18 വർഷം നീണ്ട തൻ്റെ കരിയറിന് ഒളിംപിക് മെഡലോടു കൂടി പരിസമാപ്തി കാണാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് വ്യക്തം.
തൻ്റെ കരിയറിനെ അസാധാരണമെന്ന് വിശേഷിപ്പിച്ച് ഇന്ത്യൻ ഹോക്കി ടീമിൻ്റെ ഗോൾ കീപ്പറും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ പി.ആർ. ശ്രീജേഷ്. സ്പെയിനിനെതിരായ കരിയറിലെ അവസാന മത്സരത്തിന് മുമ്പായി വിടവാങ്ങൽ കുറിപ്പിലൂടെയാണ് 36കാരനായ മലയാളി താരം മനസ് തുറന്നത്. 18 വർഷം നീണ്ട തൻ്റെ കരിയറിന് ഒളിംപിക് മെഡലോടു കൂടി പരിസമാപ്തി കാണാനാണ് താരം ആഗ്രഹിക്കുന്നത്.
പാരിസിൽ സ്പെയിനിനെ നേരിടുന്നതിന് മുന്നോടിയായി എക്‌സിലൂടെയാണ് ഇന്ത്യയുടെ 16ാം നമ്പർ ജേഴ്സിക്കാരനായ ശ്രീജേഷ് മനസ് തുറന്നത്. "അവസാനമായി പോസ്റ്റുകൾക്കിടയിൽ നിൽക്കുമ്പോൾ, എൻ്റെ ഹൃദയം നന്ദിയും അഭിമാനവും കൊണ്ട് വീർപ്പുമുട്ടുന്നു. സ്വപ്നങ്ങളുള്ള ഒരു ബാല്യത്തിൽ നിന്ന് ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കുന്ന മനുഷ്യനിലേക്കുള്ള ഈ യാത്ര അസാധാരണമായ ഒന്നായിരുന്നു,"
READ MORE: ഗുഡ് ബൈ റസ്ലിങ്, ഇതിൽ കൂടുതൽ ശക്തി എനിക്കില്ല: വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
"ഇന്ന് ഞാൻ ഇന്ത്യക്ക് വേണ്ടി എൻ്റെ അവസാന മത്സരമാണ് കളിക്കുന്നത്. ഓരോ സേവും, ഓരോ ഡൈവും, കാണികളുടെ ഓരോ ആരവവും എന്നെന്നേക്കുമായി എൻ്റെ ആത്മാവിൽ പ്രതിധ്വനിക്കും. നന്ദി ഇന്ത്യ, എന്നിൽ വിശ്വസിച്ചതിന്, എന്നോടൊപ്പം നിന്നതിന്. ഇത് അവസാനമല്ല, എന്നും പ്രിയങ്കരമായ ഓർമകളുടെ തുടക്കമാണ്. എക്കാലവും സ്വപ്നങ്ങളുടെ സൂക്ഷിപ്പുകാരൻ. ജയ് ഹിന്ദ്," ശ്രീജേഷ് കുറിച്ചു.
കരിയറിലെ നാലാം ഒളിംപിക്‌സിലാണ് ശ്രീജേഷ് പങ്കെടുക്കുന്നത്. പാരിസ് ഒളിംപിക്സോടെ വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.