കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ കൊൽക്കത്ത ഹൈക്കോടതി കേസ് സിബിഐയെക്ക് വിട്ടിരുന്നു
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജിൽ യുവ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അടങ്ങുന്ന ബഞ്ചാണ് ഹർജി പരിഗണിക്കുക. കൊലപാതകത്തിൽ ഡോക്ടർമാരടക്കമുള്ളവരുടെ രാജ്യവ്യാപക പ്രതിഷേധത്തെ തുടർന്നാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ കൊൽക്കത്ത ഹൈക്കോടതി കേസ് സിബിഐയെക്ക് വിട്ടിരുന്നു.
കേസിൽ മുഖ്യപ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന സിബിഐ ഇന്ന് നടത്തിയേക്കും. പ്രതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാനുള്ള കോടതി അനുമതി
കഴിഞ്ഞദിവസമാണ് ലഭിച്ചത്. ഇതുപ്രകാരം, ഇന്നാകും സിബിഐ പരിശോധന നടത്തുക. ശനിയാഴ്ച പ്രതിയുടെ മനഃശാസ്ത്ര ടെസ്റ്റും സിബിഐ നടത്തുമെന്ന് അറിയിച്ചിരുന്നു.
ALSO READ: മമതാ ബാനർജിക്കെതിരെ വിവാദ പരാമർശം നടത്തിയ വിദ്യാർഥിയെ അറസ്റ്റ് ചെയ്തു
ആർജി കർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർഥിയായ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത് ഓഗസ്റ്റ് ഒൻപതിനാണ്. കേസിൽ പ്രതിയെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത് അടുത്തിടെയാണ്. മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഹെഡ് സെറ്റാണ് പ്രതിയെ കണ്ടുപിടിക്കാൻ പൊലീസിന് സഹായമായത്.
അതേസമയം, ഡോക്‌ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം തുടരുകയാണ്. കൊൽക്കത്തയിലെ തെരുവിൽ ഡോക്ടമാർ ചേർന്ന് മനുഷ്യച്ചങ്ങല തീർത്തു. പ്രതിഷേധത്തിൻ്റെ ഭാഗമായി റോഡുകൾ ഉപരോധിക്കുകയും ചെയ്തു. ആർജി കർ ആശുപത്രിയിലെ മുൻ വിദ്യാർഥികളും സീനിയർ ഡോക്ടർമാരുമെല്ലാം പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.
ALSO READ: 'മമത ബാനർജിയിലുള്ള വിശ്വാസം നഷ്ടമായി, രാജിവെക്കണം'; കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്
ഹോസ്‌പിറ്റലിൽ നടന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണെന്നും, തങ്ങൾക്ക് നീതി വേണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു. കുറ്റകൃത്യത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം ശിക്ഷിക്കണമെന്നും ഇരയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്തു വിടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.