എങ്ങനെയാണ് ഈ തട്ടിപ്പിൽ വീണു പോകുന്നത്?എന്താണ് പരിഹാരം ?തട്ടിപ്പിനിരയായാല്‍ എന്താണ് ചെയ്യേണ്ടത്?
അത്യാവശ്യത്തിന് പണം തരാൻ വിരൽത്തുമ്പിൽ ഒരാള്‍. ലോൺ ആപ്പുകൾ ക്ലിക്കായത് അങ്ങനെയാണ്. പക്ഷേ, ഫോണിൽ അത് വരെ സൂക്ഷിച്ച രഹസ്യങ്ങളൊക്കെയും ആപ്പ് കവർന്നെടുത്ത് കഴിയുമ്പോണ് മരണക്കുരുക്കാണെന്ന് അറിയുന്നത് തന്നെ. പെരുമ്പാവൂർ സ്വദേശിനി ആരതി ലോണ്‍ ആപ്പുകളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ്. എങ്ങനെയാണ് ഈ തട്ടിപ്പിൽ വീണു പോകുന്നത്? എന്താണ് പരിഹാരം ? തട്ടിപ്പിനിരയായാല്‍ എന്താണ് ചെയ്യേണ്ടത്?
ALSO READ: നഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും എന്ന് മെസേജ്; അങ്ങനെ ചെയ്താല്‍ ജീവനൊടുക്കുമെന്ന് ആരതിയുടെ മറുപടി
പെരുമ്പാവൂർ സ്വദേശിനി ആരതി ആത്മഹത്യ ചെയ്തത് മോർഫ് ചെയ്യപ്പെട്ട സ്വന്തം ചിത്രങ്ങള്‍ പ്രചരിക്കുന്നതിലെ അപമാനം സഹിക്കാൻ കഴിയാതെയാണ്. ജീവനെടുക്കുന്ന ലോൺ ആപ്പുകളുടെ ചതിക്കുഴിയില്‍ അഭ്യസ്തവിദ്യരായ മലയാളികള്‍ ഇപ്പോഴും വീണു പോകുന്നത് എന്തുകൊണ്ടാകും? വിദഗ്ധമായ കരുക്കള്‍, ഭീഷണികള്‍, വെർച്ച്വല്‍ അറസ്റ്റുകള്‍, മോർഫിങ് എന്നിങ്ങനെ തട്ടിപ്പുകാരുടെ ആയുധങ്ങള്‍ നിരവധിയാണ്. ഈ വർഷം മാത്രം രാജ്യത്ത് തട്ടിപ്പിലൂടെ ജനങ്ങള്‍ക്ക് നഷ്ടമായത് 7000 കോടി രൂപയാണെന്ന ഞെട്ടിക്കുന്ന കണക്ക് കൂടി കേട്ടാലാണ് ഈ അപകടത്തിന്‍റെ വ്യാപ്തി മനസ്സിലാകുക.
നമ്മുടെ മൊബൈൽ ഫോൺ തന്നെയാണ് ഈ ചതിക്കുരിക്കിനെ നമ്മളുമായി അടുപ്പിക്കുന്നത്. സാധാരണക്കാർക്ക് എളുപ്പത്തിൽ നൽകാൻ കഴിയുന്ന കെവൈസി രേഖകൾ മാത്രം സ്വീകരിച്ച് വായ്പ ലഭ്യമാക്കിയാണ് ഇത്തരം ആപ്പുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ നമ്മുടെ ഫോണിലെ കോണ്‍ടാക്ട് നമ്പറുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവയൊക്കെ തട്ടിപ്പുകാർക്ക് ലഭിക്കും. ഈ കോണ്‍ടാക്റ്റ് നമ്പറുകളും ഫോട്ടോകളുമാണ് നമ്മുടെ ജാമ്യം.
ALSO READ: പെരുമ്പാവൂരിൽ യുവതി ജീവനൊടുക്കി; ഓൺലൈൻ മണി ആപ്പിന്റെ ഭീഷണിയെന്ന് ആരോപണം
കോണ്‍ടാക്റ്റ് നമ്പറുകളുടെ എണ്ണം കൂടുംതോറും ലഭിക്കാൻ സാധ്യതയുള്ള തുകയുടെ പരിധിയും കൂടും. അത്യാവശ്യക്കാർ വായ്പ ലഭിക്കാനായി ചോദിക്കുന്ന വിവരങ്ങൾ നൽകി പണം കൈപ്പറ്റും. 3000 രൂപ വായ്പ എടുത്താൽ വിവിധ ചാർജുകൾ കഴിച്ച് 2200 നും 2600 നും ഇടയിലുളള തുക അക്കൗണ്ടിൽ ഉടനടി ലഭിക്കും. ഏഴ് ദിവസമാണ് തിരിച്ചടവ് കാലാവധി. തിരിച്ചടവ് മുടങ്ങിയാലുടൻ ആദ്യം ഭീഷണി. പിന്നെ നിങ്ങളുടെ ഫോണില്‍ നിന്നു ശേഖരിച്ച നിങ്ങളുടെ തന്നെ ചിത്രങ്ങള്‍ മോർഫ് ചെയ്ത് അയക്കും. ഈ ചിത്രങ്ങള്‍ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒക്കെ അയച്ചുനൽകും. ഉപഭോക്താവിന്‍റെ കോണ്ടാക്ട് ലിസ്റ്റിലുളള മറ്റ് നമ്പരുകളിലേയ്ക്ക് വിളിച്ച് ലോൺ എടുത്തയാൾ ജാമ്യം തന്നിരിക്കുന്നത് നിങ്ങളെയാണെന്നും തുക തിരികെ അടച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തും. ഇതോടെ മറ്റൊരു ആപ്പിൽ നിന്ന് വായ്പയെടുത്ത് ആദ്യത്തെ തുക അടയ്ക്കാൻ ഉപഭോക്താവ് നിർബന്ധിതനാകും. ഒടുവില്‍ വായ്പ എടുത്തയാൾ ഗത്യന്തരമില്ലാതെ ആത്മഹത്യയില്‍ ചെന്നുനില്‍ക്കും.
