ആരോപണം ഉയർന്ന സാഹചര്യത്തിൽ നിരപരാധിത്വം തെളിയിക്കാൻ രഞ്ജിത്തിന് അവകാശമുണ്ട് അത് തെളിയിക്കുന്നത് വരെ രഞ്ജിത്ത് സ്ഥാനത്തുനിന്ന് മാറി നിൽക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു
ഹേമാ കമ്മറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഹേമാ കമ്മറ്റി റിപ്പോർട്ട് 4 വർഷം എന്തിനാണ് സർക്കാർ പൂഴ്ത്തി വച്ചതെന്നും ആരെയാണ് സർക്കാർ സംരക്ഷിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. റിപ്പോർട്ടിലെ പ്രസക്തമായ ഭാഗങ്ങൾ പുറത്തുവന്നിട്ടില്ലെന്നും സമ്പൂർണ റിപ്പോർട്ട് പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും സംശയത്തിൻ്റെ നിഴലിൽ നിൽക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. നിരപരാധികൾ ഒഴിവാകണമെങ്കിൽ റിപ്പോർട്ട് പൂർണ്ണമായും പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. റിപ്പോർട്ട് സംബന്ധിച്ച് സർക്കാർ ഒളിച്ചുകളി നടത്തുന്നു. ഈ സംഭവത്തിൽ അന്വേഷണം നടത്തി കേസ് എടുക്കാൻ സാധിക്കുന്നതാണ്.
കേസെടുക്കുക എന്നത് പൊലീസിൻ്റെ സാമാന്യ ഉത്തരവാദിത്വം ആണെന്നും കേസെടുക്കാതിരിക്കാൻ പൊലീസിന് മേൽ സമ്മർദം ഉണ്ടാവാമെന്നും രമേശ് ചെന്നിത്തല ഓർമപ്പെടുത്തി.
സർക്കാരും സാംസ്കാരിക മന്ത്രിയും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എന്തുകൊണ്ട് ശ്രമിക്കുന്നില്ലെന്നും മന്ത്രിമാർ തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ പറയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം. ആരോപണം ഉയർന്ന സാഹചര്യത്തിൽ നിരപരാധിത്വം തെളിയിക്കാൻ രഞ്ജിത്തിന് അവകാശമുണ്ട് അത് തെളിയിക്കുന്നത് വരെ രഞ്ജിത്ത് സ്ഥാനത്തുനിന്ന് മാറി നിൽക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.