fbwpx
ബലാത്സംഗ കേസുമായി ബന്ധപ്പെട്ട വിഷയമല്ല, രാജ്യത്തെ ഡോക്ടര്‍മാരുടെ സുരക്ഷാപ്രശ്‌നം: കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ സുപ്രീം കോടതി
logo

ന്യൂസ് ഡെസ്ക്

Last Updated : 20 Aug, 2024 12:48 PM

സ്ത്രീകൾക്ക് ജോലിക്ക് പോകാനുള്ള സാഹചര്യവും, മികച്ച തൊഴിൽ സാഹചര്യങ്ങളുമില്ലെങ്കിൽ അതിനർഥം, അവർക്ക് ലിംഗ തുല്യത നിഷേധിക്കപ്പെടുന്നുവെന്നാണ്

KOLKATA DOCTOR MURDER


കൊൽക്കത്തയിൽ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം ആശുപത്രികളിലെ സുരക്ഷയെ സംബന്ധിക്കുന്ന വിഷയമെന്ന് സുപ്രീം കോടതി. ആശുപത്രിയിലുണ്ടായ ബലാത്സംഗം എന്നതിലുപരി, രാജ്യത്തെ ആരോഗ്യരംഗത്ത് ഡോക്ടർമാരുടെ സുരക്ഷയെ സംബന്ധിക്കുന്ന വിഷയമാണ്. സ്ത്രീകൾക്ക് ജോലിക്ക് പോകാനുള്ള സാഹചര്യവും, മികച്ച തൊഴിൽ സാഹചര്യങ്ങളുമില്ലെങ്കിൽ അതിനർഥം, അവർക്ക് ലിംഗ നീതി നിഷേധിക്കപ്പെടുന്നുവെന്നാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 


കൊല്ലപ്പെട്ട ഡോക്ടറുടെ പേരും, ഫോട്ടോയുമടക്കമുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചു. ഇതും ഏറെ ആശങ്കയുണ്ടാക്കുന്ന വിഷയമാണ്. ആശുപത്രി ജീവനക്കാരുടെ സുരക്ഷയ്ക്ക് ദേശീയ പ്രോട്ടോക്കോൾ വേണമെന്ന് കോടതി പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താൻ സുപ്രീം കോടതി പത്തംഗ നാഷണൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. നാവികസേന മെഡിക്കൽ ഡയറക്ടറാണ് ടാസ്ക് ഫോഴ്സിന് നേതൃത്വം നൽകുക.

വനിതാ ആരോഗ്യ പ്രവര്‍ത്തകര്‍ അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന സാഹചര്യമാണ് ഇപ്പോഴത്തേത്. കൂടുതല്‍ പേര്‍ തൊഴില്‍ രംഗത്തേക്ക് കടന്നുവരുന്ന സാഹചര്യത്തില്‍, ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഇനിയും ഒരു ബലാത്സംഗക്കേസിന് കാത്തിരിക്കാന്‍ രാജ്യത്തിനാകില്ല. വിശ്രമിക്കാനുള്ള സാഹചര്യമോ, അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള സൗകര്യമോ, സുരക്ഷാ സംവിധാനങ്ങളോ ജോലിസ്ഥലത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നില്ല. ആകെയുള്ള പൊതു ശൗചാലയത്തിലെത്താന്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടതായ സാഹചര്യം പോലുമുണ്ടെന്നും  ജസ്റ്റിസ്. ഡി. വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.


ആരോഗ്യ പ്രവർത്തകർക്ക് വിശ്രമ സൗകര്യങ്ങളില്ലാത്തതിനെ കുറിച്ചും ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കെത്താൻ വാഹനസൗകര്യങ്ങൾ ലഭ്യമല്ലെന്നതും സിസിടിവി ക്യാമറകൾ ഇല്ലാത്തതും, ആയുധങ്ങൾ കണ്ടെത്താൻ പ്രത്യേക സ്ക്രീനിങ് സംവിധാനങ്ങളില്ലാത്തതുമെല്ലാം കോടതി ചൂണ്ടിക്കാട്ടി. കേസിനെ സംബന്ധിക്കുന്ന അന്വേഷണ റിപ്പോർട്ട് ഓഗസ്റ്റ് 22നകം സമർപ്പിക്കണമെന്നും സുപ്രീം കോടതി സിബിഐയ്ക്ക് ഉത്തരവിട്ടു. 


READ MORE: കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: പ്രതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കും


ആശുപത്രി സുരക്ഷയെ സംബന്ധിക്കുന്ന നിർദേശങ്ങളും സുപ്രീം കോടതി മുന്നോട്ടുവെച്ചു. അത്യാഹിത വിഭാഗത്തില്‍ അധിക സുരക്ഷ, ബാഗേജുകൾ സ്ക്രീനിങ് നടത്തണം, പരിധിക്കപ്പുറം ആളുകളെ അനുവദിക്കരുത്, ജനക്കൂട്ടത്തെ നിയന്ത്രിക്കണം, ഡോക്ടർമാർക്കും നഴ്സുമാർക്കും വിശ്രമമുറികള്‍ ഉറപ്പുവരുത്തണം, ബയോമെട്രിക്സ് തിരിച്ചറിയല്‍ സംവിധാനങ്ങള്‍ ഉറപ്പുവരുത്തണം, സിസിടിവി സ്ഥാപിക്കണം, വെളിച്ചം വേണം, ജീവനക്കാർക്ക് രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ ഗതാഗത സൗകര്യമൊരുക്കണം, പ്രതിസന്ധികള്‍ മറികടക്കാന്‍ ശിൽപശാലകൾ നടത്തണം,  മൂന്നുമാസം കൂടുമ്പോള്‍ സുരക്ഷ ഓഡിറ്റ് ചെയ്യണം, ആരോഗ്യപ്രവര്‍ത്തകർക്കായി ഹെൽപ്പ് ലൈൻ നമ്പർ വേണം എന്നീ നിർദേശങ്ങളാണ് സുപ്രീം കോടതി നൽകിയത്. 


ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ. ബി പർദ്ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കൊലപാതകത്തിൽ ഡോക്ടർമാരടക്കമുള്ളവരുടെ രാജ്യവ്യാപക പ്രതിഷേധത്തെ തുടർന്ന് സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ കൊൽക്കത്ത ഹൈക്കോടതി കേസ് സിബിഐയെക്ക് വിട്ടിരുന്നു.

READ MORE: കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: അന്വേഷണ ചുമതല ഹത്രസ്, ഉന്നാവോ കേസുകൾ അന്വേഷിച്ച സിബിഐ ഓഫീസർമാർക്ക്


NATIONAL
"എല്ലാം കടവുളുക്ക് സ്വന്തം"; അബദ്ധത്തില്‍ കാണിക്കവഞ്ചിയില്‍ വീണ ഐഫോൺ തിരികെ നൽകാനാകില്ലെന്ന് തമിഴ്നാട് മന്ത്രി
Also Read
user
Share This

Popular

NATIONAL
KERALA
'ഇനി സിനിമ ഹിറ്റടിക്കും'; പുഷ്പ 2 റിലീസ് ദിവസം യുവതി മരിച്ച വാര്‍ത്തയറിഞ്ഞ് അല്ലു അര്‍ജുന്‍ പറഞ്ഞു: തെലങ്കാന എംഎല്‍എ നിയമസഭയില്‍