
ചൂരൽ മല ദുരന്തത്തെ തുടർന്ന് ചാലിയാർ തീരങ്ങളിൽ നടത്തിയ തെരച്ചിൽ അവസാനിച്ചു. 58 മൃതദേഹങ്ങളാണ് ഇന്ന് കിട്ടിയത്. നിലമ്പൂർ ജില്ല ആശുപത്രിയിൽ മാത്രം 115 മൃതദേഹങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം നടപടികൾ തുടരുന്നുവെന്നാണ് ലഭ്യമായ വിവരം. ഇതിനോടകം 34 മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് മേപ്പാടിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. . 38 നടുത്ത് ശരീരഭാഗങ്ങൾ തെരച്ചിൽ നടന്ന പ്രദേശത്തു നിന്ന് നിന്ന് ലഭിച്ചിട്ടുണ്ട്. ശരീരഭാഗങ്ങൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ALSO READ: ചൂരൽമല രക്ഷാദൗത്യം പുരോഗമിക്കുന്നു; മരണം 246
അതേ സമയം മുണ്ടക്കൈ മേഖലയില്‍ നിന്ന് ഇന്ന് കണ്ടെടുത്തത് 32 മൃതദേഹങ്ങളാണ്. ഒരു കെട്ടിടത്തിനുള്ളില്‍ നിന്ന് തന്നെ 14 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ, മേപ്പാടി മേഖലകളിൽ ശക്തമായ മഴ കാരണം രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
കേരളം ഇന്നേവരെ കാണാത്തത്രയും ശക്തമായ ഉരുൾപൊട്ടലിൽ 246 മരണമാണ് സംസ്ഥാന സർക്കാർ ഇതുവരെ സ്ഥിരീകരിച്ചത്. ഇനിയും നിരവധി പേരെ കണ്ടെത്തേണ്ടതുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ ഔദ്യോഗികമായി നൽകുന്ന വിവരം.