സന്ധിവേദന, തലവേദന, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് ഉത്തമ ചികിത്സാ രീതിയാണ് സോനയെന്നാണ് അവകാശവാദം.
ഓരോ നാടിനും സ്വന്തമായൊരു സംസ്കാരമുണ്ട്. അവരുടേതായ ആരോഗ്യശീലങ്ങളുണ്ട്. ശൈലികളുമുണ്ട്. കേരളത്തിൽ ആയുർവേദമെന്ന പോലെ, ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ ജനകീയമാകുകയാണ് ഔഷധ ചികിത്സയായ, ബാഷ്പ സ്നാനമെന്ന സോന ചികിത്സാരീതി.
മുഖത്ത് തേൻ, തലയിൽ വെണ്ണ, ശരീര താപനില നിയന്ത്രിക്കാൻ വെയ്ബ മരക്കഷ്ണങ്ങൾ കത്തിച്ചുണ്ടാക്കുന്ന പുകക്ക് മുകളിൽ കസേരയിട്ടുള്ള ഇരുത്തം. അങ്ങനെ മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ചികിത്സ മുഖത്തിനും ശരീരത്തിനും മനസിനും അത്യുത്തമമെന്നാണ് ചികിത്സ തേടിയെത്തിയവർ പറയുന്നത്. നിരവധി ഔഷധ ഗുണങ്ങളുള്ള പൗഡറുകളും ചികിത്സയുടെ ഭാഗമാക്കുന്നുണ്ട്.
ALSO READ: ആരോഗ്യത്തോടെ ജീവിക്കണോ? പിന്തുടരൂ ഈ ജാപ്പനീസ് തന്ത്രങ്ങൾ!
എത്യോപ്യയിലെ നഗരവാസികൾക്കിടയിലാണ് ഈ സൗന്ദര്യചികിത്സക്ക് ആരാധകർ കൂടുന്നത്. ശരീരത്തിലുണ്ടാകുന്ന വേദനകൾ മുതൽ ജനന സമയത്തുണ്ടാകുന്ന ആഘാതങ്ങൾ വരെ ഈ ചികിത്സയിലൂടെ മാറ്റാനാകുമെന്നും അവകാശവാദമുണ്ട്.
സോന ചികിത്സാരീതിയ്ക്ക് ഉപയോഗിക്കുന്ന വെയ്ബ മരക്കഷ്ണങ്ങൾക്ക് ഔഷധ ഗുണമുണ്ടെന്ന് കഴിഞ്ഞ വർഷം പുറത്തുവന്ന പഠനത്തിൽ സ്ഥിരീകരിച്ചിരുന്നു. രോഗപ്രതിരോധശേഷി കുറയുന്നതുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാമെന്ന് പഠനത്തിൽ പറയുന്നുവെങ്കിലും ഈ പുക മനുഷ്യരിൽ എങ്ങനെ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ഇനിയും പഠിക്കേണ്ടതുണ്ട്. സന്ധിവേദന, തലവേദന, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് ഉത്തമ ചികിത്സാ രീതിയാണ് സോനയെന്നാണ് അവകാശവാദം.