ആദ്യ ഘട്ടത്തില്‍ ആരോപണം ഉന്നയിച്ചവരുടെ മൊഴി രേഖപ്പെടുത്തും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമാ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും. മുഖ്യമന്ത്രി ഡിജിപിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
ആദ്യ ഘട്ടത്തില്‍ ആരോപണം ഉന്നയിച്ചവരുടെ മൊഴി രേഖപ്പെടുത്തും. ഇവര്‍ പരാതി ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കേസെടുത്ത് അന്വേഷണം നടത്തും. ഐജി ശ്രീ. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണസംഘത്തേയാണ് നിയോഗിച്ചത്. ക്രൈംബ്രാഞ്ച് എഡിജിപി ശ്രീ. എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും.
Also Read: 'ലോകത്ത് നടക്കുന്ന ഏത് അനീതിയും ആഴത്തില്‍ തിരിച്ചറിയാൻ പ്രാപ്തരാകുക'; ചെഗുവേരയെ ഉദ്ധരിച്ച് ഭാവന
ഡിഐജി എസ്. അജീത ബീഗം, ക്രൈംബ്രാഞ്ച് എസ്.പി മെറിന്‍ ജോസഫ്, കോസ്റ്റല്‍ പൊലീസ് എഐജി ജി.പൂങ്കുഴലി, കേരള പൊലീസ് അക്കാദമി അസി.ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്റെ, ലോ&ഓര്‍ഡര്‍ എഐജി അജിത്ത് .വി, എസ്.പി ക്രൈംബ്രാഞ്ച് എസ്. മധുസൂദനന്‍ എന്നിവരുള്‍പ്പെട്ട സംഘത്തെയാണ് നിയോഗിച്ചത്.
രേവതി സമ്പത്തിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദീഖ് രാജിവെച്ചിരുന്നു. സിദ്ദീഖ് ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന ആരോപണം കഴിഞ്ഞ ദിവസവും നടി ആവര്‍ത്തിച്ചിരുന്നു. സമാനമായ അനുഭവം പല സുഹൃത്തുക്കള്‍ക്കും ഉണ്ടായതായി നടി പറഞ്ഞിരുന്നു. 2019 ലാണ് നടി ഇക്കാര്യം ആദ്യമായി വെളുപ്പെടുത്തിയത്. പിന്നാലെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയായിരുന്നു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളുപ്പെടുത്തലിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം സംവിധായകന്‍ രഞ്ജിത്തും ഒഴിയേണ്ടി വന്നിരുന്നു.