
2024 ലെ പാരിസ് ഒളിംപിക്‌സിൽ പുരുഷവിഭാഗം ജാവ്ലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സ് പോസ്റ്റിലൂടെയാണ് മോദിയുടെ സന്ദേശമെത്തിയത്. രണ്ടാം തവണ ഒളിംപിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻതാരമാണ് നീരജ് ചോപ്ര.
"മികവിൻ്റെ മൂർത്തീഭാവമാണ് നീരജ് ചോപ്ര! അവൻ വീണ്ടും വീണ്ടും തൻ്റെ മിടുക്ക് പ്രകടിപ്പിച്ചിരിക്കുകയാണ്. വീണ്ടുമൊരു ഒളിമ്പിക് വിജയവുമായി അദ്ദേഹം തിരിച്ചെത്തിയ ത്രില്ലിലാണ് ഇന്ത്യ. വെള്ളി നേടിയതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. വരാനിരിക്കുന്ന എണ്ണമറ്റ കായികതാരങ്ങൾക്ക് അവരുടെ സ്വപ്നങ്ങൾ പിന്തുടരാനും നമ്മുടെ രാജ്യത്തെ അഭിമാനകരമാക്കാനും നീരജ് ഇനിയും പ്രചോദനം നൽകും." പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.
ALSO READ: വെള്ളിത്തിളക്കത്തിൽ നീരജ് ചോപ്ര; പാരിസ് ഒളിംപിക്സിൽ ഇന്ത്യക്ക് ആദ്യ വെള്ളി മെഡൽ
നൂറ്റിനാൽപത് കോടി ജനങ്ങളുടെ മെഡൽ പ്രതീക്ഷയുമായിട്ടാണ് നീരജ് ചോപ്ര പാരിസിലിറങ്ങിയത്. ടോക്കിയോ ഒളിംപിക്സിൽ സ്വർണനേട്ടത്തോടെ ഇന്ത്യൻ അത്‍ലറ്റിക്സിൻ്റെ തലവര മാറ്റിയ നീരജ് ഇക്കുറി മെഡൽ സ്വന്തമാക്കുമെന്ന് രാജ്യം പ്രതീക്ഷിച്ചു. പ്രതീക്ഷകളെ ശരിവെച്ച് ഒറ്റ ഏറിൽ നീരജ് വെള്ളിമെഡൽ സ്വന്തമാക്കി. 89.45 മീറ്റർ ദൂരം മറികടന്നാണ് നീരജ് ചോപ്ര വെള്ളി മെഡൽ നേടിയത്. ഇതോടെ ഒളിംപിക് അത്‍ലറ്റിക്സിൽ തുടർച്ചയായി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന പദവിയും നീരജ് ചോപ്ര സ്വന്തമാക്കി.