
ഇസ്രയേലിൻ്റെ സൈനിക നടപടികൾക്ക് പലസ്തീനികളെ മനുഷ്യ കവചമായി ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട്. സംശയമുളള ഇടങ്ങളിൽ പരിശോധന നടത്താനാണ് നിരപരാധികളായ പലസ്തീൻകാരെ മുന്നിൽ നിർത്തുന്നത്. ബോംബ് പോലുള്ള അപകടകരമായ വസ്തുക്കളുണ്ടോയെന്ന് കണ്ടെത്താൻ ഗാസയിലെ കെട്ടിടങ്ങളിലും തുരങ്കങ്ങളിലുമെല്ലാം പരിശോധന നടത്താനാണ് പലസ്തീനികളെ ഇസ്രയേൽ സൈന്യം മനുഷ്യ കവചമായി ഉപയോഗിക്കുന്നത്. സൈനിക ഓപ്പറേഷനുകൾക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ അപകടമേറിയ ഇടങ്ങളിലേക്ക് നിരപരാധികളായ പലസ്‌തീനികളെയാണ് അയക്കുന്നതെന്നാണ് റിപ്പോർട്ട്.
ഗാസ മുനമ്പിൽ നിന്ന് മടങ്ങിയെത്തിയ സൈനികരാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. പലസ്തീനികളെ മനുഷ്യ കവചമായി ഉപയോഗിക്കുന്നത് ഇസ്രയേല്‍ സൈനികർക്കിടയിൽ പതിവാണെന്നും മുൻകരുതൽ നടപടി പോലെയാണിതെന്നും ഇസ്രയേൽ മാധ്യമത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഇരയാക്കപ്പെടുന്ന പലസ്‌തീനികളിൽ ഭൂരിഭാഗവും യുവാക്കളും പ്രായപൂർത്തിയാവാത്ത കുട്ടികളുമാണ്. ഇസ്രായേലിന്റെ സൈനിക യൂണിഫോം ധരിപ്പിച്ചാണ് പരിശോധനയ്ക്ക് അയക്കുന്നത്.
ഒരു വീട്ടിലേക്കോ തുരങ്കത്തിലേക്കോ പട്ടാളക്കാർ പ്രവേശിക്കുന്നതിന് 10 മിനിറ്റ് മുമ്പ് കൈകൾ പിന്നിൽകെട്ടി, ശരീരത്തിൽ ക്യാമറയും ധരിപ്പിച്ച് മനുഷ്യകവചമാക്കിയവരെ കയറ്റിവിടും. ഇങ്ങനെയാണ് ഓപ്പറേഷന്റെ പതിവ് രീതി. മുതിർന്ന ഉദ്യോഗസ്ഥർക്ക് അടക്കം ഇക്കാര്യം അറിയാം. സാധാരണക്കാരായ പലസ്‌തീനികളെ സൈന്യം ബലമായി പിടിച്ചുകൊണ്ടുപോയാണ് മനുഷ്യകവചമായി ഉപയോഗിക്കുന്നത്. കുടുംബത്തോടൊപ്പം വിട്ടയയ്ക്കാമെന്ന് വാഗ്ദാനം നൽകിയാണ് പലരെയും മനുഷ്യകവചമാക്കുന്നത്.
ഇതോടെ ചാവേറായി അപകടമേറിയ ഇടങ്ങളിലേക്ക് പോകാൻ പലസ്‌തീനികൾ നിർബന്ധിതരാകുന്നു. ഇക്കഴിഞ്ഞ ജൂലൈയിൽ ഇസ്രയേലിന്റെ സൈനിക യൂണിഫോം ധരിപ്പിച്ച് സാധാരണക്കാരെ തകർന്ന കെട്ടിടങ്ങളിലേക്ക് അയക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ നടത്തിയ റെയ്ഡിൽ മനുഷ്യ കവചമാക്കുന്നതിനായി ഒരാളെ സൈനിക വാഹനത്തിൻ്റെ ബോണറ്റില്‍ കെട്ടിക്കൊണ്ടു വന്നതായുള്ള റിപ്പോർട്ടുകളും ഇതിനിടെ വന്നു. മനുഷ്യ കവചം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് 2005ൽ ഇസ്രയേൽ സുപ്രീം കോടതി വിധിച്ചിരുന്നു. ഇതെല്ലാം മറികടന്നാണ് സൈന്യത്തിൻ്റെ നടപടികൾ.