളിക്കപ്പെട്ട ഇന്ത്യന്‍ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ. ഖലിസ്ഥാനി 'ഭീകരരുടെയും' 'തീവ്രവാദികളുടെയും' പരിവർത്തന ശ്രമങ്ങളെ ചെറുക്കണമെന്നും മുന്‍ ഹൈക്കമ്മീഷണർ വിദ്യാർഥികളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജയ് കുമാർ വർമ.

കാനഡയിലെ വിദ്യാർഥികളുടെ മാതാപിതാക്കളോട് അവരോട് പതിവായി സംസാരിക്കാനും അവരുടെ സാഹചര്യം മനസ്സിലാക്കാൻ ശ്രമിക്കാനും സഞ്ജയ് കുമാർ വർമ  അഭ്യർഥിച്ചു.

"ഈ സമയത്ത് കാനഡയിൽ ഖലിസ്ഥാനി ഭീകരരിൽ നിന്നും തീവ്രവാദികളിൽ നിന്നും വലിയൊരു വിഭാഗം ഇന്ത്യൻ സമൂഹത്തിന് ഭീഷണി നിലനില്‍ക്കുന്നുണ്ട്... വിദ്യാർഥികൾക്ക് ഉൾപ്പെടെ", സഞ്ജയ് കുമാർ പറഞ്ഞു.

കാനഡയില്‍ ഖലിസ്ഥാനികള്‍ എങ്ങനെയാണ് ഇന്ത്യന്‍ വിദ്യാർഥികളെ സ്വാധീനിക്കുന്നതെന്നും സഞ്ജയ് കുമാർ വർമ വിശദീകരിച്ചു. കാനഡയിലെ സാമ്പത്തിക മേഖലയുടെ സ്ഥിതി അനുസരിച്ച് രാജ്യത്ത് വളരെ കുറച്ച് തൊഴിലുകള്‍ മാത്രമാണുള്ളത്. ഇതു മുതലാക്കി ഖലിസ്ഥാനികള്‍ വിദ്യാർഥികള്‍ക്ക് പണവും ഭക്ഷണവും വാഗ്ദാനം ചെയ്യാറുണ്ടെന്ന് സഞ്ജയ് കുമാർ പറഞ്ഞു. ഇങ്ങനെ പരിചയത്തിലാകുന്ന വിദ്യാർഥികളെ അധാർമികമായ പ്രവർത്തനങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് പതിവെന്നും സഞ്ജയ് കുമാർ ആരോപിച്ചു. കാനഡയിലെ ഇന്ത്യൻ നയതന്ത്ര കെട്ടിടങ്ങൾക്ക് പുറത്ത് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയോ പതാകയെ അപമാനിക്കുകയോ ചെയ്ത് 'പ്രതിഷേധിക്കുന്ന' തങ്ങളുടെ ഫോട്ടോഗ്രാഫുകളോ വീഡിയോകളോ എടുക്കാനും ഇവരെ പ്രേരിപ്പിക്കാറുണ്ടെന്നും ഹൈക്കമ്മീഷണർ കൂട്ടിച്ചേർത്തു.

Also Read: ശരദ് പവാറിന്‍റെ 'സമയം ശരിയല്ല'; ക്ലോക്ക് ചിഹ്നം അജിത് പവാറിന് അനുവദിച്ച് സുപ്രീം കോടതിയുടെ താല്‍ക്കാലിക ഉത്തരവ്

ലോറൻസ് ബിഷ്‌ണോയി ഉൾപ്പെടെയുള്ള ക്രിമിനൽ സംഘങ്ങളുമായി ചേർന്ന് ഡൽഹിയിലെ ‘ഏജൻറുമാർ’ കാനഡയിലെ ദക്ഷിണേഷ്യക്കാരെ ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തുന്നുവെന്ന പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആവർത്തിച്ചുള്ള ആരോപണങ്ങള്‍ കാരണം ഇന്ത്യ-കാനഡ നയതന്ത്ര തർക്കം തുടരുന്ന സാഹചര്യത്തിലാണ് സഞ്ജയ് കുമാറിന്‍റെ പരാമർശം. ട്രൂഡോയടെ വാദങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും അടിസ്ഥാന രഹിതവുമാണെന്നാണ് ഇന്ത്യയുടെ വാദം.

