മുൻ ഗുസ്തി ഫെഡറേഷൻ മേധാവി ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളുടെ വെളിച്ചത്തിലാണ് രാഷ്ട്രീയ പോരാട്ടം കനക്കുന്നത്.
ഇന്ത്യക്കാരുടെ ഉള്ളുലച്ചുകൊണ്ടായിരുന്നു ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരിസ് ഒളിംപിക്‌സ് 50 കിലോഗ്രാം ഗുസ്തി ഫൈനലില്‍ നിന്ന് അയോഗ്യയായത്. എന്നാൽ വിഷയം രാജ്യത്ത് വലിയ രാഷ്ട്രീയചർച്ചകൾക്ക് തിരിതെളിച്ചിരിക്കുകയാണ്. താരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം ഇതൊരു രാഷ്ട്രീയ ആയുധമാക്കുകയാണ് ഭരണ-പ്രതിപക്ഷങ്ങൾ. മുൻ ഗുസ്തി ഫെഡറേഷൻ മേധാവിയും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളുടെ വെളിച്ചത്തിലാണ് രാഷ്ട്രീയ പോരാട്ടം കനക്കുന്നത്.
"ചാമ്പ്യൻമാരിൽ ചാമ്പ്യൻ"
താരത്തിൻ്റെ പ്രതിരോധശേഷിയിൽ ഊന്നികൊണ്ടുള്ള പരാമർശങ്ങളായിരുന്നു മോദി സർക്കാരിൻ്റെ ആയുധം. 'ചാമ്പ്യൻമാരിൽ ചാമ്പ്യൻ'- പ്രധാനമന്ത്രി നരേന്ദ്ര മോദി വിനേഷ് ഫോഗട്ടിനെ വിശേഷിപ്പിച്ചു. "ഇന്നത്തെ തിരിച്ചടി വളരെ വേദനിപ്പിക്കുന്നു. ഞാൻ അനുഭവിക്കുന്ന നിരാശ വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്. അതേസമയം വിനേഷ് ഫോഗട്ട് സഹിഷ്ണുതയെയാണ് പ്രതിനിധാനം ചെയ്യുന്നത്. വെല്ലുവിളികളെ തലയുയർത്തി നേരിടുക എന്നത് അവരുടെ സ്വഭാവമാണ്. ഞങ്ങൾ എല്ലാവരും നിങ്ങൾക്ക് പിന്തുണ നൽകുന്നു" പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ചുവട് പിടിച്ച് ഫോഗട്ടിൻ്റെ പ്രതിരോധശേഷിയേയും കഴിവിനേയും പ്രംശസിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് ഉന്നത പാർട്ടി നേതാക്കളുമെത്തി. "വിനേഷ് ഫോഗട്ടിൻ്റെ കരിയറിലെ ഒരു അനർഥമാണ് ഈ നിർഭാഗ്യം. എന്നാൽ അവൾ വിജയത്തിലേക്ക് തിരിച്ചുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്." ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഇന്ത്യയുടെ പ്രതീക്ഷയുടെയും അഭിമാനത്തിൻ്റെയും വിളക്കാണ് ഫോഗട്ടെന്നായിരുന്നു പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു വിശേഷിപ്പിച്ചത്.
"കോച്ചുമാർ പണി മറന്നോ?"
ബ്രിജ് ഭൂഷൺ വിഷയം ഉന്നയിച്ച് പ്രതിപക്ഷം പാർലിമെൻ്റിൽ പ്രതിഷേധം ഉയർത്തിയതോടെ കായിക മന്ത്രി മൻസുഖ് മാണ്ഡവ്യക്ക് ലോക്സഭയിൽ സംസാരിക്കേണ്ടി വന്നു. വിനേഷ് ഫോഗട്ടിൻ്റെ അയോഗ്യത സ്ഥിരീകരിച്ച മന്ത്രി, താരത്തിന് മത്സരത്തിലേക്കാവശ്യമായ സഹായങ്ങളെല്ലാം സർക്കാർ നൽകിയിരുന്നെന്ന് വാദിച്ചു. പേഴ്‌സണൽ സ്റ്റാഫ്, പരിശീലന സൗകര്യങ്ങൾ ഉൾപ്പെടെ സർക്കാരിന് സാധ്യമായ സഹായങ്ങൾ നൽകിയിട്ടുണ്ടെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇവയുടെ ചെലവുകളുടെ രൂപരേഖയും മൻസുഖ് മാണ്ഡവ്യ പാർലിമെൻ്റിൽ സമർപ്പിച്ചു.
എന്നാൽ കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവനകളിൽ പ്രതിപക്ഷം തൃപ്തരായിരുന്നില്ല. മാണ്ഡവ്യയുടെ വാദങ്ങൾക്ക് പിന്നാലെ പ്രതിപക്ഷ എംപിമാർ പ്രതിഷേധവുമായി സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ലക്ഷങ്ങൾ ശമ്പളം നൽകി നിയമനം നൽകിയ കോച്ചുമാരും ഫിസോയോതെറാപ്പിസ്റ്റുകളും ഫോഗട്ടിൻ്റെ ഭാരം പരിശോധിക്കാൻ മറന്നതെങ്ങനെയെന്ന പ്രസക്തമായ ചോദ്യം ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷത്തിൻ്റെ വിമർശനം.
