
പാരിസിൻ്റെ ഹൃദയം കവർന്ന് ഒരുപിടി സൂപ്പർ താരങ്ങളാണ് മടങ്ങുന്നത്. സിമോൺ ബൈൽസിൻ്റെ തിരിച്ചുവരവും നൊവാക് ജോക്കോവിച്ചിൻ്റെ ഗോൾഡൻ സ്ലാമും ജാവലിനിലടക്കമുള്ള റെക്കോർഡ് പ്രകടനങ്ങളും കാണികളുടെ മനം കവർന്നു. പാരിസിൽ തൻ്റെ തിരിച്ച് വരവ് സിമോൺ ബൈൽസ് ആഘോഷമാക്കി . അമേരിക്കൻ ജിംനാസ്റ്റ് സിമോൺ പാരിസിൽ നിന്നുമാത്രം മൂന്ന് സ്വർണവും ഒരു വെള്ളിയുമുൾപ്പടെ നാല് മെഡലുകൾ നേടിയാണ് മടങ്ങുന്നത്. ഹെപ്റ്റാത്തലോണിൽ അപൂർവ നേട്ടവുമായി നാഫി തിയം. ഏഴിനങ്ങൾ കോർത്തിണക്കിയ മത്സരത്തിൽ തുടർച്ചയായി മൂന്ന് ഒളിംപിക് സ്വർണങ്ങളാണ് താരം നേടിയത്.
ഒളിംപിക്സ് ടെന്നിസിൽ സ്വർണം നേടി ഗോൾഡൻ സ്ലാം പൂർത്തിയാക്കി നൊവാക് ജോക്കോവിച്ച് പാരിസിൽ കരുത്ത് കാട്ടിയിരുന്നു. നാനൂറ് മീറ്റർ ഹർഡിൽസിൽ ലോകചാമ്പ്യന്മാരെ ഞെട്ടിച്ച് റായ് ബെഞ്ചമിൻ, ഒളിംപിക് റെക്കോഡ് ജേതാവിനെ കാഴ്ചക്കാരനാക്കി സ്വർണത്തിലേക്ക് ഓടിക്കയറി. ഒളിംപിക്സ് ചരിത്രത്തെ തന്നെ മലർത്തിയടിച്ച് മിജൈൻ ലോപ്പസ് ഇതിഹാസമായി. ഒളിംപിക്സിൽ ഒരിനത്തിൽ അഞ്ച് സ്വർണം നേടുന്ന ഏക താരം എന്ന ബഹുമതിയോടെ ലോപ്പസ് പാരിസിനോട് വിട പറയും. സ്വത്വത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിലും ഇടിക്കൂട്ടിൽ സ്വർണം നേടിയാണ് ഇമാനെ ഖാലിഫ് മടങ്ങുന്നത്.
ALSO READ: പാരിസ് ഒളിംപിക്‌സ് ജേതാക്കളായി അമേരിക്ക
പോൾ വാൾട്ടിൽ അസാധ്യമായത് സാധ്യമാക്കിയാണ് അർമാൻഡ് ഡുപ്ലന്റീസ് പാരീസ് വിടുന്നത്.6.25 മീറ്റർ മറികടന്നാണ് മോണ്ടോ ചരിത്രമെഴുതിയത്. പാരിസ് ഒളിംപിക്സിൽ അർഷാദ് നദീം ഒറ്റയേറിൽ എല്ലാവരുടെയും മനം കവർന്ന് ഒളിംപിക് റെക്കോഡുമായി മടങ്ങും. ട്രാക്ക് ആൻഡ് ഫീൽഡിൽ പാകിസ്താൻ്റെ ആദ്യ സ്വർണവുമായാണ് അർഷാദ് നദീം പാരിസ് വിടുന്നത്.
ഒരു ഒളിംപിക്സ് രണ്ടു മെഡൽ നേടുന്ന ഇന്ത്യൻ താരം എന്ന നേട്ടത്തോടെ ഇന്ത്യയുടെ അഭിമാനം മനു ഭാക്കർ പാരിസിനെ അടയാളപ്പെടുത്തും. അത്‌ലറ്റിക്‌സിൽ ഇന്ത്യൻ ഐക്കണായി നീരജ് ചോപ്രയും മാറി. തുടർച്ചയായി രണ്ടാം ഒളിംപിക്സിലും മെഡൽ നേടി കൊണ്ട് നീരജ് ചോപ്ര ഇന്ത്യയുടെ അഭിമാനം ഉയർത്തി.
