രാഷ്ട്രീയ മത വ്യത്യാസമില്ലാതെ ഞങ്ങൾ ജയിച്ചു വന്ന മണ്ഡലമാണ് വടകര. ഇവിടുത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്
കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ ഇടതുപക്ഷത്തെ രൂക്ഷമായി വിമർശിച്ച് കെ. മുരളീധരൻ. വടകരയിലെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്നും പിന്നിൽ ഇടതുപക്ഷമാണെന്നും മുരളീധരൻ ആരോപിച്ചു. കാഫിർ വിവാദം തെളിയിക്കേണ്ടത് യൂത്ത് കോൺഗ്രസ് അല്ല, കേരളാ പൊലീസാണെന്നും മുരളീധരൻ പറഞ്ഞു.
"രാഷ്ട്രീയ മത വ്യത്യാസമില്ലാതെ ഞങ്ങൾ ജയിച്ചു വന്ന മണ്ഡലമാണ് വടകര. ഇവിടുത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. സിപിഎമ്മിലെ ഒരു വിഭാഗം തന്നെയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. നിയമനടപടിയുമായി ഏതറ്റം വരെയും കോൺഗ്രസ് പോകും. എന്തുകൊണ്ട് കേരള പൊലീസ് ആക്ഷൻ എടുക്കുന്നില്ല. അഡ്മിനെ ഉൾപ്പെടെ പൊലീസ് ചോദ്യം ചെയ്യാൻ തയാറാകണം. കാഫിർ സ്ക്രീൻഷോട്ടിനു പിന്നിൽ ആരാണെന്ന് തെളിയിക്കേണ്ടത് യൂത്ത് കോൺഗ്രസ് അല്ല, കേരളാ പൊലീസാണ്"- കെ മുരളീധരൻ പറഞ്ഞു.
READ MORE: കാഫിർ വിവാദം: എം.വി ഗോവിന്ദൻ്റെ ന്യായീകരണം സിപിഎമ്മിൻ്റെ മുഖം കൂടുതല്‍ വികൃതമാക്കി: കെ സുധാകരന്‍
കാഫിർ വിവാദത്തിൽ എം.വി ഗോവിന്ദൻ്റെ ന്യായീകരണം സിപിഎമ്മിൻ്റെ മുഖം കൂടുതല്‍ വികൃതമാക്കിയെന്ന് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരനും പ്രതികരിച്ചിരുന്നു. കാഫിര്‍ സ്ക്രീൻഷോട്ട് വിവാദമായതോടെ സിപിഎമ്മിൻ്റെ സമനില തെറ്റിയിരിക്കുകയാണ്. തടിയൂരാനുള്ള ഓരോ ന്യായീകരണവും സിപിഎമ്മിൻ്റെ അടിവേരാണ് ഇളക്കുന്നത്. വിവാദം സിപിഎമ്മില്‍ തന്നെ വലിയ വിള്ളലുണ്ടാക്കിയത് പാർട്ടി സെക്രട്ടറി കണ്ണുതുറന്നു കാണണം. സത്യത്തെ വക്രീകരിക്കാനുള്ള പാർട്ടിയുടെ അസാമാന്യമായ തൊലിക്കട്ടിയാണ് ഇവിടെ വ്യക്തമാകുന്നതെന്നും, മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമാണ് എല്ലാ തെറ്റുകളുടെയും പ്രഭവ കേന്ദ്രമെന്നും സുധാകരന്‍ പറഞ്ഞു.
READ MORE: 'കാഫിർ പരാമർശത്തിൽ സിപിഎമ്മിന് ഉത്തരവാദിത്തം, കുറ്റക്കാർക്കെതിരെ നടപടി എടുക്കണം'