ഇന്‍ഡീ സിനിമകളെ പ്രോത്സാഹിപ്പിക്കണം, സ്‌ക്രിപ്റ്റ് ലാബ് സംഘടിപ്പിക്കണം; നിർദേശങ്ങളുമായി സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി

അവാർഡ് നിർണയിക്കുന്നതിനുള്ള പ്രാഥമിക കമ്മിറ്റി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 വീതം സിനിമകള്‍ കണ്ടുവെന്ന് മന്ത്രി പറഞ്ഞു
ഇന്‍ഡീ സിനിമകളെ പ്രോത്സാഹിപ്പിക്കണം, സ്‌ക്രിപ്റ്റ് ലാബ് സംഘടിപ്പിക്കണം; നിർദേശങ്ങളുമായി സംസ്ഥാന  ചലച്ചിത്ര അവാർഡ് ജൂറി
Published on
Updated on

2023 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. പ്രമുഖ ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയായിരുന്നു അന്തിമ ജൂറിയുടെ ചെയര്‍മാന്‍. 160 ചിത്രങ്ങളാണ് അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടത്. ചലച്ചിത്ര അവാര്‍ഡിന്‍റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. 35 ചിത്രങ്ങളാണ് അവസാന ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

അവാർഡ് നിർണയിക്കുന്നതിനുള്ള പ്രാഥമിക കമ്മിറ്റി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 വീതം സിനിമകള്‍ കണ്ടുവെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ ചിത്രങ്ങളുടെ വിഭാഗത്തില്‍ നാല് ചിത്രങ്ങളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ ഒരു ചിത്രം കുട്ടികളുടെ വിദ്യാഭ്യാസ പരിപാടിയായതിനാല്‍ ഫീച്ചര്‍ സിനിമയായി പരിഗണിക്കാന്‍ കഴിയില്ലായെന്ന് ജൂറി വിലയിരുത്തി. മറ്റ് മൂന്ന് ചിത്രങ്ങളും അവാർഡിന് പരിഗണിക്കുന്നതിന് തക്ക നിലവാരമില്ലാത്തതിനാല്‍ ജൂറി പരിഗണിച്ചില്ല. പ്രാഥമിക ജൂറി തള്ളിയ സിനിമ അന്തിമ ജൂറി വീണ്ടും കണ്ടിരുന്നു. അങ്ങനെ ആകെ 38 സിനിമകളാണ് അന്തിമ ജൂറി സസൂക്ഷ്മം വിലയിരുത്തിയത്. അന്തിമ പട്ടികയിലെ 38 സിനിമകളില്‍ 22 ചിത്രങ്ങളും നവാഗത സംവിധായകരുടേതായിരുന്നു. ഇത് മലയാള സിനിമയുടെ ഭാവിയെ സംബന്ധിച്ച് ആശാവഹമായ കാര്യമാണെന്ന് ജൂറി നിരീക്ഷിച്ചു.


കേരളത്തില്‍ കലാമൂല്യമുള്ള ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള നിര്‍ദേശങ്ങളും ജൂറി മുന്നോട്ട് വെച്ചു. നിലവില്‍ പ്രധാന ജൂറിയുടെ സബ് കമ്മിറ്റികളില്‍ നാല് അംഗങ്ങളാണുള്ളത്. ഇത് മൂന്ന് അല്ലെങ്കില്‍ അഞ്ചായി പുനഃക്രമീകരിക്കണമെന്ന് ജൂറി ആവശ്യപ്പെട്ടു. അവാര്‍ഡിനര്‍ഹമായ മലയാള ചിത്രങ്ങള്‍ കേരളത്തിനു വെളിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കണം. മികച്ച തിരക്കഥകള്‍ ഒരുക്കുന്നതിനായി സ്‌ക്രിപ്റ്റ് ലാബും മെന്‍ററിങ്ങും ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ഒരുക്കണം. വന്‍കിട മൂലധന സഹായമില്ലാതെ സിനിമ എന്ന മാധ്യമത്തിനോട് പ്രതിബദ്ധത പുലര്‍ത്തുന്ന ഇന്‍ഡി സിനിമകളെ പ്രോത്സാഹിപ്പിക്കണം എന്നീ നിര്‍ദേശങ്ങള്‍ ജൂറി സര്‍ക്കാരിനു മുന്നില്‍ വെച്ചു.


സംവിധായകന്‍ പ്രിയനന്ദനന്‍, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പന്‍ എന്നിവരായിരുന്നു പ്രാഥമിക ഉപസമിതികളുടെ ചെയര്‍പേഴ്‌സണ്‍മാര്‍. ഇവര്‍ മുഖ്യജൂറിയിലും അംഗങ്ങളായിരുന്നു.  സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍, നടി ആന്‍ അഗസ്റ്റിന്‍, സംഗീത സംവിധായകന്‍ ശ്രീവല്‍സന്‍ ജെ. മേനോന്‍ എന്നിവരുമാണ് മുഖ്യ ജൂറിയിലെ മറ്റ് അംഗങ്ങള്‍. ഒന്നാം ഉപസമിതിയില്‍ ഛായാഗ്രാഹകന്‍ പ്രതാപ് പി. നായര്‍, തിരക്കഥാകൃത്ത് വിനോയ് തോമസ്, എഴുത്തുകാരി ഡോ. മാളവിക ബിന്നി എന്നിവരും രണ്ടാമത്തേതില്‍ എഡിറ്റര്‍ വിജയ് ശങ്കര്‍, എഴുത്തുകാരന്‍ ശിഹാബുദീന്‍ പൊയ്ത്തുംകടവ്, ശബ്ദലേഖകന്‍ സി.ആര്‍. ചന്ദ്രന്‍ എന്നിവരുമാണ് അംഗങ്ങള്‍. രചനാവിഭാഗത്തില്‍ ഡോ. ജാനകീ ശ്രീധരന്‍ (ചെയര്‍പേഴ്സണ്‍), ഡോ. ജോസ് കെ. മാനുവല്‍, ഡോ. ഒ.കെ. സന്തോഷ് (അംഗങ്ങള്‍) എന്നിവര്‍ ഉള്‍പ്പെടുന്നു. എല്ലാ ജൂറിയിലും ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ മെമ്പര്‍ സെക്രട്ടറിയാണ്.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com