സ്ത്രീ വിരുദ്ധത ഇന്ത്യൻ സമൂഹത്തിൻ്റെ ഭാഗം; ഹേമ കമ്മറ്റി റിപ്പോർട്ടിന്മേൽ ഉറപ്പായും സർക്കാർ നടപടിയുണ്ടാകുമെന്ന് എം.വി ഗോവിന്ദൻ

എല്ലാ നടപടികളും സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു
സ്ത്രീ വിരുദ്ധത ഇന്ത്യൻ സമൂഹത്തിൻ്റെ ഭാഗം; ഹേമ കമ്മറ്റി റിപ്പോർട്ടിന്മേൽ ഉറപ്പായും സർക്കാർ നടപടിയുണ്ടാകുമെന്ന് എം.വി ഗോവിന്ദൻ
Published on

സിനിമ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്ത് വരട്ടെ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെയാണ് എം.വി ഗോവിന്ദന്റെ പ്രതികരണം. റിപ്പോർട്ടിന്മേൽ ഉറപ്പായും സർക്കാർ നടപടിയുണ്ടാകും. എല്ലാ നടപടികളും സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടും. സ്ത്രീ വിരുദ്ധമായ പശ്ചാത്തലം ഇന്ത്യൻ സമൂഹത്തിൻ്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ മന്ത്രി പി. രാജീവും പ്രതികരിച്ചിരുന്നു. റിപ്പോർട്ടിന് മേലുള്ള ചർച്ചകൾ പ്രശ്ന പരിഹാരത്തിന് ഉതകുമെന്ന് തോന്നുന്നതായി മന്ത്രി പറഞ്ഞു. സ്ത്രീ സംരക്ഷണത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വൈകിപ്പിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. സർക്കാർ അഭിഭാഷകർ കോടതിയിൽ സ്വീകരിച്ചത് റിപ്പോർട്ട് പുറത്തുവിടണമെന്ന നിലപാടാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

സസ്പെന്‍സുകള്‍ക്കും ആശങ്കകള്‍ക്കും ഒടുവിലാണ് ഇന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നത്. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ 5 പേര്‍ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. മലയാള സിനിമ സെറ്റുകള്‍ സ്ത്രീ സൗഹൃദമല്ലെന്ന നിര്‍ണായക വിവരമാണ് റിപ്പോര്‍ട്ടിലുള്ളത്.

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് നിലനില്‍ക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവം ഒറ്റപ്പെട്ട സംഭവമല്ല. റിപ്പോര്‍ട്ട് ചെയ്ത പലതില്‍ ഒന്ന് മാത്രമാണിത്. ഇത് സാധൂകരിക്കുന്ന വാട്സാപ്പ് മെസെജുകളും സ്ക്രീന്‍ഷോട്ടുകളും അടക്കമുള്ള തെളിവുകള്‍ കമ്മിറ്റിയുടെ പക്കലുണ്ട്. ചില പുരുഷന്‍മാര്‍ക്ക് പോലും തെളിവുകള്‍ നല്‍കാന്‍ ഭയപ്പെടുന്നു. സിനിമ മേഖലയില്‍ പവര്‍ഗ്രൂപ്പ് സജീവമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com