എന്താണ് ഇതിന് പോംവഴി?
RBI അംഗീകാരമില്ലാത്ത ലോണ്‍ ആപ്പ് ഒരു കാരണവശാലും ഉപയോഗിക്കാതിരിക്കുക എന്നതാണ് പ്രധാനം. അവരുടെ പ്രലോഭനങ്ങള്‍ തിരസ്കരിക്കാനും ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കാനും ജാഗ്രത വേണം. വായ്പ ആവശ്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങളെയും ബാങ്കുകളെയും മാത്രം ആശ്രയിക്കുക. അഥവാ നിങ്ങള്‍ തട്ടിപ്പിനിരയാക്കപ്പെട്ടാല്‍ എന്തു ചെയ്യണം? ഉടനടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൈബര്‍ ഹെല്പ് ലൈന്‍ നമ്പറായ 1930ല്‍ ബന്ധപ്പെടുക. 9497980900 എന്ന വാട്ട്സാപ്പ് നമ്പറില്‍ 24 മണിക്കൂറും പൊലീസിന് വിവരങ്ങള്‍ കൈമാറുകയും ചെയ്യാം.
ALSO READ: ഓൺലൈൻ ഭാഗ്യക്കുറി തട്ടിപ്പ്: വ്യാജ ആപ്പുകൾ നീക്കാൻ ഗൂഗിളിന് നോട്ടീസ് നൽകി പൊലീസ്
കേരളത്തില്‍ ഈയിടെ വ്യാപകമായിരിക്കുന്നത് 'വെർച്വൽ അറസ്റ്റ്'എന്ന പേരിലുള്ള തട്ടിപ്പാണ്. തിരുവനന്തപുരം കാലടി സ്വദേശിയായ ബിസിനസുകാരനും ഭാര്യയുമാണ് സംസ്ഥാനത്ത് 'വെർച്വൽ അറസ്റ്റ്' ഭീഷണിയുടെ ഏറ്റവും ഒടുവിലത്തെ ഇരകൾ. സംഘത്തിന്‍റെ വലയിൽപ്പെട്ട ദമ്പതിമാർ ഒരു രാത്രി മുഴുവനാണ് വീഡിയോ കോളിലൂടെ വ്യാജ 'വെർച്വൽ അറസ്റ്റിൽ കഴിഞ്ഞത്. യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ കൂറിലോസിനെ ഓൺലൈനിൽ സമാനരീതിയിൽ കബളിപ്പിച്ച് പണം തട്ടിയെടുത്തതും ഈയിടെയാണ്. 'വെർച്വൽ അറസ്റ്റ്' എന്നൊരു സംഗതിയേ ഇല്ലെന്നും ഓൺലൈനായുള്ള അറസ്റ്റിനു നിയമസാധുതയില്ലെന്നും നാം മനസ്സിലാക്കണം.
ഓൺലൈൻ തട്ടിപ്പിൽ പണം നഷ്‌ടമാകുന്നത് പുതുമയല്ലെന്ന തരത്തിലേക്കു മാറി കാര്യങ്ങൾ. വൈദികൻ മുതൽ ക്രിമിനൽ അഭിഭാഷകൻ വരെ തട്ടിപ്പുകാരുടെ 'വേഷംകെട്ടലി'ന് ഇരയാവുന്നു. ചാർട്ടേഡ് അക്കൗണ്ടൻ്റിൽ നിന്നും ഹൈടെക് വിഭാഗത്തിലെ മുൻ പോലീസു ഉദ്യോഗസ്ഥനിൽ നിന്നും വരെ ലക്ഷങ്ങൾ തട്ടിപ്പുകാർ കൊണ്ടുപോവുന്നു. ഈ സ്ഥിതിയില്‍ മൂന്ന് കാര്യങ്ങള്‍ ഓർമയിലുണ്ടാകണം. ആപ്പിന് ആർബിഐ അംഗീകാരമുണ്ടോയെന്ന് അന്വേഷിക്കുക. വ്യക്തിഗത വിവരങ്ങള്‍ നല്‍കാതിരിക്കുക. തട്ടിപ്പിനിരയായാല്‍ ഉടനടി പൊലീസില്‍ ബന്ധപ്പെടുക. നമ്മുടെ മുന്നിലുള്ള ഏക പരിഹാരം നിരന്തര ജാഗ്രത മാത്രമാണ്.