
കൊല്‍കത്തയിൽ ക്രൂര ബലാത്സംഗത്തിനിരയായി യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ, തൃണമൂൽ കോണ്‍ഗ്രസും, മുൻ ദേശീയ വനിതാ കമ്മീഷൻ മേധാവിയും തമ്മില്‍ രാഷ്ട്രീയ തർക്കത്തിലേക്ക് നീങ്ങുന്നു. ബംഗാളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും, സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം കൊണ്ടുവരണമെന്നുമാണ് മുൻ ദേശീയ വനിതാ കമ്മിഷൻ മേധാവി രേഖ ശർമ്മ പറഞ്ഞു.
എന്നാല്‍, ബംഗാളിലെ സ്ത്രീകളുടെ സുരക്ഷയെപ്പറ്റി സംസാരിക്കുന്ന അവസാനത്തെ വ്യക്തിയായിരിയ്ക്കും രേഖ ശർമ്മ എന്ന് തൃണമൂൽ എംപി ശശി പഞ്ച പ്രതികരിച്ചു. ദേശീയ വനിതാ കമ്മിഷൻ മേധാവിയായിരിക്കെ രേഖ ശർമ്മ ബിജെപി ചെയ്തിരുന്ന കുറ്റ കൃത്യങ്ങളോട് കണ്ണടച്ചിരിന്നുന്നെന്നും പക്ഷപാതം കാണിച്ചിരുന്നെന്നും ശശി പഞ്ച പറഞ്ഞു.
സന്ദേശ് ഗല്ലിയില്‍ തൃണമൂൽ നേതാവ് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന് വ്യാജ ആരോപണം ഉന്നയിച്ച് രേഖ മുന്നോട്ട് വന്നിരുന്നുവെന്നും, ബിജെപിയുടെ രാഷ്ട്രീയ പുരോഗതിക്ക് വേണ്ടി വെറും 2000 രൂപക്ക് സന്ദേശ് ഗല്ലിയുടെ മാനം വിറ്റുവെന്നും ശശി പഞ്ച പറഞ്ഞു. ഇതിൽ രേഖ ശർമയുടെ ഇടപെടല്‍ ഉണ്ടെന്നും, ഇവർ സ്ത്രീകളെ വ്യാജ കേസ് കൊടുക്കാൻ പ്രേരിപ്പിച്ചുവെന്നും തൃണമൂൽ കോൺഗ്രസ് പറഞ്ഞു.
ആർജി കർ ആശുപത്രിയിൽ യുവ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് സിബിഐക്ക് കൈമാറണമെന്ന് തുടക്കം മുതല്‍ തന്നെ രേഖ ശർമ്മ ആവശ്യപെട്ടിരുന്നു. ബംഗാളിലെ സ്ത്രീകൾ സുരക്ഷിതരല്ലെന്നും, പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തയല്ലെന്നും രേഖ ശർമ്മ ആരോപിച്ചിരുന്നു. പശ്ചിമ ബംഗാളിൽ രാഷ്ടപതി ഭരണം കൊണ്ടുവരണമെന്നും തൃണമൂൽ കോൺഗ്രസിന്റെ ഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും അവർ പറഞ്ഞു.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞ സമയപരിധിക്ക് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് കൊല്‍ക്കത്ത ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്. "ഇതൊരു പ്രത്യേക കേസാണ്. കൂടുതൽ സമയം നഷ്ടപെടരുത്. തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്," എന്നാണ് കോടതി പറഞ്ഞത്.