നിർദിഷ്ട പെട്രോൾ പമ്പ് വളവിൽ ആണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് അനുമതി നിഷേധിച്ചത്
കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ദുരൂഹതയേറുന്നു. നവീൻ ബാബു എൻഒസി നൽകാതിരുന്ന വിവാദ പെട്രോൾ പമ്പിന് ആദ്യം അനുമതി നിഷേധിച്ചത് പൊലീസ്. പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് എഡിഎം, എൻഒസി നൽകാതിരുന്നത്. എൻഒസിയിൽ പൊലീസ് റിപ്പോർട്ടിനെക്കുറിച്ചും പരാമർശമുണ്ട്. എൻഒസിയുടെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.
നിർദിഷ്ട പെട്രോൾ പമ്പ് വളവിൽ ആണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് അനുമതി നിഷേധിച്ചത്. പൊലീസ് റിപ്പോർട്ടിന് പിന്നാലെ എഡിഎം എൻഒസി നിഷേധിച്ചു. പിന്നീട് രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് അനുമതി നൽകുകയായിരുന്നെന്നാണ് സൂചന. ബിപിസിഎൽ ടെറിട്ടറി മാനേജരുടെ പേരിലാണ് എൻഒസി നൽകിയിരിക്കുന്നത്.
അതേസമയം, എഡിഎം നവീൻ ബാബുവിനെതിരെ അഴിമതി പരാതിയെന്ന വാദം തള്ളിയിരിക്കുകയാണ് വിജിലൻസ്. മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന പ്രശാന്തൻ്റെ വാദം വ്യാജമെന്ന വാർത്ത വന്നതിന് തൊട്ടുപിന്നാലെയാണ് വിജിലൻസിൻ്റെ വെളിപ്പെടുത്തൽ. നവീൻ ബാബുവിന്റെയും പരാതിക്കാരൻ ടി.വി. പ്രശാന്തൻ്റെയും മൊഴിയെടുത്തെന്ന പ്രചരണം തെറ്റാണെന്നും വിജിലൻസിന് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും വിജിലൻസ് കണ്ണൂർ യൂണിറ്റ് വ്യക്തമാക്കി.
പരാതിക്കാരനായ പ്രശാന്തൻ നവീൻ ബാബു സ്ഥലം മാറി പോകുന്നതിന് മുൻപായി കണ്ണൂർ വിജിലൻസ് ഓഫീസ് സന്ദർശിച്ചിരുന്നു. എന്നാൽ പരാതി കൈമാറിയിരുന്നില്ലെന്നും കണ്ണൂർ വിജിലൻസ് വ്യക്തമാക്കി. എന്നാൽ അഴിമതി പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയെന്നും വിജിലൻസ് സംഭവത്തിൽ മൊഴിയെടുത്തെന്നുമായിരുന്നു പ്രചരിച്ചിരുന്നത്.