കൊൽക്കത്ത ഡോക്ടറുടെ കൊലപാതകം: വനിതാ ഡോക്ടർമാർ ശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ പെരുമാറരുത്, വിചിത്ര മെമ്മോയുമായി അസം ഹോസ്പിറ്റൽ, വിവാദമായതോടെ പിൻവലിച്ചു

ഇതിനെതിരെ ക്യാംപസിലും സോഷ്യൽ മീഡിയയിലും വ്യാപക പ്രതിഷേധം ഉയർന്നതോടെ സിൽചർ മെഡിക്കൽ കോളേജ് മെമ്മോ പിൻവലിച്ചു
കൊൽക്കത്ത ഡോക്ടറുടെ കൊലപാതകം: വനിതാ ഡോക്ടർമാർ ശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ പെരുമാറരുത്,  വിചിത്ര മെമ്മോയുമായി അസം ഹോസ്പിറ്റൽ, വിവാദമായതോടെ പിൻവലിച്ചു
Published on

കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ പിജി ട്രെയിനി ഡോക്ടർ അതിക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സാഹചര്യത്തിൽ വിചിത്ര മെമ്മോ പുറത്തിറക്കി അസം സിൽചർ മെഡിക്കൽ കോളേജ്. വനിതാ ഡോക്ടേഴ്സിനും വിദ്യാർഥികൾക്കുമായാണ് മെമ്മോ പുറത്തിറക്കിയത്. ഒറ്റക്കാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. ആളുകളുമായി എപ്പോഴും മാന്യമായി ഇടപെടുന്നതിലൂടെ അനാവശ്യ ശ്രദ്ധ ഒഴിവാക്കുക എന്നതായിരുന്നു മെമ്മോയിൽ പറഞ്ഞിട്ടുള്ളത്. ഇതിനെതിരെ ക്യാംപസിലും സോഷ്യൽ മീഡിയയിലും വ്യാപക പ്രതിഷേധം ഉയർന്നതോടെ സിൽചർ മെഡിക്കൽ കോളേജ് മെമ്മോ പിൻവലിച്ചു.

കോളേജ് അധികൃതർ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് പകരം എന്ത് ചെയ്യരുത്, ചെയ്യണം എന്ന് ലിസ്റ്റ് നൽകുകയല്ല വേണ്ടതെന്നും ഇത് സ്ത്രീവിരുദ്ധതയാണെന്നും സോഷ്യൽമീഡിയയിൽ ശക്തമായ വിമർശനമുയർന്നു.

വനിതാ ഡോക്ടർമാരും വിദ്യാർഥികളും ജീവനക്കാരും ഒറ്റപ്പെട്ടതും വെളിച്ചക്കുറവുള്ളതും ജനസാന്ദ്രത കുറഞ്ഞതുമായ പ്രദേശങ്ങൾ ഒഴിവാക്കണം.ഒറ്റയ്ക്കിരിക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണം.

വൈകിയോ, ഒറ്റപ്പെട്ട സമയത്തോ കാമ്പസിന് പുറത്ത് പോകുന്നത് ഒഴിവാക്കുക. എല്ലാ ഹോസ്റ്റൽ ബോർഡറുകളും സ്ഥാപനവും അഡ്മിനിസ്ട്രേഷനും സ്ഥാപിച്ചിട്ടുള്ള ഹോസ്റ്റൽ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും കൃത്യമായി പാലിക്കണം. അജ്ഞാതമായി തോന്നുന്നതോ സംശയകരമായ രീതിയിൽ പെരുമാറുന്നവരോ ആയ വ്യക്തികളുമായുള്ള സമ്പർക്കം ഒഴിവാക്കുക എന്നും മെമ്മോയിൽ പറഞ്ഞിട്ടുണ്ട്.

ഡ്യൂട്ടിയിലായിരിക്കുമ്പോൾ ചുറ്റുപാടുകളെക്കുറിച്ച് ജാഗ്രത പാലിക്കുകയും പൊതുജനങ്ങളുമായി മാന്യമായി ഇടപഴകുകയും വേണം.അതുവഴി നിങ്ങൾ ആളുകളുടെ അനാവശ്യ ശ്രദ്ധ ആകർഷിക്കുന്നത് ഒഴിവാക്കുവാനാകുമെന്നും പറയുന്നു.

എന്നാൽ മെമ്മോ വിവാദമായതോടെ ഇത് പിൻവലിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എൻഡിടിവിയോട് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com