
പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ബുദ്ധദേബ് ഭട്ടാചാര്യ എന്ന പേരിന് പല തരം മാനങ്ങളുണ്ട്. മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ്, മുഖ്യമന്ത്രി എന്നിങ്ങനെ പശ്ചിമ ബംഗാളിലെ ചുവപ്പിന്റെ സുവര്‍ണ കാലഘട്ടം ബുദ്ധദേവിലൂടെ പരിണമിച്ച് അപ്രതീക്ഷിതമായ അന്ത്യത്തിലേക്കെത്തി. 1944 മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്തയിലായിരുന്നു ബുദ്ധദേബിന്റെ ജനനം. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജില്‍ നിന്നും ബംഗാളിയില്‍ ബിരുദം. 1966ല്‍ പാര്‍ട്ടി പ്രവേശനം. അതിനു ശേഷം, ബുദ്ധദേബിന്റെ ജീവിതം കമ്മ്യൂണിസ്റ്റ് ചട്ടക്കൂടിലായിരുന്നു.
ബംഗാളിന്റെ ബൗദ്ധിക വ്യവഹാരങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ബുദ്ധദേബ്. 1968 ജൂണില്‍ ഡിവൈഎഫ്‌ഐയുടെ ബംഗാള്‍ സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറിയായി. 1971-ല്‍ സി.പി.എം പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1982-ല്‍ സംസ്ഥാന സെക്രേട്ടറിയറ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ തലത്തിലേക്ക് ബുദ്ധദേബിന്റെ പ്രവേശനം 1984 ല്‍ കേന്ദ്രകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായിക്കൊണ്ടായിരുന്നു. പിന്നീട്, 1985-ല്‍ കേന്ദ്രകമ്മിറ്റിയിലേക്കും 2000ല്‍ പോളിറ്റ് ബ്യൂറോയിലേക്കും.
പശ്ചിമ ബംഗാളിലെ ഭരണ നേതൃത്വത്തിലേക്ക് ബുദ്ധദേബ് എത്തുന്നത് 1977ലാണ്. സംസ്ഥാനത്തിന്റെ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ളിക് റിലേഷന്‍സ് വകുപ്പ് മന്ത്രിയായി. 1987ല്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചറല്‍ അഫയേഴ്‌സ് വകുപ്പ് പാര്‍ട്ടി ബുദ്ധദേബിനെ ഏല്‍പ്പിച്ചു. 1996ല്‍ ആഭ്യന്തര വകുപ്പ് മന്ത്രിയായ ബുദ്ധദേബ് 1999ല്‍ ഭരണത്തിലെ രണ്ടാമനായി. 2000ല്‍ ജ്യോതി ബസുവിന്റെ പിന്‍ഗാമിയായി മുഖ്യമന്ത്രി സ്ഥാനം.
ലോകത്ത് കമ്മ്യൂണിസത്തിനു സംഭവിക്കുന്ന ഗതിവിഗതികളില്‍ അതീവ ശ്രദ്ധ ചെലുത്തിയിരുന്ന നേതാവായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ. അറുപതുകളുടെ അവസാനത്തില്‍ വിയറ്റ്‌നാം സോളിഡാരിറ്റി കമ്മിറ്റിയുടെ പ്രധാന പ്രവര്‍ത്തകനായിരുന്നു. 1975-ല്‍ സൈഗോണിന്റെ (ഹോ ചി മിന്‍ സിറ്റി) വിമോചനത്തിന് തൊട്ടുപിന്നാലെ ലെ ഡക് തോയുടെ പ്രശസ്ത കവിത വിവര്‍ത്തനം ചെയ്തു. ഹോ ചിമിന്‍ ജന്മശതാബ്ദിയോടനുബന്ധിച്ച് വിയറ്റ്‌നാം സന്ദര്‍ശിച്ചു. 1982 ല്‍ ചൈനയും.
ചുവപ്പിന്റെ മണ്ണില്‍ നിന്നും സിപിഎമ്മിന്റെ വേരുകള്‍ അടര്‍ന്നത് ബുദ്ധദേബ് വിരുദ്ധ തരംഗത്തിലായിരുന്നു. 2000 മുതല്‍ 2011 വരെ 11 വര്‍ഷം പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രി ആയിരുന്ന ബുദ്ധദേബ് വ്യവസായവത്കരണത്തെ തൊഴില്‍ സാധ്യതയായി കണ്ടു. ബംഗാളില്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സിംഗൂര്‍, നന്ദിഗ്രാം എന്നിവിടങ്ങളില്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ടാറ്റയുടെ നാനോ ഫാക്ടറി ഇവിടെ കൊണ്ടുവരാനായിരുന്നു പദ്ധതി. എന്നാല്‍ കര്‍ഷക ഗ്രാമങ്ങള്‍ അതിനെ എതിരിട്ടു.
ജനങ്ങള്‍ തെരുവില്‍ ഇറങ്ങി. തുടര്‍ന്നുണ്ടായ പൊലീസ് ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയായ ബുദ്ധദേബിന് സാധിച്ചില്ല. തുടര്‍ന്ന് വിവാദങ്ങളുടെ കാലം. സാള്‍ട്ട് ലേക് സിറ്റി ഭൂമി ഇടപാടില്‍ ബുദ്ധദേബ് പ്രതിയായി. സര്‍ക്കാര്‍ ഭൂമി നിസാര വിലയ്ക്കു വിറ്റെന്ന് ഹൈക്കോടതി കണ്ടെത്തി. നന്ദിഗ്രാം തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ജനങ്ങള്‍ ബാലറ്റിലൂടെ പുറത്താക്കി. പകരം വന്ന തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ സിപിഎമ്മിന്റെ പതനം ഉറപ്പാക്കുന്നത് അജണ്ടയാക്കി. ബിജെപി അത് പൂര്‍ത്തിയാക്കി.
29 വര്‍ഷം നിയമസഭാഗവും ആറു തവണ സംസ്ഥാന മന്ത്രിയും ആയിരുന്ന ബുദ്ധദേബ് പൊതുരംഗത്ത് നിന്നും പിന്മാറി. 2015ല്‍ പിബിയില്‍ നിന്നും 2018ല്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും മാറി നിന്നു. അവസാനനാളുകള്‍ രണ്ട് മുറികളുള്ള ചെറിയ ഫ്‌ലാറ്റിലായിരുന്നു താമസം. പുസ്തകങ്ങള്‍ നിറഞ്ഞ മുറയില്‍ ബുദ്ധദേബ് ലോകത്തെ കണ്ടു. ആറുവര്‍ഷത്തിനിടെ 13 പുസ്തകങ്ങള്‍ എഴുതി. കാഴ്ച കുറഞ്ഞപ്പോള്‍ മാഗ്‌നിഫയിങ് ഗ്ളാസ് ഉപയോഗിച്ച് വായിച്ചു. മങ്ങിയ കാഴ്ചയിലും പുസ്തകങ്ങളിലേക്ക് ഇറങ്ങിയ ഇഎംഎസ്, പി ഗോവിന്ദപ്പിള്ള എന്നിവരെപ്പോലെ. എന്നാല്‍ അവരില്‍ നിന്നും വ്യത്യസ്തമായി ഒരു കാര്യം ഈ കമ്മ്യൂണിസ്റ്റിനെ അലട്ടി- കമ്മ്യൂണിസ്റ്റ് ഭരണം നഷ്ടപ്പെടുത്തി എന്ന കുറ്റപ്പെടുത്തല്‍.