ഹോക്കിയിൽ പ്രൗഢിയിലേക്ക് മടങ്ങിയെത്തുകയാണ് ഇന്ത്യൻ ടീം. ഒളിംപിക്സിൽ തുടർച്ചയായി രണ്ടാം മെഡൽ. പി ആർ ശ്രീജേഷിൻ്റെ പ്രകടനം മലയാളികൾക്ക് ഇരട്ടി മധുരം നൽകി
അരങ്ങേറ്റത്തിൽ മെഡൽ സ്വന്തമാക്കി അമൻ സെഹ്‌റാവത് ഗുസ്തിയിൽ തിളങ്ങി. ഇതുവരെ തോൽവിയറിയാത്ത ലോക ഗുസ്തി താരം സുസാക്കിയെ തോല്പിച്ച് സെമിയിലെത്തി വിനേഷ് ഫോഗട്ട്, വെള്ളിമെഡലിനായി ഇപ്പോഴും കാത്തിരിക്കുന്നു. ലോകത്തിൻ്റെ വേഗരാജാവിനെ അറിയാനുള്ള മത്സരത്തിൽ ഫോട്ടോ ഫിനിഷ്. സെക്കൻഡിൻ്റെ അയ്യായിരത്തിൽ ഒരംശത്തിൽ അമേരിക്കൻ സ്പ്രിൻ്റർ നോഹ ലൈൽസിന് സ്വർണം. വേഗരാഞ്ജി പട്ടം സ്വന്തമാക്കി സൈന്റ്റ് ല്യൂഷൻ താരം ജൂലിയൻ ആൽഫ്രഡ് രാജ്യത്തിനായി സ്വർണം നേടി. 200 മീറ്റർ വിജയ പോഡിയത്തിലേക്കും ജൂലിയൻ ഓടിക്കയറി.
ഒളിംപിക്സ് ഫുട്ബോളിൽ സ്പെയിൻ കുതിച്ചു കയറി. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം സ്പെയിൻ സ്വർണ്ണം നേടി. വിജയേതിഹാസങ്ങൾ മാത്രമല്ല നേട്ടം കൊയ്യാനാകാതെ മടങ്ങുന്നവരും സെൻ നദിക്കരയിലുണ്ട്. ലോക സ്പ്രിൻ്റ് ട്രാക്കിലെ ഇതിഹാസം ഷെല്ല്യ ആൺ ഫ്രേസർ സെൻ നദിക്കരയിൽ നിന്നും വിട ചൊല്ലുമ്പോൾ ഒരൊറ്റ മെഡലും നേടാനായിട്ടില്ല. അമ്മയായതിനുശേഷമുള്ള മടങ്ങി വരവിൽ ഷെല്ലിക്ക് നിരാശയായിരുന്നു ഫലം.
ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം മാർത്ത സ്വർണം പ്രതീക്ഷിച്ച് ഇറങ്ങിയെങ്കിലും വെള്ളിയിൽ ഒതുങ്ങി. ടെന്നിസിൽ റാഫേൽ നദാലിനും പിഴച്ചു. കളിമൺ കോർട്ടിലെ പോരാട്ടത്തിൽ മെഡലില്ലാതെ മടക്കം. ഹൈജംപിൽ ടോക്കിയോയിൽ മെഡൽ പങ്കിട്ട ബർഷിം വെങ്കലമെഡൽ ശോഭയിലാണ് ഇക്കുറി മടങ്ങുന്നത്. പരിക്കിനെത്തുടർന്ന് സ്പാനിഷ് താരം കരോലിന മാരിൻ മത്സരത്തിൽ നിന്നും പിന്മാറിയതും, ഗുസ്തിയിൽ പരിക്കിനെത്തുടർന്ന് നിഷ ദഹിയ ജയിച്ച മത്സരം കൈവിട്ടതും ഈ ഒളിംപിക്‌സിൻ്റെ നഷ്ടങ്ങളിൽ ഇടം പിടിച്ചു. പുതിയ ഇതിഹാസങ്ങളും റെക്കോഡുകളുമായി ഒളിംപിക്സ് പതാക നാലുവർഷങ്ങൾക്കപ്പുറം ലോസ് എയ്ഞ്ചലസിൽ ഉയരും.