fbwpx
"എന്താണ് നിങ്ങളെ ഇവിടെ പിടിച്ചു നിർത്തുന്നത്? മനുഷ്യരല്ലേ... കൂടപ്പിറപ്പുകൾ അല്ലേ... എങ്ങനെയാണ് വിട്ടിട്ട് പോകുക"
logo

ന്യൂസ് ഡെസ്ക്

Last Updated : 03 Aug, 2024 06:32 AM

എന്നിട്ടും നമ്മൾ അതിജീവിക്കും എന്ന് തോന്നുന്നത് നൂറു കണക്കിന് വരുന്ന വളന്റിയർമാരെ കാണുമ്പോഴാണ്.

CHOORALMALA LANDSLIDE

ചൂരൽമല ദുരന്തത്തിന്റെ നടുക്കത്തിലാണ് കേരളം. ഉറ്റവരെയും ഉടയവരെയും തേടിയുള്ള പരക്കം പാച്ചിലും മുറവിളികളും മാത്രമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. എന്നിട്ടും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളനാട്. ഒത്തൊരുമിച്ച്, സകല പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് സമാഹരിക്കുകയാണ് മലയാളികള്‍. അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ നാടിന്റെ അതിര്‍വരമ്പുകളില്ല. എല്ലാത്തിലുമപരി പ്രതീക്ഷകളാണ് എല്ലാവരെയും ഒരുമിച്ച് നിര്‍ത്തുന്നത്. കാരണം തിരക്കിയാല്‍, മനുഷ്യന്‍, മനുഷ്യത്വം, കൂടപ്പിറപ്പുകള്‍...എന്നിങ്ങനെയാകും പലരുടെയും ഉത്തരം. അത്തരത്തിൽ മേപ്പാടി ഗവണ്‍മെന്റ് ഹയർ സെക്കന്‍ഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ അനുഭവം പറയുകയാണ് മാധ്യമ പ്രവർത്തകയായ കെ. കെ. ഷാഹിന. ഫേസ്‍ബുക്കിലാണ് ഷാഹിനയുടെ കുറിപ്പ്.

കെ.കെ ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്

മേപ്പാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ്.
"മോളെ കാണാനില്ല..
മോൻ പോയി..
അച്ഛനും അമ്മയും അടക്കം വീട്ടിലെ പന്ത്രണ്ട് പേരെ കാണാനില്ല. 4 പേരുടെ ബോഡി കിട്ടി, ബാക്കി ഉള്ളവരെ കിട്ടാനുണ്ട്.."
ഇങ്ങനെ ഒക്കെ പറയുന്ന മനുഷ്യരെ കണ്ട് കൊണ്ടിരിക്കുകയാണ്.
പേടിപ്പിക്കുന്ന മരവിപ്പാണ് അവരുടെ മുഖത്തും വാക്കുകളിലും.
കണ്ണീരില്ല, ശബ്ദം ഒന്ന് ഇടറുന്നത് കൂടിയില്ല. മരിച്ചവരെ പോലെയാണ് അവർ സംസാരിക്കുന്നത്. അടുത്തിരിക്കാൻ പേടി ആവും. അവർ നമ്മുടെ മുഖത്തേക്ക് നോക്കിയാൽ നമ്മൾ പതറി പോവും. നട്ടെല്ലിലൂടെ ഒരു വിറയൽ പാഞ്ഞു പോവും.

എന്നിട്ടും നമ്മൾ അതിജീവിക്കും എന്ന് തോന്നുന്നത് നൂറു കണക്കിന് വരുന്ന വളന്റിയർമാരെ കാണുമ്പോഴാണ്. എല്ലാവരും ഉണ്ട് ഇവിടെ. അവരവരുടെ സംഘടനയുടെ പേര് പതിപ്പിച്ച ഉടുപ്പുകൾ ഇട്ട്, പല നിറങ്ങൾ ഉള്ള റെയിൻ കോട്ടുകൾ ധരിച്ച്, കഴിഞ്ഞ മൂന്ന് ദിവസമായി മഴയത്ത് തന്നെ നിൽക്കുന്ന മനുഷ്യർ.

