എംഎല്‍എയ്‌ക്കെതിരെ അസോസിയേഷന്‍ പ്രമേയം പാസാക്കി
നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിനെതിരെ ഐപിഎസ് അസോസിയേഷന്‍. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ പൊതുവേദിയില്‍ വെച്ച് പി.വി അന്‍വര്‍ അധിക്ഷേപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഐപിഎസ് അസോസിയേഷന്‍ രംഗത്തെത്തിയത്. എംഎല്‍എയ്‌ക്കെതിരെ അസോസിയേഷന്‍ പ്രമേയം പാസാക്കി.
പി.വി അന്‍വര്‍ ഐപിഎസ് ഉദ്യോഗസ്ഥരെ പൊതുവില്‍ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നുവെന്ന് പ്രമേയത്തില്‍ പറയുന്നു. ഉദ്യോഗസ്ഥനെ അധിക്ഷേപിച്ച എംഎല്‍എ മാപ്പ് പറയണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമ പരിപാലത്തിനായി സ്വന്തം കര്‍ത്തവ്യം നിറവേറ്റിയ ജില്ലാ പൊലീസ് മേധാവിയെയാണ് പി.വി അന്‍വര്‍ എംഎല്‍എ അപമാനിച്ചത്. പരാമര്‍ശങ്ങള്‍ അനാവശ്യവും അങ്ങേയറ്റം വേദനിപ്പിക്കുന്നതുമായിരുന്നു.
Also Read: എസ്‍പി വൈകി, എംഎല്‍എ പിണങ്ങി; മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കെതിരെ വിമർശനവുമായി പി.വി. അൻവർ
ജില്ലാ പൊലീസ് മേധാവിയെ ഫാസിസ്റ്റ് എന്നും ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് പൊതുവില്‍ മോശം പെരുമാറ്റമാണ് എന്ന തരത്തിലുമായിരുന്നു പരാമര്‍ശങ്ങള്‍. ഉദ്യോഗസ്ഥനെ പലരീതിയില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായും എംഎല്‍എ പരസ്യമായി സമ്മതിച്ചുവെന്നും പ്രമേയത്തില്‍ പറയുന്നു.
പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് പി.വി അന്‍വര്‍ എംഎല്‍എ മാപ്പ് പറയണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മലപ്പുറത്ത് നടന്ന പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളന വേദിയില്‍ വെച്ചായിരുന്നു എസ്പിക്കെതിരെയുള്ള പി.വി അന്‍വറിന്റെ പരാമര്‍ശം.
പൊലീസില്‍ പുഴുക്കുത്തുകള്‍ ഉണ്ടെന്നും കഞ്ചാവ് മാഫിയയുടെ പോലും ആളുകളായി പൊലീസ് പ്രവര്‍ത്തിക്കുകയാണെന്നും പി.വി അന്‍വര്‍ ആരോപിച്ചു. എംഎല്‍എയുടെ പരാമര്‍ശത്തിനു പിന്നാലെ, മലപ്പുറം എസ്.പി ഒറ്റവരിയില്‍ പ്രസംഗം അവസാനിപ്പിച്ച് വേദി വിട്ടു. മലപ്പുറം എസ്പിയായിരുന്നു പരിപാടിയിലെ മുഖ്യപ്രഭാഷകന്‍. 27 മിനിട്ടാണ് എസ്പിക്ക് വേണ്ടി കാത്തിരുന്നതെന്നും മോഷണക്കേസില്‍ അടക്കം പരാതി നല്‍കിയിട്ടും അന്വേഷണം നടത്താത്ത ഉദ്യോഗസ്ഥരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് നാണക്കേടാണെന്നും അന്‍വര്‍ പറഞ്ഞു. എംഎല്‍എയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാതെയായിരുന്നു ജില്ലാ പൊലീസ് മേധാവി വേദി വിട്ടത്.