ഡോക്ടർമാരുടെ പ്രതിഷേധം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ അത്യാഹിത വിഭാഗമൊഴികെ സർക്കാർ ആശുപത്രികളിലെ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. 8000ൽ പരം ഡോക്ടർമാർ പശ്ചിമ മഹാരാഷ്ട്രയിൽ പണിമുടക്കി.
കൊൽക്കത്തയിൽ പിജി ഡോക്ടറെ പീഡിപ്പിച്ച് കൊല്ലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ താത്കാലികമായി സമരം അവസാനിപ്പിക്കുകയാണെന്ന് ഫെഡറേഷൻ ഓഫ് റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (ഫോർഡ). ബിജെപി ദേശീയ അധ്യക്ഷനും ആരോഗ്യമന്ത്രിയുമായ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം. യോഗത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ ജെപി നദ്ദ അംഗീകരിച്ചതോടെയാണ് താത്കാലികമായി സമരം അവസാനിപ്പിക്കുന്നതെന്ന് ഫോർഡ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി ന്യൂ ഡൽഹിയിലെ വസതിയിൽ വെച്ചാണ് ഫോർഡയുടെ പ്രതിനിധി സംഘം നദ്ദയുമായി കൂടിക്കാഴ്ച നടത്തിയത്. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ടിൽ പ്രവർത്തിക്കാൻ ഫോർഡയുടെ പങ്കാളിത്തത്തോടെ ഒരു കമ്മിറ്റി രൂപീകരിക്കാൻ ആരോഗ്യമന്ത്രാലയം തയാറായിട്ടുണ്ട്. അടുത്ത 15 ദിവസത്തിനുള്ളിൽ ഇതിനായുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രാലയം ഉറപ്പു നൽകിയതായും ഡോക്ടർമാരുടെ റസിഡൻ്റ് അസോസിയേഷൻ അറിയിച്ചു.
READ MORE: 'ഇനിയും സമയം പാഴാക്കാനില്ല'; കൊല്‍ക്കത്തയിലെ വനിത ഡോക്ടറുടെ കൊലപാതകക്കേസ് ഏറ്റെടുത്ത് സിബിഐ
എന്നാൽ, മെഡിക്കൽ ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണങ്ങൾ തടയുന്നതിനുള്ള കേന്ദ്ര നിയമം നടപ്പിലാക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രസർക്കാരിനു കീഴിലുള്ള എയിംസ്, ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ, ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (എഫ്എഐഎംഎ) ഉൾപ്പെടെയുള്ള മറ്റ് റസിഡൻ്റ് ഡോക്ടർമാരുടെ സംഘടനകൾ അറിയിച്ചു.
ഡോക്ടർമാരുടെ പ്രതിഷേധം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ അത്യാഹിത വിഭാഗമൊഴികെ സർക്കാർ ആശുപത്രികളിലെ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. 8000ൽ പരം ഡോക്ടർമാർ പശ്ചിമ മഹാരാഷ്ട്രയിൽ പണിമുടക്കി. ഡൽഹിയിൽ അടക്കം വിവിധ നഗരങ്ങളിൽ പ്രതിഷേധങ്ങൾ നടന്നു. ഇതിനു പിന്നാലെയാണ് ജെപി നദ്ദയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.
സംഭവുമായി ബന്ധപ്പെട്ട കേസ് കൊൽക്കത്ത ഹൈക്കോടതി സി.ബി.ഐ ക്ക് കൈമാറി. കേസ് ഡയറി സിബിഐ ഇന്ന് കോടതിയിൽ ഹാജരാക്കണം, സംഭവത്തിൽ രണ്ടാഴ്ചയ്ക്കകം വിശദ റിപ്പോർട്ട് നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചീഫ് സെക്രട്ടറിയോടും ഡി.ജി.പി യോടും ആവശ്യപ്പെട്ടു.