ഇതുവരെ ഫസ്റ്റ് ലേഡിമാർ മാത്രമുണ്ടായിരുന്ന അമേരിക്കയിൽ അങ്ങനെ ആദ്യമായി ഒരു ഫസ്റ്റ് ജന്‍റിൽമാൻ ഉണ്ടാകാനുള്ള സാധ്യതയാണ് ഇപ്പോൾ തെളിയുന്നത്
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ കമലാ ഹാരിസ് ആദ്യ വനിത പ്രസിഡൻ്റാകും. എന്നാൽ, അതോടൊപ്പം തന്നെ ഫസ്റ്റ് ജെൻ്റിൽമാനാകും കമലാ ഹാരിസിൻ്റെ പങ്കാളി ഡൗഗ്ലസ് എംഹോഫ്. ഇതുവരെ ഫസ്റ്റ് ലേഡിമാർ മാത്രമുണ്ടായിരുന്ന അമേരിക്കയിൽ അങ്ങനെ ആദ്യമായി ഒരു ഫസ്റ്റ് ജന്‍റിൽമാൻ ഉണ്ടാകാനുള്ള സാധ്യതയാണ് ഇപ്പോൾ തെളിയുന്നത്.
പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിൻമാറുകയാണെന്ന് അറിഞ്ഞ നിമിഷം കമല ആദ്യം വിളിക്കുന്നത് പങ്കാളി ഡൗഗ്ലസ് എംഹോഫിൻ്റെ നമ്പറിലേയ്ക്കാണ്. 3200 കിലോമീറ്റർ അകലെ ലോസ് ആഞ്ചലസിൽ സുഹൃത്തുക്കൾക്കൊപ്പം സമയം പങ്കിടാൻ പോയ എംഹോഫിനെ പക്ഷേ കമലയ്ക്ക് ഫോണിൽ ലഭിച്ചില്ല. സുഹൃത്തുക്കളിൽ നിന്നും വാർത്ത അറിഞ്ഞ എംഹോഫ് തിരിച്ചുവിളിക്കുമ്പോൾ കമലയുടെ ആദ്യ പ്രതികരണം അത്ര ഇഷ്ടത്തോടുള്ളതായിരുന്നില്ല. ഐ നീഡ് യു എന്ന കമലയുടെ പ്രതികരണത്തിൽ കിലോമീറ്ററുകൾ താണ്ടി എംഹോഫ് കമലയ്ക്കരികിലെത്തി.
READ MORE: ഗാസ വെടിനിർത്തലിൽ വീണ്ടും ഇടപെടാൻ അമേരിക്ക; ബൈഡൻ നെതന്യാഹുമായി ചർച്ച നടത്തും
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി വിജയിച്ചാൽ രാജ്യത്തിന് ലഭിക്കുന്ന ആദ്യ വനിത പ്രസിഡൻ്റാകും കമലാ ഹാരിസ്. വർഷങ്ങളായി ഫസ്റ്റ് ലേഡികളുള്ള ഈ സംവിധാനത്തിൽ ആദ്യ ഫസ്റ്റ് ജെൻ്റിൽമാനാകും ഡൗഗ്ലസ് എംഹോഫ്. ലോസ് ആഞ്ചലസിൽ എൻ്റർടെയ്മെൻ്റ് വക്കീലായി പ്രവർത്തിച്ച ഡൗഗ്ലസ്, കമലാ ഹാരിസിൻ്റെ രാഷ്ട്രീയ പ്രവേശനത്തിലൂടെയാണ് ജനശ്രദ്ധയിൽ വരുന്നത്. 59കാരനായ എംഹോഫ് ന്യൂയോർക്കിലെ ബ്രൂക്ക്ലിനിലാണ് ജനിച്ചത്. എൻ്റർടെയ്മെൻ്റ് അഭിഭാഷകനായി 30 വർഷം ലോസ് ആഞ്ചലസിൽ ജോലി ചെയ്തു.
2013ലാണ് കമലാ ഹാരിസും ഡൗഗ്ലസ് എംഹോഫും പരിചയപ്പെടുന്നത്. ആദ്യ വിവാഹം പരാജയപ്പെട്ടതിന് ശേഷം ജോലിയിൽ ശ്രദ്ധയൂന്നിയ സമയത്ത് അവിചാരിതമായാണ് കമലയുടെ നമ്പർ ഡൗഗ്ലസിന് ലഭിക്കുന്നത്. കേസുമായി വന്ന കക്ഷിയാണ് കമലയുടെ നമ്പർ നൽകുന്നത്. അങ്ങനെയാണ് പരിചയപ്പെടുന്നതും പിന്നീട് വിവാഹത്തിലേക്ക് നീങ്ങുന്നതും. ഡൗഗ്ലസിൻ്റെ ആദ്യ വിവാഹത്തിലെ മക്കളെ സ്വന്തമായി കാണുന്ന കമലയ്ക്ക്, ആദ്യ ഭാര്യ കെർസ്റ്റിൻ നല്ല സുഹൃത്തുമാണ്.
2016ൽ സെനറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും, പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ 2019ലെ പ്രചാരണത്തിൻ്റെ ആദ്യ ഘട്ടത്തിലും, പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലും എല്ലാം കമലയ്ക്ക് പിന്തുണയുമായി ഡൗഗ്ലസ് പിന്നിലുണ്ടായി. ലോസ് ആഞ്ചലസിൽ നിന്നും വാഷിങ്ടൺ ഡിസിയിലേക്ക് മാറിയതോടെ അഭിഭാഷക ജോലി ഉപേക്ഷിച്ച് അധ്യാപനത്തിലേയ്ക്ക് തിരിഞ്ഞു. ജോർജ് ടൗൺ ലോ സ്കൂളിൽ അധ്യാപകനാണ് ഇപ്പോൾ ഡൗഗ്ലസ്.
ആദ്യ വിവാഹത്തിൽ എംഹോഫ് പങ്കാളിയെ വഞ്ചിച്ചെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ ഈ ആരോപണങ്ങളെ തള്ളിക്കൊണ്ട് ആദ്യ ഭാര്യ തന്നെ രംഗത്തെത്തിയതോടെ ആരോപണങ്ങളുടെ മുനയൊടിയുകയായിരുന്നു. ആദ്യവിവാഹത്തിലെ മക്കളായ എലയുടെയും കോളിൻ്റെയും പേരിൻ്റെ ആദ്യാക്ഷരങ്ങൾ കൈയിൽ ടാറ്റു ചെയ്തിട്ടുണ്ട് ഡൗഗ്ലസ്. ജീവിതത്തിൽ പ്രധാനപ്പെട്ടതെന്തെന്ന് ഓർമപ്പെടുന്നതാണ് ഈ ടാറ്റൂകൾ എന്നാണ് ഇതേക്കുറിച്ച് ഡൗഗ്ലസിൻ്റെ പ്രതികരണം.
READ MORE: രാജ്യാന്തര എണ്ണവിലയില്‍ വീണ്ടും ഇടിവ്;വീപ്പയ്ക്ക് 80 ഡോളറിന് താഴെ