മുഖ്യമന്ത്രിക്ക് എഡിഎമ്മിനെതിരെ പരാതി നല്‍കിയെന്ന വാദം വ്യാജമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിലെ നിർണായ വിവരങ്ങൾ പുറത്ത്. നവീന്‍ ബാബുവിനെതിരായ പരാതി തയ്യാറാക്കിയത് ജീവനൊടുക്കിയ വിവരം അറിഞ്ഞ ശേഷമെന്ന് സൂചന. മുഖ്യമന്ത്രിക്ക് എഡിഎമ്മിനെതിരെ പരാതി നല്‍കിയെന്ന വാദം വ്യാജമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആ പരാതി വിജിലൻസിന് കൈമാറിയെന്നും മാധ്യമങ്ങളെ തെറ്റിധരിപ്പിച്ചു. ഇമെയിൽ വഴി പരാതി കിട്ടിയെന്ന് മാധ്യമങ്ങളെ തെറ്റിധരിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരെന്നും സൂചനയുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരാണ് നവീൻ ബാബുവിനെതിരെ ഇമെയിൽ വഴി പരാതി കിട്ടിയെന്ന് മാധ്യമങ്ങളെ തെറ്റിധരിപ്പിച്ചത്. പരാതി വിജിലൻസിന് കൈമാറിയതായും മാധ്യമങ്ങളെ തെറ്റിധരിപ്പിച്ചു. എന്നാൽ വിജിലൻസ് ആസ്ഥാനത്തേക്ക് ഇതുമായി ബന്ധപ്പെട്ട ഒരു പരാതിയും മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ കൈമാറിയിട്ടില്ല. വിജിലൻസ് നവീന്‍ ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു എന്നതും വസ്തുതാവിരുദ്ധമായ വാദമാണെന്നാണ് ഇതോടെ വ്യക്തമാവുന്നത്.
Also Read: നവീൻ ബാബുവിൻ്റെ മൃതദേഹം ഇന്ന് സംസ്കരിക്കും
എഡിഎമ്മിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് പിഡിഎഫ് കോപ്പി അടക്കം പങ്കുവെച്ചായിരുന്നു പ്രശാന്തൻ വെളിപ്പെടുത്തിയത്. ആദ്യം വാട്സ്ആപ്പ് വഴിയാണ് പരാതി നൽകിയതെന്നായിരുന്നു പ്രശാന്തൻ്റെ വാദം. പിന്നാലെ ഇയാൾ ഇമെയിൽ വഴിയാണ് പരാതി നൽകിയതെന്നും ഇമെയിലിന് മറുപടി കിട്ടിയിട്ടില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെയാണ് സംശയങ്ങൾ ഉടലെടുക്കുന്നത്. എഡിഎമ്മിൻ്റെ ചുമതല വഹിച്ചിരുന്ന നവീൻ ബാബുവെന്നാണ് പരാതിയിൽ സൂചിപ്പിച്ചിരിക്കുന്നത്. ഇക്കാര്യവും നവീൻ ബാബുവിൻ്റെ മരണത്തിന് ശേഷമാണ് പരാതി തയ്യാറാക്കിയതെന്ന് വ്യക്തമാക്കുന്നു.
സാധാരണഗതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു പരാതി ലഭിക്കുകയാണെങ്കിൽ മറുപടിയായി കൃത്യമായ അറിയിപ്പ് ലഭിക്കും. ഒപ്പം പരാതി വിജിലൻസിന് ഉൾപ്പെടെ കൈമാറുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പരാതിക്കാരന് ലഭിക്കും. അതേസമയം, വിജിലൻസ് ആസ്ഥാനത്തോ ഓഫീസിലോ എഡിഎമ്മിനെതിരായ പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.