fbwpx
വഖഫ് ഭേദഗതി നിയമം; ബിൽ അവതരണത്തിൽ ലോക്‌സഭയിൽ പ്രതിപക്ഷ പ്രതിഷേധം രൂക്ഷം
logo

ന്യൂസ് ഡെസ്ക്

Last Updated : 08 Aug, 2024 04:23 PM

വഖഫ് ബോഡികളിൽ അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തണമെന്നതുൾപ്പെടയുള്ള വ്യവസ്ഥകളാണ് തർക്കവിഷയമായത്

NATIONAL

ലോക്‌സഭയിൽ വഖഫ് ഭേദഗതി ബില്ലിനെതിരെ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ശക്തം. സംസ്ഥാന വഖഫ് ബോർഡുകളുടെ അധികാരങ്ങൾ, വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ, സർവേ, കയ്യേറ്റം നീക്കം ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനെന്ന് കാട്ടിയുള്ള വിവാദ ബിൽ നടപ്പിലാക്കുവാനുള്ള ശ്രമത്തിനെതിരെയാണ് പ്രതിഷേധമുയർന്നത്. കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് പാർലമെൻ്റിൽ ബിൽ അവതരിപ്പിച്ചത്.  കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി, ആം ആദ്മി, സിപിഎം തുടങ്ങിയ എല്ലാ പ്രതിപക്ഷ പാർട്ടി അംഗങ്ങളും ബില്ലിനെ ശക്തമായി എതിർത്തു.

ലോക്‌സഭയിൽ ബില്ലിൻ്റെ ചർച്ചയ്ക്കിടെ എഐസിസി അധ്യക്ഷൻ കെസി വേണുഗോപാൽ പുതിയ നിയമത്തെ "ക്രൂരം" എന്ന് വിശേഷിപ്പിച്ചു. ഇത് മതസ്വാതന്ത്ര്യത്തിനും ഫെഡറൽ സംവിധാനത്തിനും മേലുള്ള കടന്നാക്രമണമാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. വഖഫ് ബോർഡിൽ അമുസ്‌ളിം അംഗങ്ങളെ നിയമിക്കുന്ന വ്യവസ്ഥയെയും നേതാവ് എതിർത്തു.

വഖഫ് ബിൽ വിവേചനപരവും ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യമിടുന്നതുമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണ്. നിയമപരമായി നിലനിൽക്കില്ല. ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി ഇതിനെ നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ALSO READ: വഖഫ് ഭേദഗതി ബിൽ ഇന്ന് ലോക് സഭയിൽ; അവതരണാനുമതി പ്രതിപക്ഷ പ്രതിഷേധത്തെ മറികടന്ന്


ലോക്‌സഭയിലെ രണ്ടാമത്തെ വലിയ പ്രതിപക്ഷ ശക്തിയായ സമാജ്‌വാദി പാർട്ടിയും ബില്ലിനെതിരെ വലിയ എതിർപ്പാണ് ഉയർത്തിയത്. " ഒരു രാഷ്ട്രീയ തന്ത്രത്തിൻ്റെ ഭാഗമായാണ് പുതിയ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. വഖഫ് ബോഡിയിലേക്കുള്ള ആളുകൾക്കായി ജനാധിപത്യപരമായുള്ള തെരഞ്ഞെടുപ്പ് നടക്കുമ്പോൾ എന്തിനാണ് ആളുകളെ നോമിനേറ്റ് ചെയ്യുന്നത്. അമുസ്ലീങ്ങളെ വഖഫ് ബോഡികളിൽ ഉൾപ്പെടുത്തുന്നത് എന്തിനാണ്?" പാർട്ടി അധ്യക്ഷനും എംപിയുമായ അഖിലേഷ് യാദവ് വിഷയത്തിൽ തൻ്റെ എതിർപ്പ് രേഖപ്പെടുത്തി. ഇത് മുസ്ലീങ്ങളോടുള്ള അനീതിയാണെന്നും ഈ ബിൽ കാരണം തങ്ങൾ നൂറ്റാണ്ടുകളോളം കഷ്ടപ്പെടുമെന്നും സമാജ്‌വാദി പാർട്ടി എംപി മൊഹിബുള്ള പറഞ്ഞു.

