ബംഗളൂരു, ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നാണ് സർവ്വീസ്
പ്രതീകാത്മക ചിത്രം
ഓണം പ്രമാണിച്ച് കേരളത്തിൽ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ അനുവദിച്ചു. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് സർവീസ്. അവധിക്കാലത്തെ തിരക്ക് നിയന്ത്രിക്കാനും, അയൽ സംസ്ഥാനങ്ങളിലുള്ള മലയാളികളുടെ യാത്രാദുരിതം അവസാനിപ്പിക്കാനുമാണ് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ആരംഭിച്ചത്.
ബംഗളൂരു എസ്എംവിടി–കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ ഇന്നലെ മുതൽ സർവീസ് ആരംഭിച്ചു. 20, 22 , 25 , 27 , 29 , അടുത്തമാസം ഒന്ന്, മൂന്ന്, അഞ്ച്, എട്ട്, 10, 12, 15, 17 തീയതികളിലാണ് ബംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കുള്ള ട്രെയിൻ സർവീസ് നടത്തുന്നത്. 16 എസി ത്രീ ടയർ ഇക്കോണമി കോച്ചുകളും രണ്ട് ലെഗേജ്- ജനറേറ്റർ- ബ്രേക്ക് വാനുകളുമടങ്ങുന്നതാണ് ട്രെയിൻ. എന്നാൽ ഇതിൽ സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകളില്ല.
ALSO READ: കഴക്കൂട്ടത്തു നിന്ന് കാണാതായ 13 കാരി കന്യാകുമാരിയില്‍? കുട്ടിയെ കണ്ടതായി ദൃക്‌സാക്ഷി
രാത്രി ഒൻപത് മണിക്കാണ് ബംഗളൂരുവിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ പുറപ്പെടുക. അടുത്ത ദിവസം ഉച്ചയ്ക്ക് 2:15ന് കൊച്ചുവേളിയിൽ എത്തുന്ന രീതിയിലാണ് സർവീസ്. 23 , 26 , 28 , 30 , അടുത്ത മാസം രണ്ട് , നാല് , ആറ് , ഒൻപത് , 11 , 13 , 16 , 18 തീയതികളിലാണ് കൊച്ചുവേളിയിൽ നിന്നുള്ള ട്രെയിനിന്റെ മടക്കയാത്ര. വൈകിട്ട് അഞ്ച് മണിയ്ക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം രാവിലെ 10:30ന് ബംഗളൂരുവിലെത്തും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിലായി 11 സ്റ്റോപ്പുകളാണ് സ്പെഷ്യൽ ട്രെയിനിന് കേരളത്തിലുള്ളത്. സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ ജംഗ്ഷൻ എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടാകും.
ALSO READ: സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴ; 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
അതേസമയം അയൽ സംസ്ഥാനങ്ങളിലുള്ള മലയാളികളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണാൻ ഇത്തവണ കെഎസ്ആർടിസിയും കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും ബംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് സർവീസ്.