"കോച്ചുകൾക്കും ഫിസിയോതെറാപ്പിസ്റ്റുകൾക്കും ലക്ഷങ്ങളാണ് ശമ്പളം... അവളുടെ ഭാരം പരിശോധിക്കുന്നത് അവരുടെ ജോലിയായിരുന്നു.ഇത് ചെയ്യാതെ അവർ അവധിക്ക് പോയിരിക്കുകയായിരുന്നോ?" പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ ഭഗവന്ത് മൻ കേന്ദ്രത്തോട് ചോദിച്ചു.
Also Read : ഭാരം കുറയ്ക്കാന്‍ അമിത വ്യായാമം; വിനേഷ് ഫോഗട്ട് ആശുപത്രിയില്‍
കോൺഗ്രസ് ആക്രമണം
വിനേഷ് ഫോഗട്ടിൻ്റെ അയോഗ്യതയിൽ ഒരു ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് കോൺഗ്രസ് എംപി രൺദീപ് സുർജേവാല എക്സിൽ പോസ്റ്റ് ചെയ്തത്. ഇത് ഇന്ത്യൻ കായിക ചരിത്രത്തിലെ "കറുത്ത ദിനമാണെന്നും" എംപി പ്രഖ്യാപിച്ചു. "40 കോടി ഇന്ത്യക്കാർ ഞെട്ടിയിരിക്കുകയാണ്... ഇതൊരു വലിയ 'വിദ്വേഷ ഗൂഢാലോചന'യുടെ ഭാഗമാണ്. എന്നാൽ രാജ്യം മുഴുവൻ അവൾക്കൊപ്പമാണെന്ന് മാത്രം പറയട്ടെ. " ഭരണകക്ഷിക്കെതിരായ പരാമർശങ്ങളും വിനേഷ് ഫോഗട്ടിനുള്ള പിന്തുണയും പ്രഖ്യാപിച്ചുകൊണ്ടുള്ള നീണ്ട എക്സ് പോസ്റ്റിൽ രൺദീപ് സുർജേവാല കുറിച്ചു.
ലൈംഗികാരോപണം നേരിടുന്ന ബിജെപി എംപിയായിരുന്ന ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ #MeToo പ്രതിഷേധത്തെക്കുറിച്ചുള്ള വിശദമായ പരാമർശങ്ങളും പോസ്റ്റിലുണ്ട്. "ആദ്യം റെസ്‌ലിംഗ് അസോസിയേഷൻ പ്രസിഡൻ്റും, അന്നത്തെ ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗ് രാജ്യത്തിൻ്റെ ലോക ചാമ്പ്യനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. തുടർന്ന് ബിജെപിക്കാർ പൊലീസിനെ ഉപയോഗിച്ച് രാജ്യത്തിൻ്റെ മകളെ ജന്തർ മന്തറിലെ തെരുവികളിലൂടെ വലിച്ചിഴച്ചു." എംപി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷം മേയിൽ ഡൽഹിയിൽ പ്രതിഷേധത്തിനെത്തിയ മിസ് ഫോഗട്ടിനെ വലിച്ചിഴച്ചതിൻ്റെ ഞെട്ടിക്കുന്ന ചിത്രങ്ങളെക്കുറിച്ചായിരുന്നു എംപിയുടെ പരാമർശം. ചാമ്പ്യൻ്റെ നേട്ടത്തിൽ അട്ടിമറി നടന്നെന്ന് സൂചനയുമായി, ആർക്കാണ് വിനേഷ് ഫോഗട്ടിൻ്റെ വിജയം ദഹിക്കാൻ കഴിയാത്തതെന്ന തരത്തിലുള്ള ചോദ്യങ്ങളും സുർജേവാലയുടെ ഭീമൻ പോസ്റ്റിൽ അടങ്ങിയിരുന്നു.
എന്നാൽ വിവാദ പരാമർശങ്ങൾ ഒട്ടും ഇല്ലാതെയായിരുന്നു കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധി വാദ്രയുടെയും പ്രതികരണം. രാഹുൽ ഗാന്ധി ഫോഗട്ടിൻ്റെ അയോഗ്യതയെ നിർഭാഗ്യകരം" എന്ന് വിശേഷിപ്പിച്ചപ്പോൾ ശ്രീമതി പ്രിയങ്ക ഗാന്ധി ഇങ്ങനെ പ്രതികരിച്ചു: "എൻ്റെ സഹോദരി... നീ തനിച്ചാണെന്ന് കരുതരുത്.. നീ എന്നും ഞങ്ങൾക്ക് ചാമ്പ്യനായിരിക്കുമെന്ന് ഓർക്കുക."
