രാജ്യത്തെ ഞെട്ടിച്ച ദാരുണമായ കൊലപാതകത്തിൽ പ്രതിഷേധിച്ച് സമരം നടത്തിയിരുന്ന ഡൽഹി എയിംസ് ആശുപത്രിയിലെ റസിഡൻ്റ് ഡോക്ടർമാർ രണ്ടാഴ്ചയായി നടത്തിവന്ന സമരം ഇന്ന് പിൻവലിച്ചിരുന്നു
കൊൽക്കത്തയിലെ ആർജി കർ ഗവൺമെൻ്റ് ആശുപത്രിയിൽ വനിതാ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിലെ ഡോക്ടർമാർ നടത്തിവരുന്ന പണിമുടക്ക് സമരം തുടരും. പണിമുടക്ക് പിൻവലിക്കാൻ സുപ്രീം കോടതിയുടെ നിർദേശം ഉണ്ടായിരുന്നിട്ടും, ഡൽഹി എയിംസിലെ റസിഡൻ്റ് ഡോക്ടർമാരെ പോലെ തങ്ങളുടെ പ്രതിഷേധം പിൻവലിക്കില്ലെന്ന് പശ്ചിമ ബംഗാളിലെ ജൂനിയർ ഡോക്‌ടേഴ്‌സ് ഫ്രണ്ട് അറിയിച്ചു. ഇവർക്കെതിരെ കർശന നടപടിയെടുക്കില്ലെന്ന് സുപ്രീം കോടതി നേരത്തെ ഉറപ്പുനൽകിയിരുന്നു.
രാജ്യത്തെ ഞെട്ടിച്ച ദാരുണമായ കൊലപാതകത്തിൽ പ്രതിഷേധിച്ച് സമരം നടത്തിയിരുന്ന ഡൽഹി എയിംസ് ആശുപത്രിയിലെ റസിഡൻ്റ് ഡോക്ടർമാർ രണ്ടാഴ്ചയായി നടത്തിവന്ന സമരം ഇന്ന് പിൻവലിച്ചിരുന്നു. രാജ്യത്തുടനീളമുള്ള മെഡിക്കൽ ജീവനക്കാരോട് അവരുടെ ചുമതലകളിലേക്ക് മടങ്ങാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. സുപ്രീം കോടതിയിൽ നിന്ന് ഉറപ്പ് ലഭിച്ച ശേഷമാണ് സമരം അവസാനിപ്പിക്കുന്നതെന്ന് റസിഡൻ്റ് ഡോക്ടർമാരുടെ സംഘടന വ്യാഴാഴ്ച ഉച്ചയ്ക്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
സമരം ചെയ്യുന്ന ഡോക്ടർമാർ ജോലിയിലേക്ക് മടങ്ങണമെന്നും രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും, കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതക കേസ് പരിഗണിക്കവെ സുപ്രീം കോടതി നിർദേശിച്ചിരുന്നു. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഡോക്ടർമാർ സമരം നടത്തരുതെന്നായിരുന്നു കോടതി പറഞ്ഞത്.