ഭേദഗതികളുടെ മറവിൽ വഖഫ് ബോർഡുകളുടെ ഭൂമി വിൽക്കാൻ ബിജെപി ആഗ്രഹിക്കുന്നുവെന്ന ആരോപണം അഖിലേഷ് യാദവ് നേരത്തെ തന്നെ ഉയർത്തിയിരുന്നു. 'വഖഫ് ബോർഡിൻ്റെ' ഈ ഭേദഗതികളെല്ലാം ഒരു ഒഴികഴിവ് മാത്രമാണ്; പ്രതിരോധം, റെയിൽവേ, നസുൽ ഭൂമി തുടങ്ങിയവയുടെ വിൽപന മാത്രമാണ് ഇതിൻ്റെ ലക്ഷ്യം," എക്‌സ് പോസ്റ്റിൽ അഖിലേഷ് യാദവ് കുറിച്ചു.

ഇത് ന്യൂനപക്ഷ സമുദായത്തിന് എതിരാണെന്നായിരുന്നു ഡിഎംകെ എംപി കനിമൊഴിയുടെ പക്ഷം. ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഹിന്ദു ക്ഷേത്രങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമോ എന്നും കനിമൊഴി ചോദിച്ചു. കേരളത്തിൽ നിന്നുള്ള ഐയുഎംഎൽ എംപി ഇ.ടി. മുഹമ്മദ് ബഷീറും സിപിഎം എംപി കെ.രാധാകൃഷ്ണനും ബില്ലിനെ എതിർത്തു.


ALSO READ: രാജ്യസഭയിൽ വിനേഷ് ഫോഗട്ടിനെ ചൊല്ലി ബഹളം; സഭ ബഹിഷ്കരിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ



എന്നാൽ വഖഫ് ബോർഡുകളുടെ പ്രവർത്തനം സുതാര്യമാക്കുന്നതിനാണ് ബിൽ കൊണ്ടുവന്നതെന്ന ന്യായീകരണമായിരുന്നു കേന്ദ്രമന്ത്രിയും ജെഡിയു നേതാവുമായ രാജീവ് രഞ്ജൻ സിംഗ് ഉയർത്തിയത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടർന്നുണ്ടായ 1984 ലെ സിക്ക് വിരുദ്ധ കലാപത്തെ പരാമർശിച്ചുകൊണ്ടായിരുന്നു ബിൽ ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണത്തെ നേതാവ് എതിർത്തത്. സച്ചാർ കമ്മിറ്റി നിർദേശങ്ങളെ മുൻനിർത്തിയാണ് ബില്ലെന്നും ബിജെപി പറയുന്നു.  

1995 ലെ വഖഫ് നിയമത്തിലെ 44 വകുപ്പുകൾ ഭേദഗതി ചെയ്യണമെന്നാണ് ബില്ലിലെ പ്രധാന നിർദേശം. വഖഫ് കൗണ്‍സിലിലും ബോർഡുകളിലും മുസ്ലീം ഇതര അംഗങ്ങളെയും വനിതകളെയും ഉള്‍പ്പെടുത്തണം എന്നതടക്കം നിർണായക നിർദേശങ്ങളടങ്ങിയ ഭേദഗതികൾ ബില്ലിലുണ്ട്. 11 അംഗ ബോർഡില്‍ രണ്ട് വനിതകളും രണ്ട് മുസ്ലീം ഇതര വിഭാഗത്തില്‍ നിന്നുള്ളവരും വേണമെന്നാണ് നിർദേശം. 40ല്‍ ഏറെ ഭേദഗതികളാണ് ബില്ലിലുള്ളത്. വഖഫ് സ്വത്തുക്കളില്‍ സർക്കാർ നിയന്ത്രണം കോണ്ടുവരുന്ന തരത്തിലാണ് ബില്ല്. അതോടെ തർക്കം നിലനില്‍ക്കുന്ന സ്വത്തുക്കളില്‍ സർക്കാർ തീരുമാനം നിർണായകമാകും. നിലവില്‍, 1.2 ലക്ഷം രൂപയുടെ ആസ്തിയാണ് വഖഫ് ബോർഡിനുള്ളത്.

WORLD
ആദ്യം മൂൺ ഡെങ്, ഇപ്പോൾ 'ഏവ'യും; തായ്‌ലാൻഡിൽ നിന്നും ഒരു ക്യൂട്ട് കടുവ
Also Read
user
Share This

Popular

NATIONAL
WORLD
സംഭലിൽ സമാധാനവും സാഹോദര്യവും പുലരണം; തുടർ സർവേ തടഞ്ഞ് സുപ്രീം കോടതി