തെരഞ്ഞെടുപ്പ് ആഘാതം?
വിനേഷ് ഫോഗട്ടിൻ്റെ ജന്മനാടായ ഹരിയാനയിൽ ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞടുപ്പ് അരങ്ങേറും. രാജ്യം മുഴുവൻ ചർച്ചയായ ഈ വിഷയം മുഖ്യപ്രമേയമാക്കി ബിജെപിയെ ആക്രമിക്കണമെന്നാണ് കോൺഗ്രസും എഎപിയും ലക്ഷ്യമിടുന്നത്.
എന്നാൽ വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് പറഞ്ഞ് ഹരിയാന സർക്കാരുമെത്തി. "ഞങ്ങളുടെ മകളെ അയോഗ്യനാക്കിയതിൽ രാജ്യം മുഴുവൻ ദുഃഖിതരാണ്. എന്നാൽ ജനങ്ങൾ ഇതിൽ രാഷ്ട്രീയം കാണിക്കരുത്" സംസ്ഥാവ ഗതാഗത, ഖനി മന്ത്രി മൂൽ ചന്ദ് ശർമ്മ പറഞ്ഞു.
പിന്നാലെ കോൺഗ്രസ് നേതാവ് ദീപേന്ദർ സിംഗ് ഹൂഡ ഹരിയാന സർക്കാരിന് ചുട്ടമറുപടി നൽകി. "'ഞങ്ങളുടെ മകൾ' ഫൈനലിലെത്താൻ കഠിനാധ്വാനം ചെയ്തു... അത്‌ലറ്റുകൾ പരിശീലിക്കുമ്പോൾ അവൾ ഇന്ത്യൻ വനിതകൾക്ക് ഗുസ്തിയിൽ നീതി തേടി പ്രതിഷേധത്തിൽ ഇരിക്കുകയായിരുന്നു.എന്നിട്ടും അവൾ
ഫൈനലിൽ എത്തി. എപ്പോഴാണ്.. എവിടെയാണ് കാര്യങ്ങൾ തെറ്റിയത്?"
Also Read :വലിയ നിരാശ! വിനേഷ് ഫോഗട്ടിന് അയോഗ്യത; ഭാരപരിശോധനയിൽ പരാജയപ്പെട്ടു
ഗൂഢാലോചന Vs ഗൂഢാലോചന
കോൺഗ്രസിൻ്റെ ഗൂഢലോചന നടന്നെന്ന എന്ന ആരോപണത്തെ ഗൂഢാലോചനാരോപണം കൊണ്ട് തന്നെ നേരിടുകയാണ് ബിജെപി നേതാവും മുൻ ബോക്സിങ്ങ് ചാമ്പ്യനുമായ വിജേന്ദർ സിംഗ്. ഇന്ത്യ ഒരു കായിക രാഷ്ട്രമായി ഉയരുന്നത് കാണുന്നതിൽ സന്തോഷമില്ലാത്ത ആളുകളുടെ ഗൂഢാലോചനയുടെ ഭാഗമാണ് ഈ തിരിച്ചടിയെന്നായിരുന്നു വിജേന്ദർ സിങ്ങിൻ്റെ പ്രസ്താവന. "ഇതൊരു അട്ടിമറി ആയിരിക്കുമെന്നാണ് ഞാൻ കരുതുന്നുത്. 100 ഗ്രാം, ഇത് തമാശയായി തോന്നുന്നു. അത്‌ലറ്റുകൾക്ക് ഒറ്റ രാത്രികൊണ്ട് അഞ്ച് മുതൽ ആറ് കിലോഗ്രാം വരെ കുറയ്ക്കാം. ഇത് ബുദ്ധിമുട്ടാണ്, പക്ഷേ വിശപ്പും ദാഹവും എങ്ങനെ നിയന്ത്രിക്കാമെന്ന് ഞങ്ങൾക്കറിയാം." വിജേന്ദർ സിങ്ങ് പറഞ്ഞു.
ഇന്ന് രാവിലെ നടന്ന പരിശോധനയിലായിരുന്നു അനുവദനീയമായ ഭാരത്തേക്കാള്‍ 100 ഗ്രാം അധിക ഭാരം രേഖപ്പെടുത്തിയതോടെ വിനേഷ് ഫോഗട്ട് മത്സരത്തിൽ അയോഗ്യയാവുന്നത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഫോഗട്ട് ഒളിംപിക്സില്‍ മത്സരിക്കുന്നത്. കയ്യകലത്തില്‍ സ്വര്‍ണത്തിനായുള്ള മത്സരം തന്നെ നഷ്ടപ്പെട്ടാണ് ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭയായ വനിതാ ഗുസ്തി താരം മടങ്ങുന്നത്. അതേസമയം വിഷയം വലിയ രീതിയിൽ രാഷ്ട്രീയവത്കരിക്കപ്പെട്ടിട്ടുണ്ടെന്ന് തന്നെയാണ് ഭരണ-പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകളിൽ നിന്ന് വ്യക്തമാവുന്നത്.