ഗുരുതരമായ സാമ്പത്തിക തിരിമറി നടത്തിയെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് പി.കെ. ശശിക്കെതിരെ കടുത്ത സംഘടനാ നടപടി സ്വീകരിച്ചത്
സിപിഐഎം ജില്ലാ കമ്മിറ്റിയിൽ നിന്നും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തപ്പെട്ട പി.കെ. ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചേക്കും. സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് പ്രാഥമികാംഗത്വത്തിലേക്ക് തരംതാഴ്ത്തപ്പെട്ട പി.കെ ശശി ചെയർമാൻ സ്ഥാനത്ത് തുടരുന്നതിനെതിരെ വിമർശനങ്ങളുയരുന്ന സാഹചര്യത്തിലാണ് രാജി നീക്കം. ജില്ലാ കമ്മിറ്റി നടപടിക്കെതിരെ സംസ്ഥാന കമ്മിറ്റിക്കും കൺട്രോൾ കമ്മീഷനും മുമ്പാകെ പി കെ. ശശി അപ്പീൽ നൽകിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
ഗുരുതരമായ സാമ്പത്തിക തിരിമറി നടത്തിയെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് പി.കെ. ശശിക്കെതിരെ കടുത്ത സംഘടനാ നടപടി സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ കെടിഡിസി ചെയർമാൻ പദവിയിൽ തുടരുന്നതിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കാനുള്ള തീരുമാനം പാർട്ടി സംസ്ഥാന നേതൃത്വം കൈക്കൊണ്ടേക്കും. ഇത് മുന്നിൽക്കണ്ടാണ് സ്വയം രാജിവെച്ചൊഴിയാനുള്ള നീക്കം.
പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം പുത്തലത്ത് ദിനേശൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനാണ് പി.കെ ശശിക്കെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയത്.