പശ്ചിമേഷ്യയിൽ യുദ്ധഭീഷണി ഉള്ളപ്പോഴും വില ഇടിയുന്നത് ആഗോള ഉപയോഗം കുത്തനെ ഇടിഞ്ഞതിനെ തുടർന്നാണ്
ആഗോള വ്യവസായ മുരടിപ്പിനിടെ രാജ്യാന്തര എണ്ണവില വീണ്ടും വീപ്പയ്ക്ക് 80 ഡോളറിന് താഴെയെത്തി. പശ്ചിമേഷ്യയിൽ യുദ്ധഭീഷണി ഉള്ളപ്പോഴും വില ഇടിയുന്നത് ആഗോള ഉപയോഗം കുത്തനെ ഇടിഞ്ഞതിനെ തുടർന്നാണ്. ഇന്ത്യയിൽ പക്ഷേ, മാർച്ച് 15 മുതൽ വില മാറ്റമില്ലാതെ തുടരുകയാണ്.
രാജ്യാന്തര വിപണിയിൽ ഒരിടവേളയ്ക്കു ശേഷമാണ് എണ്ണവില വീണ്ടും 80 ഡോളറിൽ താഴെയെത്തിയത്. ബ്രെൻ്റ് എണ്ണയ്ക്ക് ഇപ്പോൾ വില 75.42 ഡോളർ മാത്രമാണ് . അമേരിക്കയുടെ ഷെൽ എണ്ണയ്ക്കും വില ഇടിഞ്ഞ് 78 ഡോളറിലേക്കു വീണു.
ALSO READ: ഡീസലിലും എഥനോള്‍ കലർത്തും; പരീക്ഷണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ
ഗാസയിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട അമേരിക്കയുടെ നിർദേശം ബെഞ്ചമിൻ നെതന്യാഹു അംഗീകരിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ പറഞ്ഞതിൽ പിന്നെയാണ് ആഗോള വിപണിയിലെ ഈ മാറ്റം. അതേസമയം ലിബിയയിലെ ഷരാര ഫീൽഡിൽ ഓയിൽ ഉൽപ്പാദനം പ്രതിദിനം 85,000 ബാരലായി ഉയർത്തുകയും ചെയ്തു. ചൈന സാമ്പത്തിക മാന്ദ്യം നേരിടുന്നതിനാൽ വ്യാവസായിക ഉൽപ്പാദനം മന്ദഗതിയിലായി.ഇതെല്ലാം ക്രൂഡ് ഓയിലിൻ്റെ വിലകുറയാനുള്ള കാണങ്ങളാണ്.
ആഗോള എണ്ണവില വീപ്പയ്ക്ക് 130 ഡോളറിനു മുകളിൽ എത്തിയപ്പോഴുള്ള വിലയാണ് ഇന്ത്യയിൽ ഇപ്പോഴും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് രണ്ടു ദിവസം മുൻപ് മാർച്ച് 15ന് മുൻപു കുറച്ച രണ്ടുരൂപ മാത്രമാണ് ആറുമാസത്തിനിടെ ഉണ്ടായ ഏക മാറ്റം.