സോഷ്യൽ മീഡിയയിലും പുറത്തും ആജന്മ രാഷ്ട്രീയ ശത്രുക്കളായവർ ഒന്നിച്ചു കൈ കോർത്തു പിടിച്ചു ആംബുലൻസുകൾക്ക് വഴി ഒരുക്കുന്നു. ഇൻക്വസ്റ്റ് കഴിഞ്ഞ ശരീരങ്ങൾ കഴുകി വൃത്തിയാക്കുന്നു. ബന്ധുക്കൾ തിരിച്ചറിയുന്നവ അവരവരുടെ മതാചാര പ്രകാരം സംസ്കരിക്കാൻ വളന്റിയർമാരുടെ വലിയ സംഘങ്ങൾ എല്ലായിടത്തുമുണ്ട്.  ഡി വൈ എഫ് ഐ, എ ഐ വൈ എഫ്, യൂത്ത് കോൺഗ്രസ്‌, സേവാ ഭാരതി, വെൽഫയർ പാർട്ടി, എസ് കെ എസ് എസ് എഫ്, എസ് വൈ എസ് , പി ഡി പി.. മറ്റനേകം രാഷ്ട്രീയേതരസന്നദ്ധ സംഘടനകൾ.


ALSO READ: ഇത്ര ഭയാനകമായ ദുരന്തം കേരളം മുമ്പ് നേരിട്ടിട്ടില്ല; ദുരന്ത ബാധിതർക്ക് കോൺഗ്രസ് 100 വീടുകൾ നിർമിച്ചുനൽകും: രാഹുൽ ഗാന്ധി


ഒരാള് പോലും ഭക്ഷണം കഴിക്കാതിരിക്കുന്നില്ല എന്ന്, എല്ലാവരും പ്രതിരോധ ഗുളികകൾ കഴിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുന്ന നിരവധി നിരവധി വോളന്റിയർമാർ.
മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാണ് മൃതശരീരങ്ങൾ കൊണ്ട് വരുന്നത്. ശരീരം എന്ന് പൂർണമായും പറയാൻ പറ്റുന്ന അവസ്ഥയിൽ കിട്ടുന്നത് തന്നെ ഒരു ഭാഗ്യമായി കരുതുന്ന, കണ്ണുകളിൽ നിർവികാരത നിറച്ച മനുഷ്യരുടെ അവസാനിക്കാത്ത കാത്ത് നിൽപ്പ്. ഫോർമാലിന്റെ മണം.


കഴിഞ്ഞ മൂന്ന് ദിവസമായി നിന്ന നിൽപ്പ് നിന്നിട്ടും നൂറു കണക്കിന് മൃതദേഹങ്ങൾ ചുമന്നിട്ടും വൃത്തിയാക്കിയിട്ടും, ഉറ്റവരെ തിരിച്ചറിയുമ്പോൾ കുഴഞ്ഞു വീഴുന്ന മനുഷ്യരെ താങ്ങിയിട്ടും വോളന്റിയർമാർക്ക് പതറി പോകുന്നുണ്ട്. കണ്ണ് നിറയുന്നുണ്ട്. കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ ഏറ്റു വാങ്ങുമ്പോഴാണ് മനസ്സ് കൈ വിട്ട് പോകുന്നത് എന്ന് പറഞ്ഞവർ നിരവധിയാണ്.
ഉരുൾ പൊട്ടൽ തകർത്തെറിഞ്ഞ ഒരു വീട്ടിൽ തിരച്ചിലിന് പോയ ഒരു സന്നദ്ധ പ്രവർത്തകൻ കണ്ടത് ട്രോഫികളും സർട്ടിഫിക്കറ്റുകളുമാണ്. ഒരു പെൺകുട്ടിയുടേതാണ്. പഠിത്തതിന്, ഡാൻസിന്, പാട്ടിന് ഒക്കെ കിട്ടിയ മെഡലുകൾ, സമ്മാനങ്ങൾ.


