'നോ സേഫ്റ്റി, നോ ഡ്യൂട്ടി' എന്നവർ പലവട്ടം മുദ്രാവാക്യം വിളിച്ചിട്ടും പണി മുടക്കിയിട്ടും, ജീവന്‍ രക്ഷിക്കാന്‍ രാപ്പകല്‍ ഉണര്‍ന്നിരിക്കുന്നവരുടെ ജീവിതത്തിന് സംരക്ഷണം ഒരുക്കാന്‍ സംവിധാനങ്ങളായിട്ടില്ല
ഡോ. വന്ദന ദാസിനെ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൊലീസ് പരിശോധനയ്ക്കായി കൊണ്ടുവന്ന അക്രമിയുടെ കുത്തേറ്റ് മരിച്ച ഹൗസ് സര്‍ജനായിരുന്ന വന്ദന. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍വച്ചായിരുന്നു ആക്രമണം. ആശുപത്രിക്കുള്ളിൽ ഡോക്ടർമാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ പല കാലങ്ങളിലായി തുടരുന്നു. ഇന്നിപ്പോള്‍, രാജ്യം ചര്‍ച്ച ചെയ്യുന്നത് മറ്റൊരു ഡോക്ടറുടെ കൊലപാതകമാണ്. ആശുപത്രിക്കുള്ളില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട്, കൊല ചെയ്യപ്പെട്ട ജൂനിയര്‍ ഡോക്ടര്‍. കൊല്‍ക്കത്തയിലെ 134 വര്‍ഷത്തെ പാരമ്പര്യമുള്ള ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജിലാണ്, 31 വയസുള്ള രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ഥിനി അതിക്രൂരമായി കൊല്ലപ്പെട്ടത്. ആശുപത്രി അധികൃതര്‍ക്ക് ആദ്യം അതൊരു ആത്മഹത്യയായിരുന്നു. പരാതിയില്ലാത്ത സംഭവത്തില്‍ സംസ്ഥാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതാകട്ടെ അസ്വഭാവിക മരണത്തിനും. അന്വേഷണവും നീതിയും അട്ടിമറിക്കപ്പെടുമെന്ന സാഹചര്യത്തില്‍, പെണ്‍കുട്ടിക്കും കുടുംബത്തിനും വേണ്ടി കോടതിക്ക് ഇടപെടേണ്ടിവന്നു. അപ്പോഴും, സുരക്ഷിത തൊഴിലിടം എന്ന ആരോഗ്യപ്രവര്‍ത്തകരുടെ കാലങ്ങളായുള്ള ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല.
ദിവസവും 3500ലധികം ആളുകളെത്തുന്ന ആശുപത്രി.. 36 മണിക്കൂർ വരെ നീളുന്ന ഡ്യൂട്ടി... പതിവുപോലെ നൈറ്റ് ഡ്യൂട്ടിക്ക് എത്തിയതായിരുന്നു ജൂനിയര്‍ ഡോക്ടര്‍. പക്ഷേ, നേരം വെളുത്തപ്പോഴേക്കും പുറംലോകം അറിഞ്ഞത് അവരുടെ മരണവാര്‍ത്തയായിരുന്നു. മെഡിക്കല്‍ കോളേജിലെ സെമിനാര്‍ ഹാളിലായിരുന്നു ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എല്ലാവരെയും ഞെട്ടിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് ഞെട്ടലുണ്ടായില്ല. മണിക്കൂറുകള്‍ക്കു ശേഷമാണ് പൊലീസിനെ വിവരം അറിയിച്ചത്. മാതാപിതാക്കളെ വിളിച്ച്, മകള്‍ക്ക് സുഖമില്ലെന്ന് ആദ്യം പറഞ്ഞു. പിന്നീട് ആശുപത്രി വളപ്പില്‍ ആത്മഹത്യ ചെയ്ത നിലയില്‍ എന്ന് തിരുത്തി. ഓടിപ്പാഞ്ഞെത്തിയ മാതാപിതാക്കള്‍ക്ക് മകളെ കാണാനായില്ല. മൂന്ന് മണിക്കൂര്‍ പിന്നെയും കാത്തിരിക്കേണ്ടിവന്നു. അസ്വഭാവിക മരണത്തിനായിരുന്നു പൊലീസ് കേസെടുത്തത്. പക്ഷേ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ എല്ലാവരും നടുങ്ങി. കൊല്ലപ്പെടും മുന്‍പ് യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. സ്വകാര്യഭാഗങ്ങളില്‍ രക്തസ്രാവവും, ശരീരത്തില്‍ മുറിവുകളുമുണ്ടായിരുന്നു. കഴുത്തിലെ എല്ല് ഒടിഞ്ഞതിനാല്‍ ശ്വാസംമുട്ടിയായിരുന്നു മരണമെന്നും നാല് പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂനിയർ ഡോക്ടർമാർ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധം ശക്തമായതിനു പിന്നാലെ, ശനിയാഴ്ച സിവില്‍ പൊലീസ് വളണ്ടിയര്‍ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹത്തിനടുത്തുനിന്ന് ലഭിച്ച ബ്ലൂടൂത്ത് ഹെഡ് സെറ്റാണ് പ്രതിയെ കണ്ടുപിടിക്കാൻ പൊലീസിന് സഹായമായത്. കേസില്‍ മറ്റു പ്രതികളില്ലെന്നും കൂടുതല്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ വിനീത് ഗോയൽ അറിയിച്ചു. പക്ഷേ, അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ഒരുപറ്റം ഹര്‍ജികള്‍ കോടതിയിലെത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഡോക്ടര്‍മാരുടെ സംഘം, ബിജെപി നേതാവ് സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചത്. കേസ് അന്വേഷണം സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. യുവതിയുടെ ശരീരത്തിലെ മുറിവുകളും ശുക്ലത്തിന്‍റെ അളവുകളുമൊക്കെ കൂടുതല്‍ പ്രതികളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ഹര്‍ജിക്കാര്‍ ചുണ്ടിക്കാട്ടി. കേസ് അന്വേഷണം സിബിഐക്ക് കൈമാറുന്നതില്‍ എതിര്‍പ്പുകളില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയും അറിയിച്ചതോടെ, കൊൽക്കത്ത ഹൈക്കോടതി അതിവേഗം നടപടിയെടുത്തു. കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു.
കോടതിയുടെ അതിവേഗ ഇടപെടല്‍ പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ അതിനിടെ നടന്നവയൊന്നും ഒട്ടും ആശാസ്യമായിരുന്നില്ല. സംഭവത്തില്‍ ഒരു പരാതി പോലുമില്ലാതിരുന്ന മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ യുവതിയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയെന്ന് ആരോപണം ഉയര്‍ന്നു. അവള്‍ തന്‍റെ മകളെപ്പോലെയെന്ന് പറഞ്ഞ്, പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷ് ധാര്‍മിക ഉത്തരവാദിത്വം എറ്റെടുത്ത് രാജിവച്ചു. പക്ഷേ, തൊട്ടുപിന്നാലെ, കൊല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളേജില്‍ പ്രിന്‍സിപ്പലായി നിയമിക്കപ്പെട്ടു. പ്രതിയെക്കുറിച്ച് പുറത്തുവന്ന വിവരങ്ങളും ഞെട്ടിപ്പിക്കുന്നതായിരുന്നു. പൊലീസിനുവേണ്ടി ജോലി ചെയ്യുന്ന സിവില്‍ വോളന്‍റിയര്‍ ആയിരുന്നു സഞ്ജയ് റോയി. സർക്കാർ ഖജനാവിൽ നിന്നും പ്രതിമാസം 12,000 രൂപ കൈപ്പറ്റിയിരുന്ന ആൾ. 2019 മുതല്‍ സേവനമനുഷ്ഠിക്കുന്ന സഞ്ജയ് അടുത്ത കാലത്താണ് ആര്‍ജി കര്‍ മെഡിക്കല്‍ കൊളേജിന്‍റെ ഔട്ട് പോസ്റ്റില്‍ നിയമിക്കപ്പെടുന്നത്. മെഡിക്കല്‍ കോളേജിന്‍റെ ഏത് ഡിപ്പാര്‍ട്ട്മെന്‍റിലും സ്വൈര്യ വിഹാരം നടത്താനുള്ള സ്വാതന്ത്ര്യം. പൊലീസ് സംവിധാനങ്ങളുടെ പിന്‍ബലം. ആശുപത്രി സേവനങ്ങൾ വേഗത്തില്‍ ലഭ്യമാക്കാൻ രോഗികളുടെ ബന്ധുക്കളിൽ നിന്നും കൈക്കൂലി. അതിലുപരി, സ്ഥിരമായി പോണ്‍സൈറ്റുകള്‍ കണ്ടും വീഡിയോകള്‍ ശേഖരിച്ചും, അതില്‍ അഭിരമിക്കുന്ന ഒരാള്‍. സ്ത്രീകള്‍ക്കെതിരായ ഭീഷണി ഉള്‍പ്പെടെ നിരവധി പരാതികള്‍ സഞ്ജയിനെതിരെ നേരത്തെയും ഉയര്‍ന്നിട്ടുണ്ട്. 