fbwpx
സുരക്ഷ തേടി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ച് ഡോക്ടർമാർ; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് മുന്നിൽ രോഗികളെ ചികിത്സിക്കും
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Aug, 2024 10:11 AM

കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്, എമർജൻസി സേവനങ്ങളൊഴികെ, ഒപിയിലേയും വാർഡുകളിലേയും മുഴുവൻ സേവനങ്ങളും താൽക്കാലികമായി നിർത്തിവെച്ച് ഡോക്ടർമാർ അനിശ്ചിതകാല പണിമുടക്കിലാണ്

KOLKATA DOCTOR MURDER


കൊൽക്കത്തയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ഉയരുന്നതിനിടെ ഡൽഹി എയിംസിലെ റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (ആർഡിഎ) ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രവർത്തിക്കുന്ന നിർമാൺ ഭവന് പുറത്ത് ഒപിഡി സേവനങ്ങൾ നൽകും. അതേസമയം, സമരം തുടരുമെന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) റസിഡൻ്റ് ഡോക്ടർമാർ അറിയിച്ചു. രാവിലെ 11 മണി മുതൽ നിർമാൺ ഭവന് പുറത്തുള്ള രോഗികൾക്ക് ഏകദേശം 36 സ്പെഷ്യാലിറ്റികളുടെ ഒപിഡി സേവനങ്ങൾ നൽകുമെന്നും എയിംസ് ആർഡിഎ അറിയിച്ചു.

കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്, എമർജൻസി സേവനങ്ങളൊഴികെ, ഒപിയിലേയും വാർഡുകളിലേയും മുഴുവൻ സേവനങ്ങളും താൽക്കാലികമായി നിർത്തിവെച്ച് ഡോക്ടർമാർ അനിശ്ചിതകാല പണിമുടക്കിലാണ്. ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുക, മെഡിക്കൽ ഉദ്യോഗസ്ഥർക്ക് സുരക്ഷാ നിയമം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാർ സമരം നടത്തുന്നത്.

രാജ്യത്തുടനീളമുള്ള ആരോഗ്യ പ്രവർത്തകരെയും സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിനായി ഒരു ഓർഡിനൻസ് വഴി കേന്ദ്ര നിയമം കൊണ്ടുവരാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എയിംസ് ആർഡിഎ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കൊൽക്കത്ത സർക്കാർ ആശുപത്രി ആക്രമണത്തെ കുറിച്ചും രാജ്യത്തുടനീളമുള്ള ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവർക്കെതിരായ അക്രമങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതിലും അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധ ആകർഷിച്ചു.

READ MORE: കൊൽക്കത്തയിലെ ഡോക്‌ടറുടെ കൊലപാതകം: സമരത്തിൽ പങ്കെടുത്ത 42 ഡോക്ടർമാരെ സ്ഥലംമാറ്റിയ ഉത്തരവ് റദ്ദാക്കി


കൊൽക്കത്ത ഞെട്ടിക്കുന്ന ബലാത്സംഗത്തേയും കൊലപാതകത്തേയും തുടർന്ന്, പത്മ അവാർഡ് ജേതാക്കളായ ഒരു കൂട്ടം ഡോക്ടർമാർ പ്രസിഡൻ്റ് ദ്രൗപദി മുർമുവിനോട് അടിയന്തരമായി ഇടപെടണമെന്ന് അഭ്യർത്ഥിച്ചു. ആരോഗ്യ പ്രവർത്തകർക്കെതിരെ, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായി ഡോക്ടർമാർ വിമർശിച്ചു.

പ്രതിഷേധിക്കുന്ന ഡോക്ടർമാർക്ക് അവരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞയാഴ്ച ഉറപ്പ് നൽകിയിരുന്നു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ നിർദേശിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് ഓഗസ്റ്റ് 17ന് മന്ത്രാലയം അറിയിച്ചു.

അതേസമയം, കൊൽക്കത്തയിലെ ബലാത്സംഗ, കൊലപാതക കേസിൽ രാജ്യവ്യാപക പ്രതിഷേധം ഉയരവെ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ചൊവ്വാഴ്ച വാദം കേൾക്കും.

READ MORE: 'മമത ബാനർജിയിലുള്ള വിശ്വാസം നഷ്ടമായി, രാജിവെക്കണം'; കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്


നേരത്തെ മുഖ്യമന്ത്രി മമത ബാനർജി ഓഗസ്റ്റ് 18 വരെ സംസ്ഥാന പൊലീസിന് കേസ് അന്വേഷിക്കാൻ അവസരം നൽകിയിരുന്നെങ്കിലും, ആ ഉത്തരവ് മറികടന്ന് അന്വേഷണം സിബിഐക്ക് കൈമാറാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ കേസ് ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

ആഗസ്റ്റ് 9നാണ് കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് പി.ജി. ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം പിന്നീടുള്ള ദിവസങ്ങളിൽ രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായി. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഒരു സിവിക് വളണ്ടിയറെ തൊട്ടടുത്ത ദിവസം അറസ്റ്റ് ചെയ്തിരുന്നു.


KERALA
വെള്ളാപ്പള്ളിക്ക് അഭിപ്രായം പറയാം; പക്ഷെ സതീശനെതിരെ അങ്ങനൊരു പ്രസ്താവന പ്രതീക്ഷിച്ചില്ല: കെ. സുധാകരന്‍
Also Read
user
Share This

Popular

NATIONAL
WORLD
കല്ലും, തക്കാളികളും വലിച്ചെറിഞ്ഞു, സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു; അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം