അമ്പാടിമുക്ക് സഖാക്കൾ ഫേസ്ബുക്ക് പേജ് അഡ്മിൻ മനീഷ്, പി. ജയരാജൻ്റെ വിശ്വസ്തരിൽ ഒരാളെന്നാണ് സൂചന
കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചവരിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ്റെ വിശ്വസ്തനും. അമ്പാടിമുക്ക് സഖാക്കൾ ഫേസ്ബുക്ക് പേജ് അഡ്മിൻ മനീഷ്, ജയരാജൻ്റെ വിശ്വസ്തരിൽ ഒരാളെന്നാണ് സൂചന. പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ മനീഷിന്റെ പേരുമുണ്ട്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയരാജൻ്റെ പ്രചാരണം ഏകോപിപ്പിച്ചതും മനീഷായിരുന്നു. ജില്ലാ സെക്രട്ടറിയായിരിക്കെ അഞ്ച് വർഷത്തോളം പി. ജയരാജന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്തതും മനീഷായിരുന്നെന്നാണ് റിപ്പോർട്ട്.
വിവാദമായ കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന നിഗമനം പൊലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഇപ്പോൾ കാഫിർ വിവാദം വീണ്ടും ചർച്ചകളിൽ ഇടം പിടിക്കുന്നത്. മനീഷ് അഡ്‌മിനായ 'അമ്പാടിമുക്ക് സഖാക്കൾ' എന്ന ഫേസ്ബുക്ക് പേജിലായിരുന്നു സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചതെന്ന് വടകര സിഐ സുനിൽകുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ചോദ്യം ചെയ്തപ്പോൾ 'റെഡ് ബറ്റാലിയൻ' എന്ന ഗ്രൂപ്പിൽ നിന്നാണ് പോസ്റ്റ് ലഭിച്ചതെന്നായിരുന്നു മനീഷിൻ്റെ മൊഴി. വിവാദവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിൽ തന്നെ പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മനീഷിന് ജയരാജനുമായുള്ള ബന്ധം ചർച്ചയായേക്കാം.
വടകരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിമിൻ്റെ വാട്‌സാപ്പ് സന്ദേശമെന്ന പേരിലാണ് 'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എല്‍ഡിഎഫ് സ്ഥാനാർഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമാണ് ഇതിലുള്ളത്. ഈ സന്ദേശം പെട്ടെന്നുതന്നെ സാമൂഹമാധ്യമങ്ങളില്‍ വ്യാപിച്ചു. ഇത് വ്യാജമായി നിര്‍മിച്ച സ്‌ക്രീന്‍ഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും അടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നു. സിപിഎമ്മാണ് ഇതിന് പിന്നിലെന്നായിരുന്നു ലീഗിൻ്റെ ആരോപണം.
അതേസമയം വിവാദത്തിൽ തെറ്റ് ചെയ്തവരുടെ രാഷ്ട്രീയം നോക്കാതെ നടപടി വേണമെന്നും സിപിഎം നിലപാടിൽ മാറ്റമില്ലെന്നുമായിരുന്നു സിപിഎം നേതാവ് എം.വി. ജയരാജൻ്റെ പക്ഷം. അപവാദ പ്രചാരണം നടത്തിയത് ആരായാലും നടപടി വേണമെന്നായിരുന്നു സിപിഎമ്മിൻ്റെ നിലപാട്.