2022ല്‍ ഗര്‍ഭിണിയായിരുന്ന ഭാര്യയെ ഉപദ്രവിച്ചതിനും, ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് വനിതാ ഡോക്ടറിനെതിരെ മോശമായി പെരുമാറിയതിനും കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും വെറുതെ വിടപ്പെട്ടയാള്‍. അങ്ങനെയൊരാളാണ് അത്രയും വലിയൊരു ആശുപത്രിക്കുള്ളില്‍വച്ച് ഒരു ജൂനിയര്‍ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയത്. അറസ്റ്റിലാകുമ്പോള്‍, സഞ്ജയ് പൊലീസിനോട് പറഞ്ഞത്, എന്നെ തൂക്കിക്കൊന്നോളൂ എന്നാണ്. ഇതില്‍ നിന്നൊക്കെ താന്‍ രക്ഷപ്പെടുമെന്ന വിശ്വാസമോ അല്ലെങ്കില്‍ നമ്മുടെ നിയമ സംവിധാനങ്ങളോടുള്ള വെല്ലുവിളിയോ ആണത്.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. അതിന് കേരളമെന്നോ ബംഗാളെന്നോ വ്യത്യാസവുമില്ല. 1973ൽ മുംബൈയിലെ പ്രമുഖ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന അരുണ ഷാൻബാഗ്, വാർഡ് അറ്റെൻഡന്റ് പീഡിപ്പിച്ചതിനെ തുടർന്ന് 42 വർഷമാണ് തളർന്നു കിടന്നത്. 2015ൽ മരിക്കുംവരെ ആ സ്ത്രീജീവിതം ഒരു ചെറുശ്വാസം മാത്രമായിരുന്നു. ഒന്ന് പരതിയാല്‍ മറവിയിലേക്ക് പോയതുള്‍പ്പെടെ സമാനമായ നിരവധി സംഭവങ്ങള്‍ കണ്ടെത്താം. പക്ഷേ, ഇപ്പോഴും സാഹചര്യങ്ങള്‍ക്ക് മാറ്റമില്ല. 'നോ സേഫ്റ്റി, നോ ഡ്യൂട്ടി' എന്നവർ പലവട്ടം മുദ്രാവാക്യം വിളിച്ചിട്ടും പണി മുടക്കിയിട്ടും, ജീവന്‍ രക്ഷിക്കാന്‍ രാപ്പകല്‍ ഉണര്‍ന്നിരിക്കുന്നവരുടെ ജീവിതത്തിന് സംരക്ഷണം ഒരുക്കാന്‍ സംവിധാനങ്ങളായിട്ടില്ല. ആശുപത്രികൾ സുരക്ഷിതമായ തൊഴിലിടങ്ങളാക്കണം എന്നതാണ് എല്ലാ ഡോക്ടർമാരുടെയും അന്നുമിന്നുമുള്ള ആവശ്യം. രാജ്യത്ത് ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കർശനമായ നിയമങ്ങൾ ഒന്നും തന്നെയില്ല. 25 സംസ്ഥാനങ്ങളിൽ ഏതാനും നിയമ പരിരക്ഷകൾ ഉണ്ടെങ്കിലും അവ മരവിച്ച അവസ്ഥയിലാണ്. ഇന്ത്യയിലെ ഡോക്ടർമാരിൽ 30 ശതമാനവും വനിതകളാണ്. നേഴ്സിങ് സ്റ്റാഫുകളിൽ 80 ശതമാനവും. പുരുഷ സഹപ്രവർത്തകരേക്കാൾ അപകടകരമായ അന്തരീക്ഷത്തിലാണ് ഇവർ ജോലി ചെയ്യുന്നത്. 2015ൽ ഐഎംഎ നടത്തിയ സർവ്വേ പ്രകാരം ഇന്ത്യയിലെ 75 ശതമാനം ഡോക്ടർമാർക്കും ജോലിക്കിടയിൽ അക്രമ സംഭവങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. ഇതിനു കാരണം പലയിടത്തും മതിയായ സുരക്ഷ സംവിധാനങ്ങളില്ല എന്നതാണ്. 2020ൽ ആശുപത്രികളിൽ സി സി ടി വി സ്ഥാപിക്കണം എന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നെങ്കിലും പല സംസ്ഥാനങ്ങളിലും ഇത് വെള്ളത്തിൽ വരച്ച വരയാണ്.