സെപ്റ്റംബര്‍ ഒമ്പതിന് ഇത് സംബന്ധിച്ച ഹര്‍ജി വീണ്ടും പരിഗണിക്കും
ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ കഴിയുന്ന യുവാവിൻ്റെ ബീജമെടുത്ത് സൂക്ഷിക്കാൻ അനുമതി നൽകി ഹൈക്കോടതി. ഭർത്താവിൽ നിന്ന് കുട്ടി വേണമെന്നാവശ്യപ്പെട്ട് 34 കാരിയായ ഭാര്യ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി.ജി. അരുൺ ഉത്തരവിട്ടത്. അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജി ട്രീറ്റ്മെൻ്റിലൂടെ കുട്ടിക്ക് ജന്മം നൽകാൻ ഭർത്താവിന്‍റെ ബീജം എടുക്കണമെന്നാണ് ആവശ്യം.
ആഗസ്റ്റ് നാലിനുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്റർ ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞ വർഷം വിവാഹിതരായ ദമ്പതികൾക്ക് കുട്ടികളില്ല. 2021ൽ നിലവിൽ വന്ന എ.ആർ.ടി നിയമ പ്രകാരം ബീജമെടുക്കാൻ ദമ്പതികളിൽ ഇരുവരുടെയും അനുമതി ആവശ്യമാണെങ്കിലും ഭർത്താവിൻ്റെ അനുമതി വാങ്ങുക സാധ്യമല്ലാത്തതിനാലാണ് യുവതിയും ഭർത്താവിന്‍റെ അമ്മയും ചേർന്ന് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് യുവാവിൻ്റെ ബീജമെടുത്ത് സൂക്ഷിക്കാൻ ആശുപത്രി അധികൃതർക് കോടതി നിർദേശം നൽകിയിരിക്കുന്നത്. അതേസമയം, ഇതിൻമേലുള്ള തുടർനടപടികൾ കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലേ ഉണ്ടാകാവുവെന്ന് വ്യക്തമാക്കിയ സിംഗിൾബെഞ്ച് വിഷയം സെപ്തംബർ ഒമ്പതിന് വീണ്ടും പരിഗണിക്കാനായി മാറ്റി.
READ MORE: വയനാട്ടിൽ കോളറ ബാധിച്ച് ആദിവാസി യുവതി മരിച്ചു; 10 പേർ ചികിത്സയിൽ