ക്രൗഡ് സ്‌ട്രൈക്ക് മേധാവിയായ ഡാനിയെല്‍ ബെര്‍നാര്‍ഡിൻ്റെ പേരിലാണ് ഇ-മെയിലുകൾ എത്തിയത്
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മൈക്രോസോഫ്റ്റ് വിൻഡോസ് ഉപഭോക്താക്കളെ വലച്ച് കഴിഞ്ഞയാഴ്ച കംപ്യൂട്ടറുകൾ പണിമുടക്കിയതിൽ ഖേദമറിയിച്ച് ക്ലൗഡ് സ്ട്രൈക്ക്. ഇതോടൊപ്പം കരാറുകാര്‍ക്ക് 10 ഡോളറിൻ്റെ ഊബര്‍ ഈറ്റ്‌സ് ഗിഫ്റ്റ് കാര്‍ഡുകളും ക്രൗഡ് സ്‌ട്രൈക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. സാങ്കേതിക തടസത്തിൽ ക്ഷമാപണം നടത്തിയ ക്രൗഡ് സ്‌ട്രൈക്ക്, പങ്കാളികളായ സ്ഥാപനങ്ങളെ ഇ-മെയില്‍ മുഖേനയും ബന്ധപ്പെട്ടിരുന്നു. ക്രൗഡ് സ്‌ട്രൈക്ക് മേധാവിയായ ഡാനിയെല്‍ ബെര്‍നാര്‍ഡിന്റെ പേരിലാണ് മെയിലുകളെത്തിയത്. ഇതോടൊപ്പം, ഊബര്‍ ഈറ്റ്‌സിൻ്റെ 10 ഡോളറിന്റെ വൗച്ചറും കമ്പനി നല്‍കുകയായിരുന്നു.
'ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്' (BSOD) എന്ന ബഗ് കാരണം, ലോകത്തെമ്പാടുമുള്ള നിരവധി കമ്പനികളാണ് ജൂലൈ 19ന് രാവിലെ മുതൽ വലിയ ബുദ്ധിമുട്ട് അനുഭവിച്ചത്. അമേരിക്ക തൊട്ട് ഓസ്ട്രേലിയ വരെയുള്ള മുഴുവൻ ലോക രാജ്യങ്ങളിലേയും സർക്കാർ സ്ഥാപനങ്ങളും, ബാങ്കുകളും, സ്വകാര്യ വിമാന കമ്പനികളും മണിക്കൂറൂകളോളം കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്.
ALSO READ: കംപ്യൂട്ടർ സ്ക്രീനുകൾ നീലയണിഞ്ഞോ? എന്താണ് 'ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്'?
യുഎസിലെ ഓസ്റ്റിൻ ആസ്ഥാനമായുള്ള അമേരിക്കൻ സൈബർ സുരക്ഷാ സാങ്കേതിക കമ്പനിയാണ് 'ക്രൗഡ് സ്ട്രൈക്ക് ഹോൾഡിംഗ്സ് ഇൻകോർപറേറ്റ്സ്'. സൈബർ സെക്യൂരിറ്റി മേഖലയിൽ സൈബർ ആക്രമണം, ഇൻ്റലിജൻസ് ഭീഷണി, പെനെട്രേഷൻ വർക്ക്‌ലോഡ്, എൻഡ് പോയിൻ്റ് സുരക്ഷ എന്നിവ സംബന്ധിച്ച സേവനങ്ങൾ നൽകുന്ന കമ്പനിയാണിത്. ഇവരുടെ ആൻ്റി വൈറസ് അപ്ഡേഷനിൽ സംഭവിച്ച ടെക്നിക്കൽ വീഴ്ചയാണ് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളെ ബുദ്ധിമുട്ടിച്ചത്.