കൊല്ലം ആശ്രാമം മൈതാനത്ത് മെയ് 26നാണ് സൈക്കിൾ യാത്രക്കാരനായ റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചത്
കൊല്ലത്ത് വയോധികനെ ക്വട്ടേഷൻ നല്‍കി കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്. ഒന്നാം പ്രതി അനിമോൻ, രണ്ടാം പ്രതി മാഹീൻ, മുത്തൂറ്റ് നിധിയിലെ ജീവനക്കാരനായിരുന്ന നാലാം പ്രതി അനൂപ് എന്നിവരെയാണ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തത്. വില്ലേജ് ഓഫീസറുടേയും, മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്. ശനിയാഴ്‌ച കസ്റ്റഡി കാലാവധി അവസാനിക്കും മുൻപ് തെളിവെടുപ്പ് പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.
നിക്ഷേപം തട്ടിയെടുക്കാൻ കൊല്ലം ആശ്രാമം സ്വദേശി പാപ്പച്ചനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളിൽ മൂന്ന് പേരെയും ഒരുമിച്ചെത്തിച്ചായിരുന്നു തെളിവെടുപ്പ്. ഒന്നാം പ്രതി അനിമോൻ കൊല നടത്തിയത് എങ്ങനെയെന്ന് പൊലീസിനോട് വിവരിച്ചു. ഇത് ശരിവയ്ക്കും വിധം മുത്തൂറ്റ് നിധിയിലെ ജീവനക്കാരനായിരുന്ന അനൂപും കാര്യങ്ങൾ വിവരിച്ചു.
പാപ്പച്ചൻ്റെ സൈക്കിളിന് മുന്നിലായി സഞ്ചരിച്ച അനൂപ് സിഗ്നൽ നൽകിയതോടെ അമിത വേഗതയിലെത്തിയ കാർ പാപ്പച്ചനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആദ്യം കാറിൻ്റെ മുൻ ഗ്ലാസിലേക്കും പിന്നീട് നിലത്തും വീണ പാപ്പച്ചൻ്റെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കിയെന്നും അനിമോൻ വിശദീകരിച്ചു. ഇതിനിടെ രണ്ടാം പ്രതി മാഹീൻ, തന്നെ ചതിച്ചതാണെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞു. അതേസമയം, മാഹീൻ്റെ പ്രകടനം അഭിനയമാണെന്ന് അന്വേഷണ സംഘം വൃക്തമാക്കി. ഗൂഡാലോചനയിൽ പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.
READ MORE: അടിച്ചമര്‍ത്തലുകളെ അതിജീവിച്ച ഒരു നൂറ്റാണ്ട് കാലത്തെ പോരാട്ടം; സ്വാതന്ത്ര്യസമരം നാള്‍വഴികള്‍
കൊല്ലം ആശ്രാമം മൈതാനത്ത് മെയ് 26നാണ് സൈക്കിൾ യാത്രക്കാരനായ റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചത്. ആദ്യം മരണകാരണം സാധാരണമായിരുന്നു എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരുന്നത്. എന്നാല്‍, ഉയര്‍ന്നുവന്ന സംശയത്തെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. അതിനെത്തുടര്‍ന്നാണ് മരണം കൊലപാതമാണ് എന്ന് കണ്ടെത്തിയത്.