കനേഡിയൻ പൗരനും ഖലിസ്ഥാൻ നേതാവുമായ ഹർദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകത്തിനു പിന്നില്‍ ഇന്ത്യൻ സർക്കാരാണെന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ട്രൂഡോ നടത്തിയ പ്രസ്താവനയിലൂടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. 2023 ജൂൺ 18നാണ് സർറേയിലെ ഗുരുദ്വാരക്ക് പുറത്ത് ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച നിജ്ജാർ വെടിയേറ്റു മരിച്ചത്. നിജ്ജാറിന്‍റെ കൊലപാതകത്തിനു പിന്നാലെ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കാണ് കാനഡ വേദിയായത്.

Also Read: ബോംബ് ഭീഷണി അവസാനിക്കുന്നില്ല; ഇന്ന് മാത്രം ഇന്ത്യയില്‍ ഭീഷണി നേരിട്ടത് 80 വിമാനങ്ങള്‍

കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ട്രൂഡോ നിരന്തരമായി ആരോപിച്ചപ്പോഴൊക്കെ രാജ്യം തെളിവുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ തെളിവുകള്‍ നല്‍കുന്നതില്‍ നിന്നും ട്രൂഡോ ഒഴിഞ്ഞുമാറി. കഴിഞ്ഞ ആഴ്ച, ഒട്ടാവയിലെ ഒരു അന്വേഷണ കമ്മീഷൻ മുമ്പാകെ നിജ്ജാർ കൊലപാതകവുമായി ഇന്ത്യൻ സർക്കാരിനെ ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ഒന്നും തന്നെ തൻ്റെ പക്കലില്ലെന്ന് ട്രൂഡോ വെളിപ്പെടുത്തിയിരുന്നു.

2022 സെപ്റ്റംബറിൽ കാനഡയിൽ ഹൈക്കമ്മീഷണറായി നിയമിതനായതിനുശേഷം "തെളിവുകളുടെ ഒരു തരിമ്പ് പോലും" താനുമായി പങ്കിട്ടിട്ടില്ലെന്ന് സഞ്ജയ് കുമാർ എൻഡിടിവിയോട് പറഞ്ഞു. തീവ്രവാദികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യ പങ്കുവെച്ചിട്ടും കാനഡ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും സഞ്ജയ് ആരോപിച്ചു.

നയതന്ത്ര തർക്കം മുറുകിയതിനു പിന്നാലെ നിജ്ജാറിന്‍റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ ഇന്ത്യന്‍ ഹൈക്കമ്മീഷണറടക്കം ആറ് നയതന്ത്ര പ്രതിനിധികളെ കാനഡ പുറത്താക്കിയിരുന്നു. കാനഡയുടെ ആറു പ്രതിനിധികളെ പുറത്താക്കിയാണ് ഇന്ത്യ ഇതിനോട് പ്രതികരിച്ചത്.


FOOTBALL
ചാമ്പ്യൻസ് ലീഗില്‍ 'സെഞ്ചുറി' തികച്ച് ലെവൻഡോസ്കി; മുന്നില്‍ റൊണാള്‍ഡോയും മെസിയും മാത്രം
Also Read
user
Share This

Popular

NATIONAL
FOOTBALL
"യുഎസ് കുറ്റപത്രത്തിൽ അദാനിക്കും, അനന്തരവനുമെതിരെ കൈക്കൂലി കുറ്റം ചുമത്തിയിട്ടില്ല"; വിശദീകരണവുമായി അദാനി ഗ്രൂപ്പ്