അത്യാഹിത വിഭാഗം പൂര്‍ണമായും നശിപ്പിച്ചു. പൊലീസുകാര്‍ക്കും ആശുപത്രിയില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് നേരെയും ആക്രമണമുണ്ടായി.
കൊല്‍ക്കത്തയില്‍ പിജി ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ വന്‍ സംഘര്‍ഷം. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം നടക്കുന്നതിനിടെയാണ് അര്‍ധരാത്രിയോടെ ഒരു സംഘം ആളുകളെത്തി ആശുപത്രി ആക്രമിച്ചത്.
പുറത്തുനിന്നെത്തിയ സംഘമാണ് മെഡിക്കല്‍ കോളേജ് അടിച്ചു തകര്‍ത്തത്. അത്യാഹിത വിഭാഗം പൂര്‍ണമായും നശിപ്പിച്ചു. പൊലീസുകാര്‍ക്കും ആശുപത്രിയില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് നേരെയും ആക്രമണമുണ്ടായി.
അതിക്രമത്തില്‍ പൊലീസ് വാഹനങ്ങളും ആശുപത്രിക്ക് പുറത്തുള്ള മറ്റു വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി പൊലീസ് അറിയിച്ചു. അര്‍ധരാത്രിയോടെ ആശുപത്രിക്ക് പുറത്തു തടിച്ചുകൂടിയ സംഘം ആദ്യം ആശുപത്രിക്ക് നേരെ കല്ലെറിയുകയായിരുന്നു. ഇതില്‍ പൊലീസുകാരുള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റിരുന്നു.
ALSO READ: സുരക്ഷിതമായ തൊഴിലിടങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് അന്യമാകുമ്പോൾ...
പ്രതിഷേധക്കാരെ തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ പുറത്തുനിന്നുള്ള അക്രമി സംഘം ആശുപത്രിയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സെമിനാര്‍ ഹാളില്‍ മരിച്ച നിലയില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പിജി വിദ്യാര്‍ഥിനിയായ ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായിരുന്നുവെന്ന് പുറത്തുവരുന്നത്. ആന്തരിക രക്തസ്രാവുമുണ്ടായിരുന്നതായും കഴുത്തിന്റെ എല്ല് ഒടിഞ്ഞതിനാല്‍ ശ്വാസംമുട്ടിയാണ് ഡോക്ടര്‍ മരിച്ചതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ആത്മഹത്യയാണെന്നായിരുന്നു ആശുപത്രി അധികൃതര്‍ ആദ്യം ഉന്നയിച്ച വാദം. എന്നാല്‍ കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കിയതോടെ പ്രതിഷേധവും കനത്തു. ഡോക്ടറുടെ രക്ഷിതാക്കളുള്‍പ്പെടെ പ്രതിഷേധിച്ച സാഹചര്യത്തില്‍ കേസ് സിബിഐയെ ഏല്‍പ്പിച്ചു. കേസില്‍ അന്വേഷണം നടന്നുവരികയാണ്.