അവളെ എനിക്ക് അറിയില്ല, പക്ഷേ മിടുക്കി ആയിരുന്നു എന്ന് പറഞ്ഞപ്പോൾ മുഴുമിപ്പിക്കാൻ ആവാതെ വാക്കുകൾ മുറിഞ്ഞു പോയ ഒരു മനുഷ്യൻ.
ഒരു കുഞ്ഞിനെ, കാലിലെ മൈലാഞ്ചി കണ്ട് ബന്ധുക്കൾ തിരിച്ചറിഞ്ഞതിനെ കുറിച്ച് പറഞ്ഞപ്പോൾ, കണ്ണ് നിറഞ്ഞത് ഒളിപ്പിക്കാൻ മുഖം തിരിച്ച മറ്റൊരാൾ.

പരിക്ക് പറ്റിയ ഒരാളെ ആശുപത്രിയിൽ എത്തിച്ചപ്പോൾ നിങ്ങൾ ആരാണ്, എവിടെ നിന്നാണ് എന്ന് ചോദിച്ച ഒരു മനുഷ്യൻ. എറണാകുളത്ത് നിന്നുള്ള ഒരു വോളന്റിയരുടെ അനുഭവമാണ്.

എറണാകുളത്ത് നിന്ന് വന്നതാണ് എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു അയാൾ കെട്ടിപ്പിടിച്ചു. ഇത്രയും ദൂരെ നിന്ന് വന്നല്ലോ എന്ന് കരഞ്ഞു.
മനസ്സ് കൈ വിട്ട് പോകുമ്പോഴും ഈ മനുഷ്യർ ഒക്കെ അവിടെ തന്നെ നിൽക്കുകയാണ് . എന്താണ് നിങ്ങളെ ഇവിടെ പിടിച്ചു നിർത്തുന്നത്? ചോദിച്ചവർക്ക് ഒക്കെയും ഏതാണ്ട് ഒരേ ഉത്തരമാണ്. മനുഷ്യരല്ലേ എന്ന്. കൂടപ്പിറപ്പുകൾ അല്ലേ എന്ന്. എങ്ങനെയാണ് വിട്ടിട്ട് പോകുക എന്ന്. വയനാട്ടുകാരായ വളന്റിയർമാർക്ക് മറ്റൊരു ഉത്തരം കൂടിയുണ്ട്. നാളെ ഞങ്ങൾ ആവാം, അപ്പോൾ ആരെങ്കിലും ഒക്കെ വേണ്ടേ എന്ന്..

രാഷ്ട്രീയം മാറ്റി വെക്കുക എന്ന് പറഞ്ഞാൽ തങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന്റെ കൊടി അടയാളങ്ങൾ മാറ്റി വെക്കുക എന്നല്ല ഇവർക്ക് അർത്ഥം. അത് ഉയർത്തിപ്പിടിച്ചു കൊണ്ട് തന്നെ, അഭിപ്രായ വ്യത്യാസങ്ങൾ നില നിർത്തി കൊണ്ട് തന്നെയാണ് അവർ ഒന്നിച്ചു കൈകൾ കോർത്തു പിടിച്ചു മനുഷ്യ മതിൽ ഉണ്ടാക്കി ആംബുലൻസുകൾക്ക് വഴി ഒരുക്കുന്നത്. തങ്ങൾ എല്ലാം മറന്നു എന്ന അരാഷ്ട്രീയവാദമൊന്നും അവർക്കില്ല. മറിച്ച്, ഇത് ഒന്നിച്ചു നിൽക്കേണ്ട സന്ദർഭമാണ് എന്നാണ്. രാഷ്ട്രീയ ഭേദമെന്യേ മിക്കവരും സർക്കാരിന്റെ സാമൂഹ്യ സന്നദ്ധ സേനയിൽ അംഗങ്ങളുമാണ്.

അസാധാരണമായ ഈ കേരള മാതൃകയെ കുറിച്ച് മലയാളം അറിയാത്ത മനുഷ്യരെ പറഞ്ഞു മനസ്സിലാക്കാൻ ഒരു ശ്രമം നടത്തിയിട്ടുണ്ട്.


ALSO READ : ചൂരൽമല ദുരന്തം: മണ്ണിനടിയിൽ ജീവൻ്റെ സാന്നിധ്യം; റഡാറിൽ സിഗ്നൽ കണ്ടെത്തി

Also Read
user
Share This

Popular

KERALA
NATIONAL
അവള്‍ക്കൊപ്പം; ഹണിറോസിന് പിന്തുണയുമായി ഡബ്ല്യുസിസി