പാകിസ്ഥാനിൽ സ്ഥിരീകരിച്ച കേസിന് കാരണമായ മങ്കി പോക്സ് വകഭേദം ഏതാണെന്ന് നിലവിൽ കണ്ടെത്താനായിട്ടില്ലെന്ന് പാകിസ്ഥാൻ ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു
അടുത്തിടെ ആഫ്രിക്കയിൽ പൊട്ടിപ്പുറപ്പെട്ട മങ്കി പോക്സ് രോഗബാധ ഏഷ്യയിലേക്കും പടരുന്നു. കൂടുതൽ എളുപ്പത്തിൽ പടരുന്നതും മാരകവുമായ വൈറസ് വകഭേദം യൂറോപ്പിലെ സ്വീഡനിൽ സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ, ഏറ്റവുമൊടുവിലായി പാകിസ്ഥാനിലാണ് ഒരു കേസ് കണ്ടെത്തിയിരിക്കുന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
പാകിസ്ഥാനിൽ സ്ഥിരീകരിച്ച കേസിന് കാരണമായ മങ്കി പോക്സ് വകഭേദം ഏതാണെന്ന് നിലവിൽ കണ്ടെത്താനായിട്ടില്ലെന്നും പാകിസ്ഥാൻ ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. 34 കാരനായ രോഗിയെ പാകിസ്ഥാനിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിലാണ് ചികിത്സിക്കുന്നത്. ഈ രോഗിക്ക് ബാധിച്ചത് വൈറസിൻ്റെ ഏത് വകഭേദമാണെന്ന് കണ്ടെത്തുന്നതിനായി ജനിതക സാമ്പിളുകൾ ഇസ്ലാമാബാദിലേക്ക് അയച്ചിട്ടുണ്ട്.
അതേസമയം, മങ്കി പോക്സ് രോഗബാധിതനായ ഒരു രോഗിയിൽ 'ക്ലേഡ് 1' എന്ന് പേരിട്ടിരിക്കുന്ന വൈറസിൻ്റെ കൂടുതൽ അപകടകരമായ വകഭേദം കണ്ടെത്തിയതായി വ്യാഴാഴ്ച സ്വീഡൻ പ്രഖ്യാപിച്ചിരുന്നു. രോഗിയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെ കൂടുതൽ എളുപ്പത്തിൽ പടരുന്ന 'ക്ലേഡ് 1' വൈറസ്, സെപ്റ്റംബറിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) ആദ്യമായി കണ്ടെത്തിയ വൈറസിൻ്റെ മാരകമായ വ്യാപനത്തെയാണ് സൂചിപ്പിക്കുന്നത്.
READ MORE: എംപോക്‌സ് തീവ്ര വ്യാപനം; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
സ്വീഡനിലെ പബ്ലിക് ഹെൽത്ത് ഏജൻസിയുടെ കണക്കനുസരിച്ച് ആഫ്രിക്കൻ ഭൂഖണ്ഡത്തിന് പുറത്ത് ഇത്തരത്തിലുള്ള ആദ്യത്തെ അണുബാധയാണ് സ്വീഡിഷ് കേസ്. ആഫ്രിക്കയിൽ സന്ദർശനം നടത്തിയ സമയത്താണ് ഇയാൾക്ക് രോഗം പിടിപെട്ടിട്ടുള്ളതെന്നും ഏജൻസി അറിയിച്ചു. എംപോക്സ് ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് സ്വീഡനിൽ എംപോക്സ് സ്ഥിരീകരിച്ചത്.
ആഫ്രിക്കയിലെ കോംഗോയിൽ ആരംഭിച്ച രോഗത്തിൻ്റെ തുടക്കത്തിൽ ചുരുങ്ങിയത് 450 പേരെങ്കിലും മരിച്ചിരുന്നു. ഇത് പിന്നീട് മധ്യ ആഫ്രിക്കയുടെ ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. രോഗം പിടിപെട്ടയാൾ രാജ്യത്ത് ചികിത്സയിലുണ്ട് എന്നതിനർഥം രോഗവ്യാപന സാധ്യതയുണ്ട് എന്നല്ലെന്ന് സ്വീഡിഷ് പബ്ലിക് ഹെൽത്ത് ഏജൻസി മേധാവി ഒലീവിയ വിഗ്സെൽ പറഞ്ഞു.
READ MORE: എം പോക്സിൻ്റെ തീവ്ര വകഭേദം ആഫ്രിക്കയ്ക്ക് പുറത്തും
മങ്കി പോക്സ് എന്നറിയപ്പെട്ടിരുന്ന 'എം പോക്സ്', ഇത് ബാധിച്ചയാളുമായി അടുത്ത് ഇടപഴകുകയോ, സെക്സ് ചെയ്യുകയോ, അടുത്ത് നിന്ന് സംസാരിക്കുകയോ, ശ്വസിക്കുകയോ ചെയ്യുന്നതിലൂടെ ഒക്കെയാണ് പകരുക.