
ഡോക്ടർ കൊല്ലപ്പെട്ട ആർജി കർ മെഡിക്കൽ കോളേജിൽ കേന്ദ്രസേനയെത്തി പരിശോധന നടത്തി. മെഡിക്കൽ കോളേജിൽ ആവശ്യമായ സുരക്ഷയൊരുക്കുന്നതിൻ്റെ ഭാഗമായാണ് കേന്ദ്രസേനയുടെ പരിശോധന. ഓഗസ്റ്റ് പതിനഞ്ചിന് രാത്രി പ്രതിഷേധക്കാർ കോളേജ് വളയുകയും, ആക്രമസംഭവങ്ങൾ ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തെ പൊലീസ് എന്ത് ചെയ്തുവെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ചോദിച്ചിരുന്നു. അതിൻ്റെ പശ്ചാത്തലത്തിലാണ് ഇന്ന് രാവിലെ കേന്ദ്രസേനയെത്തി പരിശോധന നടത്തിയത്.
ഇത്തരത്തിൽ ഒരു വലിയ പ്രതിഷേധമുണ്ടാകുകയും, ആശുപത്രി പരിസരങ്ങളിൽ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനം അതിനെ പ്രതിരോധിക്കാൻ തയ്യാറായിരുന്നില്ലെന്നത് മനസിലാക്കാൻ സാധിക്കുന്നില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഓഗസ്റ്റ് 15ന് ഉണ്ടായ ആക്രമസംഭവങ്ങളെ തുടർന്ന് നിരവധി ആരോഗ്യപ്രവർത്തകർ ആശുപത്രി വിട്ടിരുന്നു. അതിനാൽ, ആരോഗ്യ പ്രവർത്തകർക്ക് തിരിച്ചെത്തി സുരക്ഷിതമായി ജോലി ചെയ്യാൻ സാധിക്കണം. അതിന് വേണ്ട സുരക്ഷാസംവിധാനങ്ങൾ ഒരുക്കാനും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ. ബി. പർദ്ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ കേസ് പരിഗണിച്ചത്. കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ആർജി കർ മെഡിക്കൽ കോളേജിൽ പ്രതിഷേധം തുടരുകയാണ്.
അതേസമയം, സംഭവത്തിൽ സിബിഐ മുൻ കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷിൻ്റെ നുണപരിശോധന നടത്തും. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചോദ്യം ചെയ്യലിൽ സന്ദീപ് ഘോഷിൻ്റെ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതോടെയാണ് സിബിഐ നുണപരിശോധനയ്ക്ക് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്. നുണപരിശോധന നടത്താൻ കോടതി സിബിഐക്ക് അനുമതി നൽകിയിരുന്നു.